ജയജയ വീര നായകാ സാദരം വന്ദേ

രാഗം: 

കാംബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

ദൂതൻ

ജയജയ! വീര! നായകാ! സാദരം വന്ദേ

ജയജയ! വീര! നായകാ!

തിമര്‍ത്ത മദമൊടെ കയര്‍ത്തുവ-

ന്നെതിര്‍ത്ത രിപുകുലഗജങ്ങളെ

തകര്‍ത്തു മസ്തകമഹോ! ഭവാൻ

അമര്‍ത്തുമെന്നതു സുനിശ്ചയം!

നിന്നുടെ ആജ്ഞ വഹിച്ചേൻ – രാജ്യമെമ്പാടും

നന്നായ്‌ തിരഞ്ഞു നടന്നേൻ

ഒന്നായ്‌ ജനങ്ങൾ ചൊല്ലീടും – വാക്കുകൾ കേട്ടാൽ

നന്നേ കൌതുകം എത്രയും (പാര്‍ക്കുകിലിന്നു???)

ഒരുത്തനൊടവനഞ്ചപ്പം വാങ്ങീ

കരത്തിലഥ വിശപ്പകറ്റുവാൻ

പകുത്തുപോലതു പരസ്സഹസ്രം 

പൊറുത്തുപോൽ ക്ഷുത്തതൊന്നിനാൽ!

പെണ്ണൊരുത്തിയെച്ചെന്നവൻ കയ്യാലെ തൊട്ടൂ

നണ്ണീലാ തെല്ലും ലജ്ജാവഹമായ്‌!

രക്തം പോയ്‌ മൃത്യുശയ്യയിൽ – അവന്റെ കര-

സ്പര്‍ശത്താൽ സൗഖ്യം നേടീപോൽ. (അത്ഭുതമിതും!)

മുടന്തനൊരുവനെ നടത്തിപോൽ – ജലം

വീഞ്ഞാക്കിമാറ്റി ദാഹമകറ്റിപോൽ

അന്ധന്നരികിൽ സ്വയമണഞ്ഞുപോൽ – അവ-

ന്നന്ധതയകറ്റി മുദമിയറ്റിപോൽ.

ആരെന്നതറിഞ്ഞീല ഞാൻ – എന്നിരിക്കിലും

നേരോതാം ഒരുത്തൻ അവരിൽ

ലോഭിയായുണ്ടു പാര്‍ക്കുകിൽ – അവനെ ഉടനെ

വശത്താക്കുകിൽ നേടാം കാര്യമൊടുവിൽ.

വരുത്തിയൊരുകുറിയുരയ്ക്കണം

തരത്തിലവനെയും മെരുക്കണം

കരുത്തനാം നീ കൊടുക്കണം പണം

കരത്തിലങ്ങനെയൊതുക്കണം.

അരങ്ങുസവിശേഷതകൾ: 

അമര്‍ത്തുമെന്നതു സുനിശ്ചയം! എന്ന് പറയുമ്പോൾ, പിലാത്തോസ്‌: വാ! എന്റെ രാജ്യത്തു വന്ന് ക്ഷുദ്രം നടത്താൻ വന്ന നീചൻ ആരെന്ന്‌ അറിഞ്ഞുവോ? ദൂതൻ: അന്വേഷണ ചരിത്രം അറിയിക്കാം

പൊറുത്തുപോൽ ക്ഷുത്തതൊന്നിനാൽ! എന്ന് പറയുമ്പോൾ, പിലാത്തോസ്‌: വാ! ഇരട്ടിപ്പുവിദ്യ കാട്ടി ആ ദുഷ്ടൻ എന്റെ പാവം പ്രജകളെ കബളിപ്പിക്കുന്നുവോ? അതിനുള്ള ശിക്ഷ ഉടൻ തന്നെ ഞാനവനു കൊടുക്കുന്നുണ്ട്‌. അവന്റെ ഹീനപരാക്രമങ്ങൾ തീര്‍ന്നുവോ? ദൂതൻ: ഇല്ല, പറയാം. വഴിപോലെ കേട്ടാലും

അന്ധതയകറ്റി മുദമിയറ്റിപോൽ എന്ന് പറയുമ്പോൾ, പിലാത്തോസ്‌: വാ! ഞാൻ തലമുറകളായി ഊട്ടിഉറപ്പിച്ചു പാലിച്ചുപോന്ന നിയമങ്ങൾ പിഴുതുമാറ്റി പുതിയ നിയമങ്ങൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ദുഷ്ടൻ ആര്? വേഗം പറഞ്ഞാലും. ദൂതൻ: അറിഞ്ഞത്‌ പറയാം. കേട്ടാലും.

പിന്നീട് ബാക്കി ചരണം.