നിനക്കു കുശലം ബാലേ

രാഗം: 

പൊറനീര

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ഭീമരാജാവ് (ദമയന്തിയുടെ അച്ഛൻ)

പല്ലവി.
നിനക്കു കുശലം ബാലേ, മേൽക്കുമേലേ!
അനുപല്ലവി.
നിന്നെക്കണ്ടതിനാലേ എന്മനം
കുളിർത്തിതു പല്ലവാംഗീ.
ചരണം. 1
നിന്നുടെ പ്രിയൻ നിന്നെക്കൈവെടിഞ്ഞു
എന്നതുകൊണ്ടു നീയെന്തഴൽ പിണഞ്ഞൂ!
ഒന്നു കേ,ളെനിക്കിപ്പോളാധി മാഞ്ഞൂ,
അന്നെന്തേ എന്നരികിൽ നീ വരാഞ്ഞൂ?
അരുതരുതിനിയാധി ഹൃദയേ
മമ തനയേ, ഖേദം ശമയേ സമയേ.
 
ചരണം. 2
ഭൂദേവർ പലരുണ്ടേ നാലുദിക്കും
ആദരാൽ തിരഞ്ഞവരറിയിക്കും;
കാന്തനോടചിരാൽ നിയൊരുമിക്കും;
ഞാൻതന്നെ പുഷ്കരനെ സംഹരിക്കും;
അതിനില്ലെനിക്കുപേക്ഷ ഹൃദയേ,
കിമു കഥയേ! സുഖം ജനയേ തനയേ.
 
ചരണം. 3
പ്രാണേശനോടും നിനക്കവിടെയും
വാണീടാം പിരിയാതെയിവിടെയും;
നൂനമീവിപത്തെല്ലാം പോയി മായും;
ആനന്ദം നമുക്കെല്ലാം വന്നു തോയും;
അഭിഷിഞ്ചാമ്യഥ നിഷധസദനേ
ഗതകദനേ തവ സുതനേ ഉടനേ.

അർത്ഥം: 

സാരം: നിനക്ക്‌ എന്നും നല്ലതു വരട്ടെ. നിന്നെ കണ്ടതുകൊണ്ട്‌ എന്റെ മനസ്സ്‌ കുളിർത്തു. ബ്രാഹ്മണർ പലരും നാലു ദിക്കിലും സഞ്ഞിചരിച്ച്‌ നളനെ തിരഞ്ഞു കണ്ടെത്തി അവരറിയിക്കും. നീ അവനോടു ചേരും. ഞാൻ തന്നെ പുഷ്പരനെ വധിക്കും. നിനക്കു ഭർത്താവോടുകൂടി അവിടെയും ഇവിടെയും ഇഷ്ടംപോലെ വാഴാം. ഈ ദുഃഖമെല്ലാം പോയിമറയും, തീർച്ച. നമുക്കെല്ലാം ആനന്ദം വന്നു നിറയും.

അരങ്ങുസവിശേഷതകൾ: 

`നളനെകണ്ടെത്താൻ പരിശ്രമിക്കാം`എന്നു ഭീമരാജാവ്‌ പറയുന്നു. കുട്ടികളെ കാണാനുള്ള തിടുക്കത്തോടെ അച്ഛനെ വന്ദിച്ച്‌ ദമയന്തി രംഗം വിടുന്നു. ഭീമരാജാവ്‌ ധനാശി എടുക്കുന്നു.