മാന്യസല്‍ഗുണനിധേ

രാഗം: 

പന്തുവരാടി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

പല്ലവി:

മാന്യസല്‍ഗുണനിധേ ഭവാദ്ദൃശ-

നന്യനില്ല സുമതേ

ചരണം 1:
നിന്നിലുള്ള ദയാസത്യധര്‍മ്മങ്ങള്‍
നന്നു നന്നു നൃപതേ തവ ദൈന്യമാശു കളവാന്‍
സുദര്‍ശനമിന്നു ദര്‍ശിപ്പിച്ചു ഞാന്‍

ചരണം 2:(സുദര്‍ശനത്തോട്)
ഗാന്ധാരിതനയരെക്കൊലചെയ്‌വാന്‍
ചിന്തിചെയ്തു നിന്നെ ഞാന്‍
കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു
ഹന്ത സാന്ത്വിതോഹമമുനാ ഭജിക്ക നീ
ശാന്തഭാവമധുനാ

അർത്ഥം: 

മാന്യസല്‍ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ,അങ്ങേക്ക് തുല്യനായി മറ്റൊരാളില്ല. നിന്നിലുള്ള ദയ,സത്യം,ധര്‍മ്മം ഇവകള്‍ അതിവിശേഷം തന്നെ. രാജാവേ,അങ്ങയുടെ ദൈന്യം കളയുവാനാണ് ഞാനിപ്പോള്‍ സുദര്‍ശനത്തെ ദര്‍ശിപ്പിച്ചത്.
സുദർശനത്തോടായി:
ഗാന്ധാരീതനയരെ കൊലചെയ്യുവാനായിട്ടാണ് ഞാന്‍ നിന്നെ സ്മരിച്ചത്. അഹോ! കുന്തീപുത്രന്‍ തന്നെ അതിന് തടസമായിതീര്‍ന്നു. അദ്ദേഹം എന്നെ സമാധാനപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ നീയിപ്പോള്‍ ശാന്തനാവുക.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-
ശ്രീകൃഷണന്‍ പീഠത്തിലിരിക്കുന്നു. സുദര്‍ശനം കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചിട്ട്) ‘അതിനാല്‍ ഇപ്പോള്‍ അടങ്ങിയാലും’
സുദര്‍ശനം സമ്മതിച്ച്, കുമ്പിട്ട് പിന്നോക്കം മാറി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ ആശ്വാസത്തോടെ ഇടത്തുഭാഗത്തേക്കുവന്ന് കൃഷ്ണനെ വണങ്ങുന്നു.
ധര്‍മ്മപുത്രന്‍:‘അല്ലയോ ലോകൈകനാഥനായ സ്വാമിന്‍, അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ രൂപം ധരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് അങ്ങല്ലാതെ മറ്റൊരാശ്രയവും ഇല്ല. അല്ലയോ സ്വാമിന്‍, എന്റെ അവിവേകം കൊണ്ട് ചില ചപലവാക്കുകള്‍ ഉണര്‍ത്തിച്ചുപോയി. ഒന്നും മനസ്സില്‍ വിചാരിക്കരുതേ. ഞങ്ങള്‍ക്ക് അക്ഷയപാത്രം ലഭിച്ചതും അവിടുന്ന് ഇങ്ങോട്ടേഴുന്നള്ളിയതും ആ ദുര്‍മ്മതിയായ ദുര്യോധനന്‍ അറിഞ്ഞാല്‍ ഇനിയും ഉപദ്രവിക്കുവാന്‍ ശ്രമിക്കും. ആ സമയത്തും അവിടുത്തെ കരുണതന്നെ ഞങ്ങള്‍ക്ക് ആശ്രയം.‘
ശ്രീകൃഷ്ണന്‍:‘അല്ലയോ ധര്‍മ്മപുത്രാ,മനുഷ്യനായി ജനിച്ചാല്‍ സുഖവും ദു:ഖവും മാറിമാറി വരും. അതിനാല്‍ ഒട്ടും ദു:ഖം വേണ്ട. ദു:ഖമെല്ലാം തീര്‍ന്ന് നിങ്ങള്‍ക്ക് മേലില്‍ സുഖം വരും. ബന്ധുവായി ഞാനുണ്ടെന്ന് വിശ്വസിച്ച് വസിച്ചാലും.‘
ധര്‍മ്മപുത്രന്‍‘അങ്ങിനെ തന്നെ’
ശ്രീകൃഷ്ണന്‍:‘ഇപ്പോള്‍ ഞാന്‍ പോകുന്നു. താമസിയാതെ വീണ്ടും കാണാം.’
ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് കൃഷ്ണനെ യാത്രയാക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ച് പാഞ്ചജന്യധാരിയായിതന്നെ യാത്രയാവുന്നു. ഇരുവരും നിഷ്ക്രമിക്കുന്നു.

തിരശ്ശീല

അനുബന്ധ വിവരം: 

രണ്ടാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന മാറ്റങ്ങള്‍ :

‘പാത്രം തപസ്തനു’ എന്ന ശ്ലോകം ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ പീഠത്തിലിരുന്നുകൊണ്ട് ഇങ്ങിനെ ആടുന്നു-‘ലോകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ ഞങ്ങളെ ഉപേക്ഷിച്ചുവോ? കുറച്ചുകാലമായി ഞങ്ങളെക്കുറിച്ച് കൃഷ്ണന് ഒരു വിചാരവുമില്ലല്ലൊ?’. തുടര്‍ന്ന് ശ്രീകൃഷ്ണനെ ധ്യാനിച്ച് ഇരിക്കുന്നു. രണ്ടാം ശോകത്തിന്റെ അന്ത്യത്തോടെ ശ്രീകൃഷ്ണന്‍ ദൂരേനിന്നും(സദസിനിടയിലൂടെ) പുറപ്പെടുന്നു. ‘മുകുന്ദ മുഖപങ്കജാകലിത’ എന്ന ശ്ലോകം ചൊല്ലുന്നതോടെ ശ്രീകൃഷ്ണന്റെ ശംഖധ്വനികേട്ട് ധ്യാനത്തില്‍ നിന്നുമുണരുന്ന ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനാണെന്നറിഞ്ഞ് രോമാഞ്ചംകൊള്ളുന്നു. ഓടി കൃഷ്ണസമീപം ചെന്ന് നമസ്ക്കരിച്ച് തിരിച്ചെത്തുന്ന ധര്‍മ്മപുത്രന്‍, ഇരിപ്പിടം തയ്യാറാക്കിയശേഷം വീണ്ടും കൃഷ്ണസമീപമെത്തി ആനയിച്ച് കൊണ്ടുവന്ന് പീഠത്തിലിരുത്തുന്നു. തുടര്‍ന്ന് ‘അഥ യുധിഷ്ടിരമുഖ്യ’ എന്ന ശ്ലോകം ആലപിക്കുന്നു.