അരികത്തു വന്നിരിക്ക

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

അരികത്തു വന്നിരിക്ക സഖേ, ഹംസ,
പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ,
നരകത്തിൽനിന്നു കരയേറിനേനറിക
അരികിൽ തലോദരി വരികിലിപ്പോൾ
സരസിജാസനശാസനം മമ
ശിരസി ഭൂഷണമാക്കി നീയിഹ
ഹരിണനേർമിഴി ഭൈമി വരുവോള-
മരികിൽ മമ വാസം പരികൊല്ലാ.

അർത്ഥം: 

അല്ലയോ കൂട്ടുകാരാ, ഹംസമേ, എന്റെ അരികിൽ വന്നിരുന്നാലും. എനിക്ക് വളരെ തെളിമ വന്നിരിക്കുന്നു. കേട്ടാലും! തലോദരി=കൃശോദരി=ഉള്ളം കയ്യിൽ വയർ ഒതുങ്ങുന്നവൾ. ഇപ്പോൾ ആ തലോദരി ഇവിടെ എത്തി എങ്കിൽ ഞാൻ നരകത്തിൽ നിന്നും കരേറി എന്ന് മനസ്സിലാക്കാം. ബ്രഹ്മാവിന്റെ ആജ്ഞയെ ശിരസാവഹിയ്ക്കുന്നത് ഭൂഷണമായി കരുതുന്നു നീ. മാൻപേടയുടെ പോലെ ഉള്ള കണ്ണുകൾ ഉള്ള സുന്ദരി ദമയന്തി ഇവിടെ വരുവോളം എന്റെ അടുത്തു തന്നെ നീ വസിയ്ക്കേണം.