ഭീമനരേന്ദ്ര മേ കുശലം

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ഋതുപർണ്ണൻ

പല്ലവി
ഭീമനരേന്ദ്ര മേ കുശലം, പ്രീതിയോടെ കേൾക്ക ഗിരം

ച.1
പലനാളായി ഞാനോക്കുന്നു തവ പുരേ വന്നീടുവാൻ
മുറ്റുമതിന്നായി സംഗതി വന്നു മറ്റൊരു കാര്യമേതുമില്ലാ

ച.2
തവ ഗുണങ്ങളോർക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ
ത്വദ്വിധന്മാരെക്കാണ്മതിതല്ലോ സുകൃതസാദ്ധ്യം മറ്റേതുമില്ലാ

ച.3
പരിചയവും വേഴ്ചയും പെരികയില്ലേ നാം തമ്മിൽ
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ ഭവാദൃശസംഗമമല്ലോ.
 

അർത്ഥം: 

സാരം: അല്ലയോ ഭീമരാജാവേ എനിക്കു സുഖം തന്നെ. എന്റെ വാക്ക്‌ സന്തോഷത്തോടെ കേട്ടാലൂം അങ്ങയുടെ രാജ്യത്ത്‌ വരണമെന്ന്‌ കുറേ കാലമായി ഞാൻ വിചാരിക്കുന്നു.  വേറേ കാര്യമൊന്നുമില്ല.  നമ്മൾ തമ്മിൾ പരിചയവും ഇടപെടലും ധാരാളം ഉണ്ടയല്ലോ.  ശത്രുസംഹാരനായ അങ്ങയപ്പോലുള്ളവരുടെ സംഗം ഭാഗ്യം തന്നെ.

അരങ്ങുസവിശേഷതകൾ: 

`സുഖത്തോടെ ഇവിടെ വസിച്ചാലും` എന്നു ഭീമരാജാവും `അങ്ങനെ തന്നെ` എന്നു ഋതുപർണ്ണനും കാട്ടി, രംഗം അവസാനിപ്പിക്കുന്നു.