രാത്രിഞ്ചരനായൊരുത്തന്‍

രാഗം:
എരിക്കലകാമോദരി
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ബ്രാഹ്മണൻ

ചരണം 1
രാത്രിഞ്ചരനായൊരുത്തനത്ര വാണീടുന്നവനു
നിത്യവും നല്കേണമൊരു മര്‍ത്ത്യനെ ക്രമേണ ഞങ്ങള്‍
(നാരീമണിയേ കേള്‍ക്ക നീ ശോകകാരണം)
ചരണം 2

മുന്നമവനെല്ലാരെയും ഒന്നിച്ചു കൊല്ലുമെന്നോര്‍ത്തു
അന്നവനോടു സമയം മന്ദിയാതെ ചെയ്തു ഖേദാല്‍
ചരണം 3

കുന്നോളമന്നവും നൂറു കുംഭങ്ങളില്‍ കറികളും
തന്നീടാമൊരുവനെയും നിത്യമെന്നു സതത്യം ചെയ്തു.
ചരണം 4

ഇന്നതു ഞങ്ങള്‍ നല്കേണം എന്നതിനൊരു നരനെ
ധന്യശീലേ കാണാഞ്ഞഴല്‍ വന്നതെന്നറിഞ്ഞീടേണം
ചരണം 5

കന്യക പരസ്വമല്ലോ സൂനു സന്തതി ആകുന്നു പിന്നെ
എന്റെ കാന്തയെ ഞാന്‍ എങ്ങിനെ കൈവെടിയുന്നു
ചരണം 6

അന്നവും കൊണ്ടുപോവതിനിന്നു ഞാനെന്നാകിലിവര്‍
ഒന്നുമേ സമ്മതിക്കുന്നില്ലെന്തിഹ ചെയ്‍വതുമയ്യോ

അർത്ഥം:
രാക്ഷസനായ ഒരുത്തന്‍ ഇവിടെ താമസിക്കുന്നുണ്ട്. ഞങ്ങള്‍ അവനു നിത്യവും ഒരാളെ കൊടുക്കണം. പണ്ട് ഞങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നോര്‍ത്ത് അവനോട് ഒരു സത്യം ചെയ്തിട്ടുണ്ട്. കുന്നോളം ചോറും നൂറു കുടങ്ങളില്‍ കറികളും ഒരാളെയും നിത്യവും തരാം എന്ന് സത്യം ചെയ്തു. ഇന്ന് ഞങ്ങള്‍ അത് കൊടുക്കണം അതിനു ഒരുവനെ കാണാഞ്ഞിട്ടാണ് സങ്കടപ്പെടുന്നത്. ചോറ് കൊണ്ട് പോവാന്‍ എന്നെ ഇവര്‍ സമ്മതിക്കുന്നില്ല.