ഭവതു തവ മംഗളം 

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

സൌഹിത്യം വ്രജതി ജഗന്മയേ മുരാരൌ
ദുര്‍വാസാഃ സമജനി തൃപ്തിമാന്‍ സശിഷ്യഃ
സന്തുഷ്ടഃ ശമനസുതം സമെത്യ ഭൂയഃ
പ്രോവാച പ്രതിപദമാശിഷോ വിതന്വന്‍

പല്ലവി:
ഭവതു തവ മംഗളം ഭാരതമഹീപാല
ഭാസുരശിരോരത്നമെ

അനുപല്ലവി:
ഭാഗ്യാംബുധേ നിങ്കല്‍ വാസുദേവന്‍ തന്റെ
വാത്സല്യമുള്ളതെല്ലാം
ഭാവതദ്ദൃശാ കണ്ടു വിസ്മയം പൂണ്ടു ഞാന്‍
ഭൂയോപി ജീവ സുചിരം

ചരണം 1:
മന്ദാകിനീജലേ മദ്ധ്യന്ദിനോചിതം
മജ്ജനം ചെയ്തളവിലഹോ
മന്ദേതരം തൃപ്തി വന്നു ഞങ്ങള്‍ക്കിന്നു
മന്നിലതിമാനുഷന്‍ നീ

[ചൊല്ലുള്ളസത്തുക്കളിൽ അല്ലൽ വരുത്തുന്ന
വല്ലാത്ത ദുഷ്ടരിലഹോ
ഉല്ലാസമാർന്നസുഖമുണ്ടാകയില്ലെന്നു
നല്ല ശാസ്ത്രോക്തമല്ലൊ]

അർത്ഥം: 

സൌഹിത്യം പ്രജതി:
വിശ്വരൂപനായ കൃഷ്ണന്‍ തൃപ്തിപൂണ്ടപ്പോള്‍ ദുര്‍വാസാവും ശിഷ്യരും സംതൃപ്തരായി. സന്തുഷ്ടരായി തീര്‍ന്ന ദുര്‍വാസാവും ശിഷ്യരും ധര്‍മ്മപുത്ര സമീപം ചെന്ന് വീണ്ടും വീണ്ടും ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു.

ഭവതു തവ മംഗളം:
ഭരതവംശ രാജാക്കന്മാര്‍ക്ക് ശിരോരത്നമായിട്ടുള്ളവനേ, ഭവാനു മംഗളം ഭവിക്കട്ടെ. ഭാഗ്യസമുദ്രമേ, വാസുദേവന് നിന്നോടുള്ള വാത്സല്യമെല്ലാം ജ്ഞാനദ്ദൃഷ്ടികൊണ്ട് കണ്ട്, ഞാന്‍ വിസ്മയം പൂണ്ടുപോയി. ഇനിയും വളരെക്കാലം ജീവിക്കുക. ഗംഗാജലത്തില്‍ മദ്ധ്യാഹ്നസ്നാനം ചെയ്തപ്പോള്‍ ആശ്ചര്യം! പെട്ടന്ന് ഞങ്ങള്‍ക്ക് തൃപ്തി വന്നു. നീ ഭൂമിയില്‍ അതിമാനുഷന്‍ തന്നെ.
 

അരങ്ങുസവിശേഷതകൾ: 

ധര്‍മ്മപുത്രന്‍ ഇടതുവശത്തു കുമ്പിട്ടുനില്‍ക്കുന്നു. വലത്തുഭാഗത്തുകൂടി ദുര്‍വാസാവ് ഇടക്കിടെ ഏമ്പക്കം വിട്ടുകൊണ്ടും വയറുതടവിക്കൊണ്ടും പദമാടിക്കൊണ്ട് പ്രവേശിക്കുന്നു.
ബ്രാക്കറ്റിലുള്ള വരികൾ പതിവില്ല.