താത തവ കഴലിണ തൊഴുന്നേൻ

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഉത്തരൻ

ഭൂമിഞ്ജയഃ സമവരുഹ്യ രഥാൽ സമീപ-

ഭൂമിം ജയപ്രമുദിതസ്യ പിതുഃ സമേത്യ

പ്രാഗേവ ഫൽഗുനനിരുദ്ധയഥാർത്ഥവാർത്തഃ

പ്രാഹേദമസ്യ ഭുജവിക്രമവിസ്മിതാത്മാ

താത! തവ കഴലിണ തൊഴുന്നേൻ

വീതഭയം കാലികളെ വീണ്ടുകൊണ്ടു വന്നേൻ

കുരുപതി പശുക്കളെ ഹനിച്ചു – എന്നു

പരിചിനൊടു ഞാനഥ ധരിച്ചു

വിരവോടവരോട് ബത ചെന്നു കലഹിച്ചു

ശക്രസുതനൊരുവനഥ വന്നു – രിപു-

ചക്രമതശേഷമപി വെന്നു

വിക്രമിയവൻ വിജയലക്ഷ്മിയൊടു ചേർന്നു

അർത്ഥം: 

ശ്ലോകസാരം:- മുമ്പെ തന്നെ യഥാർത്ഥവൃത്താന്തം പറയരുതെന്ന് അർജ്ജുനനാൽ തടയപ്പെട്ടവനും അർജ്ജുനന്റെ ബാഹുപരാക്രമത്താൽ അത്ഭുതപ്പെട്ടവനുമായ രാജകുമാരൻ ഉത്തരൻ തേരിൽ നിന്നിറങ്ങിയിട്ട് ജയം കേട്ടു സന്തോഷിച്ചിരിക്കുന്ന അച്ഛന്റെ അടുക്കലേക്ക് ചെന്നിട്ട് ഇത് പറഞ്ഞു.

പദസാരം:- അച്ഛാ, അവിടത്തെ കാലിണ ഞാൻ തൊഴുന്നു. ഭയം കൂടാതെ കാലികളെ ഞാൻ കൊണ്ടുവന്നു. ദുര്യോധനൻ പശുക്കളെ അപഹരിച്ചു എന്ന് ഞാൻ ശരിയായി മനസ്സിലാക്കി. പിന്നെ ഉടനെ അവരോട് ചെന്ന് യുദ്ധം ചെയ്തു. ആശ്ചര്യം! അന്നേരം ഇന്ദ്രപുത്രനായ ഒരാൾ വന്നു ആ ശത്രുസൈന്യത്തെ മുഴുവനും ജയിച്ചു. പ്രാക്രമിയായ ആ ഇന്ദ്രപുത്രൻ വിജയമാകുന്ന ലക്ഷ്മിയോട് ചേർന്നു. 

അരങ്ങുസവിശേഷതകൾ: 

ഈ ശ്ലോകം ഉത്തരന്റെ പ്രവേശം സൂചിപ്പിക്കുന്നു.

അനുബന്ധ വിവരം: 

ഉത്തരന്റെ ഈ വാക്കിൽ ‘ഇന്ദ്രസുതനൊരുവൻ’ എന്ന് പറഞ്ഞത്, വാസ്തവം വെളിപ്പെടുത്തരുതെന്ന് അർജ്ജുനൻ മുമ്പുതന്നെ പറഞ്ഞതുകൊണ്ടാണ്. ബൃഹന്നള അർജ്ജുനനാണെന്നോ അർജ്ജുനനനാണ് യുദ്ധം ജയിച്ചതെന്നോ ഈ വാക്കുകൊണ്ട് വെളിപ്പെട്ടതുമില്ല. എന്നാൽ പറഞ്ഞ വാക്ക് നുണയായതുമില്ല.