സുദിനം നിങ്ങളെ കാൺകയാൽ

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വിരാടൻ (വിരാട രാജാവ്)

നിസ്തീർണ്ണസത്യജലധീൻ നിജവേഷഭാജോ

വിദ്യോതമാനമണിഭൂഷണഭൂഷിതാംഗാൻ

ദൃഷ്ട്വാ വരായുധധരാനഥ പാണ്ഡവേയാൻ

തുഷ്ടോ ജഗാദ വചനം സ വിരാടഭൂപഃ

സുദിനം നിങ്ങളെ കാൺകയാൽ, ഹന്ത മേ ഭാഗ്യം

സുദിനം നിങ്ങളെ കാൺകയാൽ

സദനവും നയനവും സഫലം മാമകമിന്നു

ക്ഷാത്രമായൊരു ധർമ്മം ഗാത്രമഞ്ചു കൈക്കൊണ്ടു

നേത്രഗോചരമായപോലെ നിങ്ങളൈവരും

രാത്രീശകുലദീപന്മാരാം പാണ്ഡവ, രതി-

മാത്രം മേ വളർത്തീടുന്നു മനസി മുദമിന്നു

അർത്ഥം: 

ശ്ലോകസാരം:-അനന്തരം ആ വിരാടരാജാവ് ശപഥസമുദ്രം (വനവാസവും അജ്ഞാതവാസവും എന്ന ശപഥം ആകുന്ന സമുദ്രം) കടന്നവരും സ്വന്തം രൂപം ധരിച്ചവരും തിളങ്ങുന്ന രത്നാഭരണങ്ങൾ അണിഞ്ഞവരും ഉത്തമങ്ങളായ ആയുധങ്ങൾ ധരിച്ചവരും ആയ പാണ്ഡവന്മാരെ കണ്ടുസന്തുഷ്ടനായിട്ട് വാക്കു പറഞ്ഞു.

പദസാരം:-നിങ്ങളെ കണ്ടതുകൊണ്ട് നല്ലദിവസമാണ്. സന്തോഷമായി. ഇത് എന്റെ ഭാഗ്യമാണ്. ഇന്ന് എന്റെ വീടും കണ്ണും ഫലവത്തായിത്തീർന്നു. ക്ഷത്രിയന്മാരുടെ രക്ഷാധർമ്മം അഞ്ചു ശരീരമെടുത്ത് പ്രത്യക്ഷമായതുപോലെ ചന്ദ്രവംശത്തിനു വിളക്കുകളും പാണ്ഡുപുത്രന്മാരുമായ നിങ്ങൾ അഞ്ചുപേരും ഇന്ന് എന്റെ മനസ്സിൽ ഏറ്റവും സന്തോഷം വർദ്ധിപ്പിക്കുന്നു.