ശരണം ദേവേശ്വര

രാഗം: 

മോഹനം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

ഇത്യേവം ദമയന്തിതൻ മൊഴികൾ കേട്ടത്യന്തമാശ്ചര്യവും
വാത്സല്യം ബഹുമാനവും പ്രണയവും ചീർത്തൂ നളന്നാശയേ
ആത്താവേശമിമാം പിരിഞ്ഞു തരസാ പോന്നൂ തിരോഭൂതനായ്‌
വാർത്താമാഹ സഹസ്രനേത്രഹുതഭൂക്കീനാശപാശായുധാൻ.

പല്ലവി:
ശരണം ദേവേശ്വര, ഭവദീയചരണയുഗളും മേ.

അനുപല്ലവി:
ഹരിണമിഴി തന്നുടെ അരികിലേ ഗമിച്ചേൻ ഞാൻ;
ഒരു ഫലമുളവായീല, അറിയിപ്പതിനിയെന്ത്‌?

ചരണം 1:
ആരും കാണാതെ കടന്നു ചെന്നേനങ്ങു,
നാരീമണി തന്നരികിൽ നിന്നേൻ;
വേറെ വേറെ അഭിമതങ്ങൾ ചൊന്നേൻ; പിന്നെ
സാമസരണിയിലേ ചിരമിരന്നേൻ.
അതിനൊരുത്തരമാഭിമുഖ്യവു-
മവൾ തരാഞ്ഞതികുപിതനായഹ-
മകഥയം ചില ഭേദവാക്കുക-
ളറിക ചൊല്ലിയതന്യതമല്ലിതു.

ചരണം 2:
ആകുന്ന ഭേദമൊഴി കേട്ടിട്ടുമവൾ-
ക്കാകുലമുള്ളിലുണ്ടായീലൊട്ടും,
ലോകപാലകന്മാരേ, നാകസുഖമാർക്കു
ഭാഗധേയമില്ലെന്നാകിൽ കിട്ടും?
അവളൊരുത്തനിൽ വച്ചു മാനസ-
മസമസായകബാണസാക്ഷിക-
മഖിലസാക്ഷികൾ നിങ്ങളോടിതു
മഹിളമാർമണി നാഹ മാമപി.

ചരണം 3:
അരുളിച്ചെയ്തപോലിതെല്ലാം കേട്ടേൻ,
അഗതിക്കെനിക്കിനിയാവതെന്തിപ്പോൾ;
അപരനെയങ്ങു നിയോഗിച്ചാലും; ദ്രുത-
മപഹരിച്ചാലുമവളെ വേഗാൽ;
അബലമാരതിചപലമാ, രിതി
പറവതിനു നഹി കുറവു കിഞ്ചന;
ലാളനേന വശീകരിച്ചു രമിച്ചു-
കൊള്ളുക നല്ലൂ വേണ്ടുകിൽ…

അർത്ഥം: 

ശ്ലോകാർത്ഥം: ഇപ്രകാരമുള്ള ദമയന്തിയുടെ മൊഴികൾ കേട്ട്‌ അത്യന്തം ആശ്ചര്യവും വാത്സല്യവും ബഹുമാനവും പ്രണയവും നളന്റെ മനസ്സിൽ വർധിച്ചുവന്നു. ആവേശത്തോടെ അവളെ പിരിഞ്ഞ്‌ തിരസ്കരണിയിൽ മറഞ്ഞു വന്ന്‌ ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ എന്നിവരോട്‌ നളൻ വാർത്ത അറിയിച്ചു.

സാരം: ദേവേശ്വര, അങ്ങയുടെ ചരണയുഗളം ശരണം. ദമയന്തിയുടെ സമീപത്തിൽ ഞാൻ പോയെങ്കിലും ഒരു ഫലവുമുളവായില്ല. ഇനി എന്താണ്‌ അറിയിക്കാനുള്ളത്‌ ? ആരും കാണാതെ ഞാൻ ദമയന്തിയുടെ സവിധത്തിലേക്ക്‌ കടന്നു ചെന്നു. വേറെവേറെയായി നിങ്ങളുടെ താല്പര്യങ്ങൾ അറിയിച്ചു. നല്ലവാക്കുകൾ പറഞ്ഞു. അതിനൊരു മറുപടിയോ ആഭിമുഖ്യമോപോലും അവൾ തന്നില്ല. അപ്പോൾ ഭീഷണിപ്പെടുത്തുന്ന ചിലവാക്കുകളും പറഞ്ഞു. സത്യമാണിത്‌. എന്നിട്ടും അവൾക്ക്‌ ഒരു കുലുക്കമുണ്ടായില്ല. ലോകപാലന്മാരേ, സ്വർഗ്ഗസുഖം ഭാഗ്യമില്ലെങ്കിൽ ആർക്കാണു ലഭിക്കുക ? അവൾ കാമദേവന്റെ അമ്പുകളെ സാക്ഷി നിർത്തികൊണ്ട്‌ ഒരുത്തനിൽ മനസ്സുവെച്ചിട്ടുണ്ട്‌. അഖിലസാക്ഷികളായ നിങ്ങളെ അറിയിക്കാൻ ആരാണവൻ എന്ന്‌ അവൾ വെളിപ്പെടുത്തിയിട്ടില്ല; എന്നോടും. നിങ്ങൾ കല്പിച്ചതുപോലെയെല്ലാം ഞാൻ ചെയ്തു. മറ്റ്‌ ആരും ആശ്രയമില്ലാത്ത എനിക്ക്‌ ഇനി എന്താണുചെയ്യാനാകുക? ഇനി മറ്റൊരാളെ നിയോഗിച്ച്‌ അവളെ അപഹരിച്ചാലും. ലാളനകൾകൊണ്ടു വശീകരിക്കാൻ പാകത്തിൽ ചപലമാരാണ്‌ സ്ത്രീകൾ. അങ്ങനെ രമിച്ചുകൊള്ളുക. 

അരങ്ങുസവിശേഷതകൾ: 

ശ്ളോകം കഴിഞ്ഞാലുടൻ പദം ചൊല്ലുന്നു. ദേവന്മാരുടെ സമീപത്തേക്ക്‌ ഇടതുവശത്തുനിന്ന്‌ പ്രവേശിച്ച്‌ നളൻ മുദ്ര തുടങ്ങുന്നു.