സഹജ സമീരണസൂനോ

രാഗം: 

ഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ധർമ്മസൂനുരപി നിർമ്മലചേതാ
ധർമ്മതത്വസഹിതം മൃദുവാക്യം
സന്മനോഗതമിതി സ്മ രുഷാന്ധം
തം മുദാ സഹജമാഹ മഹാത്മാ

പല്ലവി
സഹജ സമീരണസൂനോ
സൽ‌ഗുണശീല
സംഹര കോപമധുനാ

അനുപല്ലവി 
സാഹസം ചെയ്തീടൊല്ല സമയം
കഴിവോളവും നീ സഹസൈവ
കാര്യം സാധിപ്പാൻ സംഗതി വരും

[[ അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
 ദിനകരൻ കൈവെടികിലും
 അനിലനന്ദന സത്യമനുജ ലംഘിപ്പതിനു
 അനലനഹമെന്നറിക ചൊല്ലീടായ്കേവം
         
 ദിനകരകുലാധിപൻ ദശരഥനും        
 ദീനമാനസനായ്ത്തന്നെ
 അനൃതഭീതി കൊണ്ടല്ലോ ആത്മജന്മാരെ
 ഘോരവനമതിലയച്ചീലയോ പാർത്തുകണ്ടാലും
         
 ദിവ്യാസ്ത്രങ്ങൾ ലഭിച്ചു ദീനമെന്നിയെ
 സവ്യസാചി വരും നൂനം
 സേവ്യനാമീശൻതന്നെ സേവിച്ചീടുന്നവർക്കു
 ദുർവ്യാപാരങ്ങൾ ഫലിയാ ശങ്കിയായ്കേവം ]]

തിരശ്ശീല

അർത്ഥം: 

ധർമ്മസൂനുരപി:

ശുദ്ധഹൃദയനും മഹാത്മാവുമായ ധർമ്മപുത്രരാകട്ടെ, കോപാന്ധനായ ആ അനുജനോട്‌ ധർമ്മതത്ത്വങ്ങളുൾക്കൊള്ളുന്നതും സജ്ജനസമ്മതവുമായ സാന്ത്വനവാക്കിനെ ഇങ്ങനെ സന്തോഷത്തോടെ പറഞ്ഞു.

സഹജസമീരണ:

അനുജാ, വായുപുത്രാ, സദ്‌ഗുണങ്ങൾ ഒത്തിണങ്ങിയവനേ, തൽക്കാലം കോപമടക്കൂ. പ്രതിജ്ഞാകാലം കഴിയുന്നതുവരെ നീ അവിവേകമൊന്നും കാണിക്കരുത്‌. ഉടൻ തന്നെ കാര്യം സാധിപ്പാൻ ഇടവരും.

അരങ്ങുസവിശേഷതകൾ: 

പദാഭിനയത്തിനുശേഷം അൽപ്പം ഇളകിയാട്ടം പതിവുണ്ട്:
ഭീമന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ കെട്ടിചാടി കുമ്പിട്ടശേഷം) ‘കഷ്ടം! ഇങ്ങിനെയെല്ലാം ആ ദുഷ്ടന്മാര്‍ ചെയ്തിട്ടും അവിടുത്തെ മനസ്സ് അല്പം‌പോലും ഇളകിയില്ലല്ലോ? കഷ്ടം തന്നെ. കുറച്ചു കരുണയോടെ ഒരു വാക്ക് കല്പിച്ചുവെങ്കില്‍ ഞാന്‍ ആ മൂര്‍ഖന്മാരെയെല്ലാം നശിപ്പിച്ചു വന്നേക്കാം. ഒന്നു കല്‍പ്പിക്കണേ‘
ധര്‍മ്മപുത്രന്‍:‘ഏയ്!പാടില്ല, പാടില്ല. കുറച്ചുകാലം കൂടി ക്ഷമയോടെ വസിച്ചാലും’
ഭീമന്‍:(മൌഢത്തോടെ, ആത്മഗതം) ‘ആ,ആ, ശിരസ്സിലെഴുത്തുതന്നെ’ (ധര്‍മ്മപുത്രനോട്) ‘ഇവിടുത്തെ കല്‍പ്പന പോലെ തന്നെ’
ഭീമന്‍ വീണ്ടും കുമ്പിട്ട് ധര്‍മ്മപുത്രനെ യാത്രയാക്കി, കുത്തിമാറി തിരിഞ്ഞ് വരുന്നു. ധര്‍മ്മപുത്രന്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍:(കോപത്തോടെ) ‘എടാ വഞ്ചകന്മാരേ, നിങ്ങള്‍ ചെയ്തതിനൊക്കയും പകരം പറഞ്ഞ് നിങ്ങളെ എല്ലാം ഞാന്‍ തന്നെ സംഹരിക്കും. നോക്കിക്കൊള്ളുവിന്‍, എന്നാല്‍ കണ്ടുകൊള്ളുക’
ഭീമന്‍ നാലാമിരട്ടി കലാശിച്ച് കുത്തിമാറി, കയ്യിലെ ഗദയേയും വലത്തേക്ക് കൌരവരേയും(സങ്കല്‍പ്പിച്ച്) മാറി മാറി നോക്കിയശേഷം ‘നോക്കിക്കൊള്‍വിന്‍’ എന്നു കാട്ടി,അവരെ നിന്ദിച്ച് നിഷ്ക്രമിക്കുന്നു