രേ രേ ഗോകുലചോര നേരേ നില്ലെടാ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പ്രത്യുദ്യല്പ്രഥനോത്ഭടപ്രതിഭട-

പ്രാഗ്ഭാരഘോരാടവീ-

സദ്യോഘസ്മരഹേതിരുൽക്കടതര-

പ്രോദ്ദാമതേജോഭരഃ

തത്രാസാദ്യ ധനഞ്ജയോപി ഘനവ-

ത്താൻ ധാർത്തരാഷ്ട്രാൻ ജവാൽ

കുർവ്വാണഃ ശരവൃഷ്ടിസങ്കുലധിയഃ

പ്രോചേ ച ദുര്യോധനം

രേ! രേ! ഗോകുലചോര നേരേ നില്ലെടാ

രേ! രേ! ഗോകുലചോര!

പോരിൽ ഭീരുതകൊണ്ടോ ചോരകർമ്മം ചെയ്യുന്നു?

പൂരുവംശകുലശാംബുരാശിഭവ-

ഘോരകാളകൂട! നീയുമോടും

സേനയോടുമിന്നു വിരവൊടു

അർത്ഥം: 

ശ്ലോകങ്ങളുടെ സാരം:- എതിർത്തുവരുന്നവരും യുദ്ധവിദഗ്ദ്ധന്മാരുമായ ശത്രുക്കൂട്ടമാകുന്ന കൊടുങ്കാടിനെ ഒന്നിച്ച് വിഴുങ്ങുന്ന ആയുധം ആകുന്ന ജ്വാലയോടുകൂടിയവനും ഏറ്റവുമധികം വർദ്ധിച്ച പരാക്രമാതിശയം ആകുന്ന പ്രകാശാതിശയത്തോടുകൂടിയവുനുമായ അർജ്ജുനനാകുന്ന ധനഞ്ജയനും അവിടെ ചെന്നിട്ട് ആ കൗരവന്മാരാകുന്ന അരയന്നങ്ങളെ (=ധാർത്തരാഷ്ട്രങ്ങളെ) മേഘമെന്നപോലെ വേഗത്തിൽ ശരവർഷമാകുന്ന മഴകൊണ്ട് ദുഃഖിതമനസ്സുകളാക്കി ചെയ്യുവാനായിട്ട് ദുര്യോധനനോടും പറകയും ചെയ്തു.

വൻകാടുകളെ ഭക്ഷിക്കുന്ന കാട്ടുതീപോലെ ശത്രുക്കളെ നശിപ്പിക്കുവാൻ കരുത്തുറ്റവനാണ് അർജ്ജുനൻ. അർജ്ജുനന്റെ ആയുധം അഗ്നിജ്വാലപോലെ ആണ്. മേഘം മഴകൊണ്ട് അരയന്നങ്ങളെ സങ്കടപ്പെടുത്തുന്നു. അഗ്നിയെപ്പോലുള്ള അർജ്ജുനൻ മേഘത്തെ പോലെ പ്രവർത്തിക്കുന്ന അത്ഭുതവുമാണല്ലൊ. ശ്ലേഷം വിരോധാഭാസം രൂപകം ഉപമ എന്നീ അലങ്കാരങ്ങളെ കൊണ്ട് മനോഹരമായ ഒരു ശ്ലോകമാണിത്. 

പദസാരം:-എടാ എടാ പശുക്കളെ കട്ട കള്ളാ, എടാ നേരിട്ടു നിൽക്ക്. യുദ്ധത്തിൽ പേടികൊണ്ടാണോ കക്കാൻ വരുന്നത്? പൂരുവംശമാകുന്ന പാലാഴിയിലുണ്ടായ ഭയങ്കര കാളകൂട വിഷമേ, നീയും ഇപ്പോൾ വേഗത്തിൽ സൈന്യത്തോടുകൂടെ ഓടും.