ഇന്ദുമൌലിയോടസ്ത്രം

രാഗം: 

കല്യാണി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഇന്ദുമൌലിയോടസ്ത്രം ഹിതമോടെ ലഭിച്ചുടന്‍
ഇന്ദ്രനന്ദനന്‍ വരും അതിനില്ല സംശയം
മന്ദത കൈവെടിഞ്ഞു മന്നിലുള്ള തീര്‍ത്ഥങ്ങളെ
ചെന്നു സേവിച്ചീടുമ്പോള്‍ ജയമാശു ലഭിച്ചീടും
 

തിരശ്ശീല

അർത്ഥം: 

ശ്രീപരമേശ്വരനിൽ നിന്ന് സന്തോഷപൂർവ്വം അസ്ത്രം നേടി അർജ്ജുനൻ ഉടൻ തന്നെ തിരിച്ചെത്തും. സംശയമില്ല. മൗഢ്യം കളഞ്ഞ് ഭൂമിയിലുള്ള തീർത്ഥങ്ങളിലെല്ലാം സ്നാനം ചെയ്തുകഴിയുമ്പോഴേക്കും അങ്ങേക്ക് ജയം വരും.

അരങ്ങുസവിശേഷതകൾ: 

പദം ആടിയതിനു ശേഷം  ആട്ടം:

ധര്‍മ്മപുത്രന്‍ പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചിട്ട്) ‘അതിനാല്‍ ഒട്ടും വ്യസനിക്കേണ്ടാ. ബന്ധുവായി ഞാനുണ്ട്. ഞാനിപ്പോള്‍ പോകട്ടെ. താമസിയാതെ വീണ്ടും കാണാം’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
വീണ്ടും കുമ്പിടുന്ന ധര്‍മ്മപുത്രനെ അനുഗ്രഹിച്ചിട്ട് കൃഷ്ണന്‍ എഴുന്നേറ്റ് യാത്രയാകുന്നു. ശ്രീകൃഷ്ണനെ യാത്രയാക്കി തിരിഞ്ഞുകൊണ്ട് ധര്‍മ്മപുത്രന്‍ നിഷ്ക്രമികുന്നു. വീണ്ടും തിരിഞ്ഞ് മുന്നോട്ടുവരുന്ന ശ്രീകൃഷ്ണന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.