സന്ധാനാത്ഥര്‍മിതി ബ്രുവന്തമജിതം

ആട്ടക്കഥ: 

ദുര്യോധനവധം

സന്ധാനാര്‍ത്ഥമിതി ബ്രുവന്തമജിതം ത്വന്ധാത്മജോയം ജഗത്-

ബന്ധും തം ഭവബന്ധനച്ഛിദമഹോ ബന്ധും യദാരബ്ധവാന്‍

ശര്‍വ്വബ്രഹ്മമുഖാമരസുരനരക്ഷോണീസമുദ്രാദികം

വിശ്വം സ്വാത്മനി ദര്‍ശയന്‍ സ ഭഗവാന്‍ വിശ്വാകൃതിസ്സന്‍ ബഭൌ

അർത്ഥം: 

സന്ധിക്കായി ഇപ്രകാരം പറയുന്നവനും ആരാലും അജയ്യനും ജഗത്ബന്ധുവും സംസാരബന്ധത്തെ ഛേദിക്കുന്നവനുമായ അവനെ ബന്ധിക്കുവാനായി എപ്പോള്‍ പുറപ്പെട്ടുവോ അപ്പോള്‍ ആ ഭഗവാന്‍ ശിവന്‍, ബഹ്മാവ് തുടങ്ങിയ ദേവന്മാരും അസുരര്‍, മാനുഷര്‍, ഭൂമി, സമുദ്രം മുതലായതെല്ലാം അടങ്ങിയതായ വിശ്വം തന്നില്‍ ദര്‍ശ്ശിപ്പിക്കുന്നവനായിട്ട്, വിശ്വാകൃതിയായി മാറി.

അരങ്ങുസവിശേഷതകൾ: 

ശ്ലോകാവസാനത്തോടെ ശ്രീകൃഷ്ണന്‍ വിശ്വരൂപം കൈക്കോള്ളുന്നു(കൈകളില്‍ ശംഖചക്രങ്ങള്‍ ധരിച്ചുകൊണ്ട്, ആലവട്ടത്തിന്റേയും ശംഖധ്വനിയുടേയും വലന്തലമേളത്തിന്റേയും അകമ്പടിയോടെ, ഇടത്തുഭാഗത്ത് പകുതിതാഴ്ത്തിപിടിച്ച തിരശ്ശീലയ്ക്കുള്ളിലായി പീഠത്തില്‍ കയറി നില്‍ക്കുന്നു). ഈ സമയത്ത് ദുര്യോധനന്നും ദുശ്ശാസനനും വലതുഭാഗത്തായി മോഹാലസ്യപ്പെട്ട് വീഴുന്നു. മുമുക്ഷു പ്രവേശിച്ച് ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട് വണങ്ങിയിട്ട് അദ്ദേഹത്തെ വലംവയ്ച്ചുകൊണ്ട് സ്തുതിക്കുന്നു.