മമതാവാരിരാശേ മാതുല

രാഗം: 

കാമോദരി

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ധര്‍മ്മാത്മജസ്യ വചനേന കഥഞ്ചിദേവം

നര്‍മ്മോപഹാസവിരതേ മരുതസ്തനൂജേ

വ്രീളാവിനമ്രവദനസ്സ നിവൃത്യ തൂഷ്ണീ-

മാഗത്യ നാഗനഗരീം ശകുനിം വൃഭാണീത്

മമതാവാരിരാശേ മാതുല മാനിച്ചു കേള്‍ക്ക

മമതാപാതിഭാരം മാതുല

യമാത്മജന്നുടെ സഭാഗൃഹം ഭീമയമാര്‍ജ്ജുനാദ്യരി ഭയാവഹം

വിമാനസന്നിഭ മഹാമഹം ‍അതില്‍ഗമിച്ചു സമ്പ്രതി ജവാദഹം

ആശു ഞാന്‍ കണ്ടേന്‍

വിശേഷവസ്തുവിനിരിപ്പിടം ശുചി-

വിശാലമെത്രയുമതിന്നിടം

അശേഷസന്മണിഗണസ്ഫുടം

അതു ഭൃശം ദൃഢീകൃതമഹാഭടം

ആമോദകരേ

സമഗ്രപൌരുഷജനാകുലേ രിപു-

സമക്ഷമങ്ങതി ഗുണോജ്വലേ

ഭ്രമിച്ചുവീണിതു സഭാതലേ

ബഹുനിമഗ്നനായഹമഹോ ജലേ

മാരുതി വൈരി

പരംഹസിച്ചിതു തദന്തരേ ബത

നിരന്നസജ്ജനനിരന്തരേ

ചിരിച്ചു പാര്‍ഷതി സഭാന്തരേ

പരമെരിഞ്ഞിടുന്നിതു ഹൃദന്തരേ

അർത്ഥം: 

ശ്ലോകം:- ധര്‍മ്മാത്മജന്റെ ഇപ്രകാരമുള്ള വചനം കൊണ്ട് മാരുതപുത്രന്‍ പരിഹാസം മതിയാക്കിയപ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തി മൌനിയായി കൌരവനഗരിയിലെത്തിയ ദുര്യോധനന്‍ ശകുനിയോട് ഇങ്ങിനെ പറഞ്ഞു.

മമതാവാരിധിയായ മാതുലാ, എന്റെ അധികമായ താപഭാരം ശ്രദ്ധിച്ചുകേള്‍ക്കുക. മാതുലാ, യമാത്മജന്റെ സഭാഗൃഹം ഭീമാര്‍ജ്ജുനാദി അരികളാല്‍ ഭയങ്കരവും വിമാനതുല്യവും മഹോത്സവം പോലെയുമിരിക്കുന്നതുമാണ്. ഞാനിപ്പോള്‍ പെട്ടന്ന് അതില്‍ ചെന്നു. വിശേഷവസ്തുക്കളുടെ ഇരിപ്പിടമായുള്ളതും ശുചിത്വമാര്‍ന്നതും വിശാലമായതും എല്ലായിടവും നല്ല രത്നങ്ങളാല്‍ അലങ്കരിക്കപ്പെട്ടതും ശക്തന്മാരായ ഭടന്മാരാല്‍ സംരക്ഷിക്കപ്പെടുന്നതുമായ അതിനെ ഞാന്‍ കണ്ടു. അമോദകരവും പൌരുഷം തികഞ്ഞ പുരുഷന്മാരാല്‍ ഇടതിങ്ങിയതും ഗുണോജ്വലവുമായ സഭാതലത്തില്‍, രിപുക്കളുടെ സമക്ഷത്തില്‍, ഞാന്‍ ഭ്രമിച്ചുവീണു. ജലത്തില്‍ ഏറ്റവും നിമഗ്നനായി. ഹോ! അപ്പോള്‍ വൈരിയായ മാരുതി പരിഹസിച്ചു. സജ്ജനങ്ങള്‍ നിരന്ന സഭയില്‍ വെച്ച് പാര്‍ഷദി തുടര്‍ച്ചയായി ചിരിച്ചു. ഹൃദയം ഏറ്റവും എരിയുന്നു.

അരങ്ങുസവിശേഷതകൾ: 

ശകുനി വലതുവശത്തായി പീഠത്തില്‍ ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ദുര്യോധനന്‍ ശകുനിയെ കണ്ട്, വന്ദിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.

അനുബന്ധ വിവരം: 

ശകുനിയുടെ വേഷം നെടുംകത്തിയാണ് വിധിയെങ്കിലും മുഖം മിനുക്കി നീണ്ടവെള്ളത്താടി കെട്ടിയ രീതിയിലാണ് ഇപ്പോള്‍ നടപ്പ്. അതിനാല്‍ തന്നെ ശകുനിക്ക് തിരനോട്ടവും പതിവില്ല.