പത്മജന്മനന്ദന ഗുരോ

രാഗം: കാമോദരി

താളം: അടന്ത

ആട്ടക്കഥ: അംബരീഷചരിതം

കഥാപാത്രങ്ങൾ: അംബരീഷൻ

ശ്ലോകം
നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണം
നീരന്ധ്രശാഖികുലനിഹ്നുതഭാനുബിംബം
സപ്രശ്രയം നൃപതിരാശ്രമമേത്യ ശാന്തം
സ പ്രസ്തുതസ്തുതി വസിഷ്ഠമൃഷിം വവന്ദേ

പദം

പത്മജന്മനന്ദന ഗുരോ പരമാത്മരൂപചിന്തന!

പത്മബന്ധുകുലത്തിനു നിൻപാദ-
പത്മങ്ങളല്ലോ ദൈവതം മഹാമുനേ!
ച1
ഭൂരിപുണ്യവസതേ നീയല്ലോ പുരോഹിതനായ് വാഴുന്നു;
പാരിലെന്തതിദുർല്ലഭം ഞങ്ങൾക്കു
പാർത്തുകാൺകിലധുനാ കൃപാലോ!
ച2
ഭാഗധേയനിലയൻ ഭഗീരഥഭൂമിപാലതിലകൻ
നാകവാഹിനിയെ തപസാ നര-
ലോകമാനയിച്ചതും കൃപാ തവ.
ച3
പന്നഗേന്ദ്രശയനൻ മുകുന്ദൻ പ്രസന്നനായി വരുവാൻ
കിന്നു കാര്യമതെന്തെന്നടിയനോടി-
ന്നരുൾചെയ്ക വിഭോ! മഹാമുനേ! അർത്ഥം: 

നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണം:- വൈരം ഉപേക്ഷിച്ച മൃഗങ്ങളാൽ ആശ്രയിക്കപ്പെടുന്നതായും ഇടതൂർന്നുനിൽക്കുന്ന വൃക്ഷങ്ങളാൽ സൂര്യരശ്മികൾ മറയ്ക്കപ്പെടുന്നതായും ശാന്തമായുമിരിക്കുന്ന ആശ്രമത്തെ പ്രാപിച്ചിട്ട് അംബരീഷരാജാവ് വസിഷ്ഠമഹർഷിയെ സവിനയം വന്ദിച്ച് സ്തുതിച്ചു.

പത്മജന്മനന്ദന ഗുരോ:- ബ്രഹ്മപുത്രാ, ഗുരോ, പരമാത്മസ്വരൂപത്തിനെ ഉപാസിക്കുന്നവനേ, മഹാമുനേ സൂര്യവംശത്തിന് അങ്ങയുടെ പാദപത്മങ്ങളാണല്ലൊ ദൈവമായുള്ളത്. പുണ്യങ്ങളുടെ ഇരിപ്പിടമായവനേ, കൃപാലോ, അങ്ങാണല്ലോ പുരോഹിതനായി വാഴുന്നത്. പിന്നെ ഇവിടെ ചിന്തിച്ചുനോക്കിയാൽ ഞങ്ങൾക്ക് ലോകത്തിൽ ഏറ്റവും ദുർലഭ്യമായിട്ടെന്ത്? ഭാഗ്യശാലിയും രാജതിലകനുമായ ഭഗീരഥൻ സ്വർഗംഗയെ തപസ്സുചെയ്ത് ഭൂമിയിലേയ്ക്ക് കൊണ്ടുവന്നതും അങ്ങയുടെ കൃപമൂലമാണല്ലോ. പ്രഭോ, മഹാമുനേ, അനന്തശായിയായ മുകുന്ദൻ പ്രസന്നനായിത്തീരുവാൻ ചെയ്യേണ്ട കാര്യം എന്താണേന്ന് അടിയനോട് അരുൾചെയ്താലും അരങ്ങുസവിശേഷതകൾ: 

ഇടത്തുഭാഗത്തുകൂടി ‘കിടതധീം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന അംബരീഷൻ വലതുവശത്തായി പീഠത്തിലിരിക്കുന്ന വസിഷ്ഠനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.