കല്യാണലസൗഗന്ധികം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

രചയിതാവ്: കോട്ടയത്ത് തമ്പുരാന്‍

കോട്ടയത്തു തമ്പുരാന്റെ ഏറ്റവും ജനപ്രിയമായ കഥകളിയാണ് കല്യാണസൗഗന്ധികം. പ്രണയിനിയുടെ അഭീഷ്ടം നിറവേറ്റാനായി ഒരു പൂവുതേടി നായകൻ യാത്രയാവുന്ന കഥാതന്തുവിന്റെ സൗന്ദര്യം, അവതരണത്തിലെ സങ്കേതലാവണ്യം എന്നിവയെല്ലാം ഇതിനു കാരണമാകാം. സൗഗന്ധികകഥ പല കേരളീയകലാരൂപങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.മാണി നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗമാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ സൗഗന്ധികകൃതി. കുഞ്ചൻ നമ്പ്യാരുടെ തുള്ളലായും മറ്റനേകം ദൃശ്യകലാരൂപങ്ങളായും സൗഗന്ധികകഥ കേരളീയമനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കാർത്തികതിരുനാൾ ഇതേ പേരിൽ മറ്റൊരു ആട്ടക്കഥ കൂടി രചിച്ചിട്ടുണ്ടെങ്കിലും അത് പ്രചാരത്തിലായില്ല.

മഹാഭാരതത്തിൽ ഈ കഥയുടെ പേര് ‘സൗഗന്ധികാഹരണം’ എന്നാണ്. കല്യാണസൗഗന്ധികം എന്ന മനോഹരനാമധേയം തന്നെ നൽകപ്പെട്ടത് നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗത്തോടെയാണ്. കല്യാണകരമായ സൗഗന്ധികപുഷ്പത്തിന്റെ കഥ എന്നോ കല്യാണകൻ എന്ന ഗന്ധർവ്വൻ കഥാപാത്രമായി വരുന്ന കൃതി എന്നോ കല്യാണസൗഗന്ധികമെന്ന വാക്കിന് നിഷ്പത്തി പറയാം.

നീലകണ്ഠകവിയുടെ കൽപ്പനകളെ ഉചിതമായി സ്വാംശീകരിച്ചും, അപൂർവ്വസുന്ദരങ്ങളായ കൽപ്പനാചാതുരികൾ നിർമ്മിച്ചും ആണ് കോട്ടയത്തു തമ്പുരാൻ സൗഗന്ധികരചന സാക്ഷാത്കരിച്ചിരിക്കുന്നത്. രൺറ്റു യുഗങ്ങളെ ഉല്ലംഘിയ്ക്കുന്ന സഹോദരസ്നേഹത്തിന്റെ കഥയായി തമ്പുരാൻ സൗഗന്ധികത്തെ വായിച്ചെടുക്കുന്നു. ഇരുവർക്കുമിടയിൽ അവരുടെ വാൽസല്യനിധിയായ പിതാവിന്റെ – വായുദേവന്റെ അദൃശ്യസാനിദ്ധ്യവും ഉണ്ട്. പ്രണയസല്ലല്പം ചെയ്യുന്ന ഭീമസേനനും പാഞ്ചാലിയ്ക്കും ഇടയിൽ സൗഗന്ധികപുഷ്പം കൊണ്ടുവന്നിടുന്നതു തന്നെ ‘വാൽസല്യനിധിയായ കാറ്റ്’ ആണ്. മിക്കവാറും എല്ലാ പദങ്ങളിലും ‘കാറ്റ്’ എന്നർത്ഥം വരുന്ന സംജ്ഞകളുടെ സാനിദ്ധ്യമുണ്ട്. സൗഗന്ധികപുഷ്പം തേടി ഗന്ധമാദനതാഴ്വരകളിലൂടെ യാത്രയാവുന്ന ഭീമസേനൻ ” സുന്ദരിയായ പാഞ്ചാലിയുടെ ചടുലചാരുകടാക്ഷങ്ങളെ” പാഥേയമാക്കി ആണ് പോകുന്നത്. മനോഹരമായ കാവ്യബിംബങ്ങളെക്കൊണ്ടും രചനാസൗഷ്ഠവം കൊണ്ടും അനുഗൃഹീതമായ ആട്ടക്കഥയാണ് കല്യാണസൗഗന്ധികം.

മൂലകഥ

മഹാഭാരതം വനപര്‍വ്വത്തില്‍ പലയിടത്തായി പറഞ്ഞിരിക്കുന്ന കഥകൾ സമന്വയിപ്പിച്ചാണ് കോട്ടയം തമ്പുരാൻ ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്. എൺപത്തിനാലാം അദ്ധ്യായം മുതൽ സൗഗന്ധികം ആട്ടക്കഥയിലെ കഥാസന്ദർഭങ്ങല് മഹാഭാരതത്തിൽ കാണാം. വനപർവ്വം മുപ്പത്തിമൂന്നാം അദ്ധ്യായത്തിലെ കഥയാണ് ‘ശൗര്യഗുണം’ എന്ന രംഗത്തിന് ആധാരം. തൊന്നൂറ്റി ഒന്നാം അദ്ധ്യായത്തെ അധികരിച്ചാണ് രണ്ടാം രഗം രചിക്കപ്പെട്ടിട്ടുള്ളത്. 118 മുതൽ 120 വരെയുള്ള വനപർവ്വത്തിലെ അദ്ധ്യായങ്ങളിൽ വിവരിയ്ക്കപ്പെടുന്ന കഥയെ അടിസ്ഥാനമാക്കിയാണ് മൂന്നാം രംഗം രചിയ്ക്കപ്പെട്ടിട്ടുള്ളത്. മഹാഭാരതത്തിൽ സൗഗന്ധികാഹരണകഥയ്ക്കു ശേഷമാണ് ജടാസുരവധം ( അദ്ധ്യായം 157) സൗഗന്ധികാപഹരണകഥയ്ക്കു മുൻപുള്ള രണ്ട് രംഗങ്ങളാക്കി ജടാസുരവധാഖ്യാനത്തെ കോട്ടയം തമ്പുരാൻ മാറ്റിയിട്ടുണ്ട്.

കഥാസാരം

അര്‍ജ്ജുനന്‍ ദിവ്യാസ്ത്രസിദ്ധിക്കായി ശിവനെ തപസ്സ് ചെയ്ത് പാശുപതാസ്ത്രം ലഭിച്ചു. തുടര്‍ന്ന് പിതാവായ ഇന്ദ്രന്റെ ആഗ്രഹപ്രകാരം സ്വര്‍ഗ്ഗത്തില്‍ എത്തി. ഇന്ദ്രന്‍ അര്‍ദ്ധാസനം നല്കി അര്‍ജ്ജുനനെ ആദരിച്ചു. ആ സമയം മറ്റുള്ള പാണ്ഡവര്‍ വനത്തില്‍ പാഞ്ചാലീസമേതം കഴിയുന്നു. ഇതാണ് സൗഗന്ധികകഥയുടെ പശ്ചാത്തലം.

പാണ്ഡവരും പാഞ്ചാലിയുമായി പുറപ്പാട് കഴിഞ്ഞ് കഥ ആരംഭിക്കുന്നു. 

അങ്ങനെയിരിക്കെ ഒരിക്കല്‍ ഭീമന്‍ ദുര്യോധനന്റെ ദുഷ്കര്‍മ്മങ്ങള്‍ വിചാരിച്ച് ക്രോധാന്ധനായി ധര്‍മ്മപുത്രരുടെ അടുത്ത് വന്ന് കൗരവന്മാരെ ഒന്നാകെ നശിപ്പിക്കാന്‍ താനൊരുത്തന്‍ മതിയെന്നും അതിന്‌ അനുവാദം നല്കണമെന്നും അപേക്ഷിച്ചു. ധര്‍മ്മപുത്രര്‍ അനുജനെ സമാധാനിപ്പിച്ചു. ദിവ്യാസ്ത്രലബ്ധിക്കായി പോയ അര്‍ജ്ജുനന്റെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ധര്‍മ്മജാദികള്‍ അര്‍ജ്ജുനനെപറ്റി വിചാരിച്ച് ദുഃഖിച്ചിരിക്കുകയായിരുന്നു. ഈ രംഗം ശൗര്യഗുണം എന്ന പേരിൽ ഒറ്റയ്ക്ക് അരങ്ങിൽ അവതരിപ്പിക്കാറുണ്ട്.

രംഗം രണ്ടിൽ ഇന്ദ്രനിർദ്ദേശപ്രകാരം അർജ്ജുനവൃത്താന്തം മറ്റ് പാണ്ഡവന്മാരെ അറിയിക്കാനായി രോമശമഹർഷി ധർമ്മപുത്രസമീപം എത്തുന്നു. താമസം കൂടാതെ ദേവലോകത്തുനിന്ന് അര്‍ജ്ജുനന്‍ ധര്‍മ്മപുത്രാദികളുടെ അടുത്ത് എത്തുമെന്നും അറിയിച്ചു. വൃത്താന്തം അറിയിച്ചതിനുശേഷം മഹർഷിയോടോപ്പം പാണ്ഡവർ പുൺയനദികളിൽ കുളിച്ചും ആശ്രമങ്ങൾ സന്ദർശിച്ചും കാലം കഴിക്കുന്നു. അഗസ്ത്യമുനിയുടെ ആശ്രമവും അവർ സന്ദർശിക്കുന്നു. പരശുരാമനാൽ അനുഗ്രഹിക്കപ്പെട്ട ആ പാണ്ഡവന്മാർ പൂർവാധികം തേജസ്സോടെ പ്രഭാസതീർത്ഥത്തിൽ ചെന്നെത്തി. ഈ സമയത്ത് ശ്രീകൃഷ്ണൻ തന്റെ ഭക്തന്മാരായ പാണ്ഡവന്മാർ വന്നിട്ടുണ്ടെന്ന് കേട്ട് യാദവന്മാരോടു കൂടി അവരെ കാണുവാൻ വന്നു.

രംഗം മൂന്നിൽ ശ്രീകൃഷ്ണൻ ധർമ്മപുത്രാദികളുടെ സമീപം എത്തുന്നു. അപ്രതീക്ഷിതമായി ബലരാമനോടും യാദവന്മാരോടും കൂടി തങ്ങളുടെ സമീപത്ത് വന്നുചേർന്ന ശ്രീകൃഷ്ണനെ കണ്ട് പാണ്ഡവന്മാർ, ആരാലും ജയിക്കപ്പെടാത്തവനും ആശ്രിതന്മാർക്ക് കൽപ്പവൃക്ഷതുല്യനും ആയ അദ്ദേഹത്തെ നമസ്കരിച്ച് അവരുറ്റെ ദുഃഖം പറഞ്ഞു. ശകുനിയുടെ നെറികേട് കാരണം സകല സുഖഭോഗങ്ങളും നശിച്ച് കാട്ടിൽ നടന്ന് മെലിഞ്ഞ ശരീരത്തോട് കൂടിയവരും തളർന്നവരുമായ പാണ്ഡവന്മാരെ കണ്ട് അവരെ വിധിയാം വണ്ണം സൽക്കരിച്ച് ബലരാമനോടുകൂടിയ ശ്രീകൃഷ്ണൻ സൗമ്യമായി അവരെ സമാധാനിപ്പിച്ചു. ശ്രീപരമേശ്വരനിൽ നിന്ന് സന്തോഷപൂർവ്വം അസ്ത്രം നേടി അർജ്ജുനൻ ഉടൻ തന്നെ തിരിച്ചെത്തും. സംശയമില്ല. മൗഢ്യം കളഞ്ഞ് ഭൂമിയിലുള്ള തീർത്ഥങ്ങളിലെല്ലാം സ്നാനം ചെയ്തുകഴിയുമ്പോഴേക്കും അങ്ങേക്ക് ജയം വരും എന്ന് പറഞ്ഞ് ശ്രീകൃഷ്ണനും കൂട്ടരും വിടവാങ്ങി.

രംഗം നാലിൽ ജടാസുരന്റെ ആത്മഗതം ആണ്. ബ്രാഹ്മണവേഷത്തിൽ ചെന്ന് ഭീമനറിയാതെ പാണ്ഡവരറിയാതെ അവരേയും പാഞ്ചാലിയേയും തട്ടിക്കൊണ്ട് പോകാൻ ജടാസുരൻ തീരുമാനിക്കുന്നു.

രംഗം അഞ്ചിൽ ജടാസുരന്‍ കപടബ്രാഹ്മണവേഷം കെട്ടി അവരോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധര്‍മ്മപുത്രരെ അറിയിച്ചു. ശുദ്ധാത്മാവായ ധര്‍മ്മജന്‍ സമ്മതിച്ചു. ജടാസുരനു ഭീമനെ സംശയം ഉണ്ടായിരുന്നു. ഭീമന്‍ നായാട്ടിന്‌ പോയ തക്കം നോക്കി ജടാസുരന്‍ സ്വരൂപം ധരിച്ച് ധര്‍മ്മപുത്രാദികളെ അപഹരിച്ചു. അപ്പോള്‍ സഹദേവന്‍ എങ്ങനേയോ അസുരന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഭീമനെ തേടിപ്പിടിച്ച് വിവരങ്ങള്‍ പറഞ്ഞു. ഉടന്‍ ഭീമന്‍ ജടാസുരനെ യുദ്ധത്തില്‍ വധിച്ചു.

രംഗം ആറിൽ വീണ്ടും പാണ്ഡവര്‍ യാത്ര തുടരുന്നു. പിന്നേയും കൊടുംകാട്ടില്‍ നടന്ന് തളര്‍ന്നവശനായ പാഞ്ചാലി ഭീമനോട് ആവലാതി പറയുന്നതാണ് ഈ രംഗത്തിൽ. പാഞ്ചാലിയുടെ ആവലാതി കേട്ട് ഭീമന്‍, തന്റെ മകനായ ഘടോല്‍ക്കചനെ സ്മരിക്കുന്നു.

രംഗം ഏഴിൽ ഘടോല്‍ക്കചന്‍ ഭൃത്യന്മാരുമായി ഉടന്‍ പാണ്ഡവസമീപം എത്തുന്നു. ഭീമന്റെ ആജ്ഞ അനുസരിച്ച് ഘടോല്‍ക്കചന്‍ പാഞ്ചാലിയേയും പാണ്ഡവരേയും തോളത്ത് എടുത്ത് അവരുടെ ഇഷ്ടപ്രകാരം സഞ്ചരിച്ചു. അങ്ങനെ അവര്‍ വടക്കൻ ദേശത്തിലുള്ള ഗന്ധമാദനപര്‍വ്വതത്തിന്റെ സമീപത്തെത്തി.

രംഗം എട്ട്. ഗന്ധമാദനപര്‍വ്വതസീമയില്‍ താമസിക്കുന്ന ഒരു ദിവസം പാഞ്ചാലിക്ക് അതുവരെ കണ്ടിട്ടില്ലാത്ത സൗഗന്ധിക പുഷ്പങ്ങള്‍ കാറ്റില്‍ പറന്ന് വന്ന് കിട്ടി. സൗഗന്ധികപുഷ്പങ്ങളുടെ ഭംഗിയും സൗന്ദര്യവും കണ്ട് ഇനിയും ഇത്തരം പുഷ്പങ്ങൾ കിട്ടണമെന്ന് പാഞ്ചാലി ഭർത്താവായ ഭീമനോട് ആവശ്യപ്പെട്ടു. തന്റെ പ്രേയസിയുടെ ഇംഗിതം സാധിപ്പിക്കാനായി ഭീമന്‍ ഗദാധാരിയായി ഉടനെ പുറപ്പെട്ടു.

രംഗം ഒമ്പതിൽ അനേകദൂരം സഞ്ചരിച്ച് ഉന്നതങ്ങളായ പര്‍വ്വതങ്ങളും മഹാവനങ്ങളും കടന്ന് ഭീമന്‍ കദളീവനത്തില്‍ എത്തി. കടടിച്ച് പൊളിച്ചുള്ള ഭീമന്റെ വരവ് കാരണം കദളീവനത്തില്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് ഇരിക്കുന്ന ഹനൂമാന്‌ തപോഭംഗം ഉണ്ടായി. മനക്കണ്ണുകൊണ്ട് തന്റെ തപോഭംഗത്തിനുള്ള കാരണം ഹനൂമാന്‍ മനസ്സിലാക്കി. തന്റെ അനുജനായ ഭീമന്റെ ആഗമനോദ്ദേശം മനസ്സിലാക്കിയ ഹനൂമാന്‍ ഭീമനെ ഒന്ന് പരീക്ഷിച്ച് സൗഗന്ധികപുഷ്പങ്ങള്‍ എവിടെ കിട്ടും എന്നെല്ലാം പറഞ്ഞ് കൊടുക്കാം എന്ന് തീരുമാനിച്ചു. പരീക്ഷിക്കുന്നതിനായി ഹനൂമാന്‍ ഒരു വൃദ്ധവാനരന്റെ വേഷം ധരിച്ച് ഭീമന്റെ വഴിയില്‍ കിടന്നു. വഴി തടസ്സം ഉണ്ടാക്കുന്ന വാനരവൃദ്ധനോട് എഴുന്നേറ്റ് പോകാന്‍ ഭീമന്‍ പറഞ്ഞു. എങ്കിലും വയസ്സായതിനാല്‍ ചലനശേഷി നഷ്ടപ്പെട്ടെന്നും തന്നെ ചാടി കിടന്ന് പൊയ്ക്കോള്ളാനും ഹനൂമാന്‍ ഭീമനോട് പറഞ്ഞു. പക്ഷെ വാനരജാതിയില്‍ തനിക്കൊരു ജ്യേഷ്ഠനുള്ളതിനാല്‍ കവച്ച് വെച്ച് പോകാന്‍ ഭീമന്‍ ഇഷ്ടപ്പെട്ടില്ല. വഴിക്ക് വിലങ്ങനെ കിടക്കുന്ന വൃദ്ധവാനരന്റെ വാല്‍ നീക്കി കടന്ന് പോകാന്‍ ഭീമന്‍ ശ്രമിച്ചെങ്കിലും വാനരപുച്ഛം ഒന്ന് അനക്കാന്‍ കൂടെ ഭീമന്‌ പറ്റിയില്ല. എന്തോ ദിവ്യത്വം ഈ വൃദ്ധവാനരനുണ്ടെന്ന് ധരിച്ച ഭീമന്‍ അങ്ങ് ആരാണേന്ന് താഴ്മയോടെ അന്വേഷിച്ചു. ആ സമയം ഹനൂമാന്‍ സ്വയം പരിചയപ്പെടുത്തി. ആശ്ചര്യത്തോടും സന്തോഷത്തോടും ഭക്തിയോടും കൂടെ ഭീമന്‍ ഹനൂമാനെ നംസ്കരിച്ചു. തുടര്‍ന്ന് സമുദ്രലംഘനരൂപം കാണിച്ചുതരുവാന്‍ ഹനൂമാനോട് ആവശ്യപ്പെട്ടു. ഹനൂമാന്‍ ആവും വിധം ചുരുക്കി സമുദ്രലംഘനരൂപം കാണിച്ചുകൊടുത്തു.

മാത്രമല്ല വരാൻ പോകുന്ന മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ കൊടിയിൽ ഇരുന്ന് ഭയങ്കരമായ അട്ടഹാസംകൊണ്ട് ശത്രുക്കളെ നശിപ്പിക്കാം എന്നും ഹനൂമാൻ വാക്കുകൊടുത്തു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സൗഗന്ധികപുഷ്പങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗ്ഗം ഹനൂമാന്‍ ഭീമനു പറഞ്ഞുകൊടുത്തു. ഭീമനെ യാത്രയാക്കി വീണ്ടും തപസ്സില്‍ മുഴുകി. ഈ രംഗത്തോടെ സൗഗന്ധികത്തിൽ രംഗത്ത് ഇന്ന് പ്രചാരമുള്ള ഭാഗത്തിന് സമാപ്തിയാകുന്നു.

രംഗം പത്തിൽ കുബേരന്റെ ഉദ്യാനവർണ്ണനയാണ്.

രംഗം പതിനൊന്നിൽ ഭീമൻ കുബേരന്റെ കൽഹാരവ്യാപിയിൽ എത്തുന്നു. സൗഗന്ധികങ്ങൾ അന്വേഷിക്കുന്ന ഭീമനെ കുബേരഭൃത്യന്മാർ തടുക്കുന്നു. യുദ്ധത്തിൽ ഭീമൻ  ജയിക്കുന്നു. 

രംഗം പന്ത്രണ്ടിൽ ഭീമൻ പുഷ്പകോദ്യാനത്തിൽ എത്തുന്നു.  സൗഗന്ധികങ്ങൾ അന്വേഷിച്ചുവന്ന ഭീമനെ ഇവിടേയും കുബേരഭൃത്യന്മാരായ നിശാചരർ എതിർക്കുന്നു. യുദ്ധത്തിൽ ഭീമൻ ജയിക്കുന്നു. സൗഗന്ധികങ്ങൾ ശേഖരിക്കുന്നു. ഭീമൻ തിരിച്ച് പോകുന്നു.

രംഗം പതിമൂന്നിൽ സൌഗന്ധികപുഷ്പങ്ങൾ നേടിയ ഭീമസേനൻ പാഞ്ചാലിയുടെ അടുത്ത് തിരിച്ചെത്തി അവ പത്നിക്ക് നൽകുന്നു. ഇതോടേ കല്യാണസൗഗന്ധികം ആട്ടക്കഥ സമാപിക്കുന്നു.
 

മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങൾ

രോമശന്‍, ലോമശന്‍ എന്ന് മഹര്‍ഷിയുടെ പേരില്‍ പാഠഭേദങ്ങളുണ്ട്‌. മഹാഭാരതത്തില്‍ സൗഗന്ധികം കൊണ്ടുവന്നതിനുശേഷം ആണ്‌ ജടാസുരവധം. ആട്ടാക്കഥയില്‍ ശ്രീകൃഷ്ണദര്‍ശനത്തിനോടനുബന്ധിച്ചാണ്‌. ലോമശമഹര്‍ഷിയുടെ ആഗമനത്തിനുശേഷമുള്ള അഗസ്ത്യാശ്രമവര്‍ണ്ണന മൂലകഥയില്‍ ഇല്ല. ശ്രീകൃഷ്ണന്‍ പാണ്ഡവരെ സന്ദര്‍ശിക്കുന്നതും മൂലകഥയില്‍ ഇല്ല.

നിലവിലെ രംഗാവതരണരീതി

മൂലകഥയിലും ആട്ടക്കഥയിലും വൃദ്ധവാനരന്റെ വാല്‍ ഇളക്കുവാന്‍ സാധിച്ചില്ല ഭീമന്‌ എന്നേ പറയുന്നുള്ളൂ. എന്നാല്‍ ഭീമന്റെ ഗദ വാലില്‍ കുടുങ്ങിയതായാണ്‌ കഥകളിയിൽ ആവിഷ്കരിക്കാറുള്ളത് “പാഞ്ചാലരാജതനേ” എന്നാരംഭിയ്ക്കുന്ന ഭീമസേനന്റെ പാഞ്ചാലിയോടുള്ള പതിഞ്ഞപദം മുതൽ ഹനുമാൻ ഭീമനെ വൈശ്രവണന്റെ സൗഗന്ധികപ്പൊയ്കയിലേക്ക് യാത്രയാക്കുന്നതുവരെയുള്ള ഭാഗം മാത്രമേ ഇപ്പൊൾ രംഗത്ത് പ്രചാരത്തിലുള്ളൂ.

“ശൗര്യഗുണനീതിജലധേ” എന്നാരംഭിയ്ക്കുന്ന ആദ്യരംഗം ‘ശൗര്യഗുണം’ എന്ന പേരിൽ പ്രത്യേകമായി പ്രചാരത്തിലുണ്ട്.

രംഗാവിഷ്കരണസവിശേഷതകൾ

രംഗാവതരണത്തിൽ ശ്രദ്ധയൂന്നി രചിയ്ക്കപ്പെട്ട ആട്ടക്കഥകളിൽ പ്രധാനമാണ് കല്യാണസൗഗന്ധികം. ഒട്ടനവധി സവിശേഷതകൾ സൗഗന്ധികത്തിന്റെ രംഗാവതരണത്തിൽ ഉണ്ട്.

  1. ആദ്യരംഗത്തിലെ ‘ശൗര്യഗുണനീതിജലധേ’ എന്ന ചമ്പ താളത്തിലുള്ള പദം കല്ലുവഴിസമ്പ്രദായപ്രകാരം സവിശേഷമായ ചൊല്ലിയാട്ടപ്രാധാന്യം അർഹിക്കുന്നു.
  2. പ്രാരംഭശ്ലോകമായ “ശക്രാർത്ഥം ശക്രസൂനോ” തിരശ്ശീലയില്ലാതെ, ഭീമസേനന്റെ ചിട്ടപ്രകാരമുള്ള അഭിനയത്തോടെയാണ് നിർവ്വഹിക്കപ്പെടുന്നത്.
  3. “ശൗര്യഗുണം” എന്ന പദത്തിന്റെ അന്ത്യത്തിൽ കല്ലുവഴിസമ്പ്രദായപ്രകാരം അഷ്ടകലാശം എന്ന അപൂർവ്വസുന്ദരമായ നൃത്തവിശേഷം ആവിഷ്കരിക്കപ്പെടുന്നു.
  4. “പാഞ്ചാലരാജതനയേ” എന്ന ഭീമസേനന്റെ ചെമ്പടതാളത്തിലുള്ള പതിഞ്ഞ ശൃംഗാരപ്പദം കഥകളിയിലെ ഏറ്റവും മനോഹരമായ പതിഞ്ഞ പദങ്ങളിൽ ഒന്നാണ്.
  5. പതിഞ്ഞപദത്തിന്റെ പകുതിയിൽ, “പഞ്ചമകൂജിത” എന്ന വരിയോടൊപ്പം ആരംഭിയ്ക്കുന്ന പതിഞ്ഞ ഇരട്ടി എന്ന നൃത്തം സവിശേഷവും അപൂർവ്വസുന്ദരവുമാണ്. പദത്തിനോടൊപ്പം ഇഴചേർന്ന നിലയിലുള്ള ഈ 24 താളവട്ടം നീണ്ടു നിൽക്കുന്ന ഇരട്ടി പോലെ മറ്റൊന്ന് ഒരു കഥകളിയിലും കാണാനാവില്ല.
  6. “പാഞ്ചാലരാജതനയേ” എന്ന പതിഞ്ഞപദം അവസാനിയ്ക്കുന്നത് പതിഞ്ഞ ഇരട്ടിയുടെ അവസാനം, ‘മാൻ’ എന്ന മുദ്ര വലതുകൈയ്യിൽ പിടിച്ച്, ഇടതുകാൽ പൊക്കി നിൽക്കുന്ന ഒരു സവിശേഷദൃശ്യത്തിലാണ്. ഇത് മറ്റൊരു പതിഞ്ഞപദത്തിലും കാണാനാവില്ല.
  7. ഭീമന്റെ വനയാത്രയിൽ മനോധർമ്മമായി ആവിഷ്കരിക്കപ്പെടുന്ന ആട്ടങ്ങൾ സാധാരണയായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച രണ്ട് ആട്ടശ്ലോകങ്ങളെ അധികരിച്ചുള്ളതാണ്.
  8. ഭീമന്റെ വനവർണ്ണനയിൽ സാധാരണയായി “അന്തർഗുഹാന്തര” എന്നാരംഭിയ്ക്കുന്ന നീലകണ്ഠകവിയുടെ സൗഗന്ധികം വ്യായോഗത്തിലെ ശ്ലോകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ‘അജഗരകബളിതം’ എന്ന ഒരു ആട്ടം പതിവുണ്ട്. നടന്റെ അഭിനയസാമർത്ഥ്യം പ്രകടമാക്കുന്ന ഒരു മികച്ച ആട്ടമാണ് ഇത്.
  9. വെള്ളത്താടി വേഷമായ ഹനൂമാന് സൗഗന്ധികത്തിൽ തിരനോക്ക് ഇല്ല. തിരനോക്ക് ഇല്ലാതെ ഹനൂമാൻ പ്രത്യക്ഷമാകുന്ന ഏക കഥകളിയാണ് കല്യാണസൗഗന്ധികം. കദളീവനത്തിൽ തപോലീനനായിരിക്കുന്ന നിലയിൽ ആണ് ഹനുമാൻ രംഗത്ത് പ്രത്യക്ഷമാകുന്നത്.
  10. തെക്കൻ സമ്പ്രദായപ്രകാരം ഹനുമാന് ” ആരിഹവരുന്നതിവനാരും” എന്ന ചമ്പ താളത്തിലുള്ള പദത്തിൽ ” മനസി മമ കിമപി ബത” എന്ന ഭാഗത്ത് അഷ്ടകലാശം പതിവുണ്ട്. കല്ലുവഴിസമ്പ്രദായപ്രകാരം ഈ ഭാഗത്ത് അഷ്ടകലാശമില്ല.

സൗഗന്ധികത്തിലെ ആട്ടശ്ലോകങ്ങൾ

ആദ്യരംഗത്തിൽ പഞ്ചാലീസവിധത്തിൽ നിന്നു പിരിഞ്ഞ്, ഗന്ധമാദനപർവ്വതത്തിന്റെ താഴ്വരയിലൂടെ യാത്രതിരിക്കുന്ന ഭീമസേനൻ കാണുന്ന കാഴ്ച്ചകളുടെ വർണ്ണനയ്ക്കായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിഖ്യാതകഥകളി ആചാര്യനായ പട്ടിയ്ക്കാം തൊടി രാവുണ്ണിമേനോന് ചില ആട്ടശ്ലോകങ്ങൾ എഴുതി നൽകുകയുണ്ടായി. അവയിൽ രണ്ടെണ്ണം എന്നും സാധാരണയായി രംഗത്ത് അവതരിപ്പിച്ചുവരുന്നു.

  1. പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
    പ്രാഗ്ഭാഗോപരിലോലനീലജലദ വ്യാലീഢ വപ്രസ്ഥലഃ
    വിഷ്വക്കീർണ്ണവിശുഷ്കകാഷ്ഠഹുതഭുങ്നിഷ്ഠൂതധൂമോത്കരം
    വ്യാധൂന്വൻ ഇവ ഗന്ധമാദനഗിരിർ ദൂരാദസൗ ദൃശ്യതേ. അർത്ഥം: ചായില്യം, മനയോല ആദിയായ ധാതുദ്രവങ്ങൾ സമൃദ്ധമായി പാറക്കൂട്ടങ്ങളുടെ മുകളിൽ കാണപ്പെടുന്നതും, കാട്ടുതീയിൽ നിന്നുയർന്ന പുക മുകളിലേയ്ക്ക് പൊങ്ങിയതു പോലെ തോന്നുമാറ് മുകളിൽ ഇളകിയും കറുത്തതുമായ കാർമേഘക്കൂട്ടങ്ങൾ നിറഞ്ഞതുമായ ഗന്ധമാദനപർവ്വതം ഇതാ ദൂരെക്കാണുന്നു.
     
  2. ഏതദ്‌ദുർഗ്ഗമമാർഗമുദ്ബണതൃണപ്രച്ഛന്ന മൃഛർക്കരം
    വീരൂർഭിന്നമിതം ലതാവിലയിതൈരുത്തംഭിതം പാദപൈഃ
    അന്യോന്യവ്യതിരിക്ത ദീർഘവികസഛാകോപ ശാഖാഛദൈഃ
    ദൂരോൽസാരിത സൂര്യരശ്മി വിപിനം ധത്തേ തമോഗുംഭനം അർത്ഥം: ഈ ദുർഗ്ഗമമായ മാർഗ്ഗം ഉയരം കൂടിയ പുല്ലുകളും വള്ളിക്കൂട്ടങ്ങളും നീണ്ടു തടിച്ച ശിഖരങ്ങളോടുകൂടിയ വന്മരങ്ങളും കെട്ടുപിണഞ്ഞ് വഴിയടഞ്ഞുകാണുന്നു. ദൂരെ പ്രകാശിക്കുന്ന സൂര്യന്റെ രശ്മി കൂടി തട്ടാത്ത ഈ വനം ഇരുട്ടിന് പാത്രമായി ഭവിച്ചിരിക്കുന്നു.
     
  3. അന്തർഗുഹാഗതമഹാജഗരാസ്യദംഷ്ട്രാ-
    വ്യാകൃഷ്ടപാദമുരുഗർജ്ജിതമേഷസിംഹഃ
    ദൃഷ്ടാഗ്രകൃഷ്ടകുംഭതടാസ്ഥിവദ്ഗദ്-
    ഗ്രീവാനിഘാതനഖാക്ഷിപതിദ്വിപേന്ദ്രം അജഗരകബളിതം ആട്ടം ഈ ശ്ലോകത്തെ ഉപജീവിച്ചാണ്. പറവൂർ നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗത്തിലെ ശ്ലോകം. ഈ ആട്ടത്തിന് അജഗര കബളിതം എന്നു പേര് വന്നത് പുതിയാക്കൽ തമ്പാൻ്റെ കാർത്ത വീര്യവിജയം ആട്ടകഥയിൽ രാവണൻ വിന്ധ്യ കാണുന്നത് പറയുന്ന ഒരു പദമുണ്ട്   അതിൽ ഒരു ചരണം “അജഗര കബളിത ചരണൻ ഹരിഭുജബലപീഡിത വദനൻ, ഗജവരനിതാ ഗതശരണൻ, പാരം രചയതി രവമതി കരുണം” എന്ന പദമുണ്ട്  … ഇതിനു ശേഷമാണ് ആ ആട്ടത്തിന് അജഗര കബളിതം എന്ന് പേര് വന്നത് എന്ന് പണ്ഡിതമതം.

അരങ്ങുസവിശേഷതകൾ: 

കഥാപത്രങ്ങൾ അവരുടെ പ്രാധാൻയം എന്നിവ തരം തിരിച്ച്:

ഭീമൻ പച്ച

ഭീമൻ പച്ച ആദ്യവസാനം (പാഞ്ചാലരാജ തനയേ.. മുതൽ)

ധർമ്മപുത്രർ പച്ച

രോമശൻ മിനുക്ക്-മഹർഷി ഇടത്തരം

ശ്രീകൃഷ്ണൻ പച്ച-മുടി

ജടാസുരൻ – ചുവന്നതാടി

ജടാസുരൻ മിനുക്ക്

പാഞ്ചാലി സ്ത്രീ

ഘടോൽക്കചൻ കത്തി കുട്ടിത്തരം

ഹനൂമാൻ  വെള്ളത്താടി ഒന്നാം തരം

കുബേർഭൃത്യൻ മിനുക്ക്

ക്രോധവശൻ ചുവന്നതാടി

സൗഗന്ധികത്തിലെ പതിഞ്ഞപദമായ “പാഞ്ചാലരാജ തനയേ..” ആദ്യത്തെ ചരണം ഇരട്ടിയോടുകൂടി അവസാനിപ്പിക്കുകയാണ് ചിട്ട. അതോടുകൂടി “വാതേനവത്സലയിതേവ” ഇത്യാദിയായ ശ്ലോകം ചൊല്ലി അതു പാഞ്ചാലി അഭിനയിക്കുകയാണ് പതിവ്. എന്നാൽ നാലാമിരട്ടി കഴിഞ്ഞ് ആട്ടത്തിന് വട്ടം തട്ടുകയും ഭീമൻ തടാകത്തേയും ശിലാതലത്തേയും വർണ്ണിച്ച് “ലീലായാനം” എന്ന ശ്ലോകം ആടുന്ന സമ്പ്രദായം കടത്തനാട്ട് കളിയോഗക്കാർക്ക് ഉണ്ടായിരുന്നതായി കെ.പി.എസ് മേനോൻ അനുസ്മരിക്കുന്നു. രതിപ്രാർത്ഥനചെയ്യുന്ന നായകനോട് തന്റെ ആനുകൂല്യം പ്രദർശിപ്പിച്ചശേഷം പുഷ്പം കിട്ടുന്നതാണ് ഉചിതം എന്നായിരുന്നു അവരുടെ അഭിപ്രായം. പാഞ്ചാലിയോട് യാത്ര പറഞ്ഞ് സൗഗന്ധികത്തിന് പുറപ്പെടുന്ന ഭീമന്റെ കയ്യിൽ ശംഖ് ഉണ്ടായിരിക്കും. ശംഖിന്റെ കാര്യത്തിലും കടത്തനാട്ടുകാർ ശ്രദ്ധിച്ചിരുന്നു. കടത്തനാട്ട് സമ്പ്രദായത്തിൽ ഹനൂമാന് പതിവുപോലെ തിരനോക്കുണ്ട്. അതിനേശേഷം തപസ്സിലിരുന്ന് തിരതാഴ്ത്തും.