പുഷ്കര, നീ പഴുതേ ജന്മം നിഷ്ഫലമാക്കരുതേ

രാഗം: 

അസാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

കലി

പല്ലവി

പുഷ്കര, നീ പഴുതേ ജന്മം നിഷ്ഫലമാക്കരുതേ.

അനുപല്ലവി.

ദുഷ്കരമായിട്ടൊന്നുമില്ല കേൾ
മത്സഹായമുണ്ടായാലേവനും.
നളനും നീയും ഭേദമെന്തിവിടെ?
നാടു വാഴ്ക നളനെവെന്നു സമ്പ്രതി.

ചരണം. 1

നേരെ നിന്നൊടെടോ ഞാൻ പുനരാരെന്നും പറയാം,
പാരിലെന്നെയിന്നാരറിയാത്തവർ?
വൈരി വൈരസേനിക്കിഹ ഞാൻ കലി,
തവ ഞാൻ മിത്രം, തസ്യ നാടു ഞാൻ
തേ തരുന്നു, ചൂതുപൊരുക പോരിക.

ചരണം. 2

നിൽക്ക മദീയമതേ വിജയം നിശ്ചിതമാമിഹ തേ,
വക്രയമില്ലെന്നാകിലെന്തെടോ?
വയ്ക്കചൂതിനായെന്നെപ്പണയം;
ധനവും ധാന്യം നാടുമൊക്കെയും
കൈക്കലാക്കിയവനെ വിടുക വനഭുവി.

അർത്ഥം: 

സാരം: പുഷ്കര, നീ വെറുതേ നിന്റെ ജന്മം പാഴിലാക്കിക്കളയരുത്‌. എന്റെ സഹായം നിനക്കുണ്ടായാൽ പിന്നെ ദുഷ്കരമായിട്ട്‌ ഒന്നുമില്ല. നളനും നീയും തമ്മിൽ എന്തു ഭേദമാണുള്ളത്‌? നളനെ ജയിച്ചു നീ നാടു വാഴുക. നിന്നോടു നേരെ ഞാൻ ആരെന്നു പറയാം. പാരിൽ എന്നെ അറിയാത്തവർ ആരുണ്ട്‌? നളന്റെ ശത്രുവായ കലിയാണു ഞാൻ. നിനക്കു ഞാൻ മിത്രവും. അവന്റെ രാജ്യം ഞാൻ നിനക്കു തരുന്നു. നളനുമായി ചൂതു പൊരുതുന്നതിനായി നീ എന്റെ കൂടെ പോരിക. ഞാൻ പറയുന്നതു കേട്ടു നിന്നാൽ നിന്റെ വിജയം ഉറപ്പാണ്‌. പണയമില്ലെന്നു വിഷമിക്കേണ്ട. എന്നെത്തന്നെ പണയമായി വയ്ക്കുക. ധനം, ധാന്യം, നാട്‌ എന്നിവയെല്ലാം കൈക്കലാക്കി അവനെ വനത്തിലയയ്ക്കാം.

അരങ്ങുസവിശേഷതകൾ: 

കലിയിൽനിന്നു സൗഹൃദം ലഭിക്കുമെന്ന്‌ ഉറപ്പാക്കി, പുഷ്കരൻ നളന്റെ കൊട്ടാരത്തിലേക്കു പുറപ്പെടുന്നു.

അനുബന്ധ വിവരം: 

സ്വതേ ധൈര്യശാലി അല്ല പുഷ്കരൻ. കലി പുഷ്കരനെ മുഷ്കരനാക്കിയതാണ്. അതിനാൽ തന്നെ നളനെ ചൂതിനുവിളിക്കാൻ ധൈര്യക്കുറവുണ്ട്. കലി കാളയായി വന്ന് ചൂതുകളിസമയത്ത് സപ്പോർട്ട് ചെയ്യുകയാണ്.