നാരായണം ഭജ മുനീന്ദ്ര 

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ബ്രഹ്മാവ്

പദം
നാരായണം ഭജ മുനീന്ദ്ര ശരണം
ശരണാഗതാർത്ത ജനഭരണനിപുണം മുനേ!

ചാരുചില്ലീലതാചാലനംകൊണ്ടഖില-
പാലനാദി ചെയ്യുന്ന പരമകല്യാണം

പരമപൂരുഷനുടെ പാണിധൃതമസ്ത്രമിതു
പരിചിനൊടടങ്ങുവാൻ പരമകല്യാണം
 

അർത്ഥം: 

മുനിശ്രേഷ്ഠാ, ശരണം പ്രാപിക്കുന്ന ദുഃഖിതരായ ജനങ്ങളെ രക്ഷിക്കുന്നതിൽ നിപുണനായ നാരായണനെ ഭജിക്കൂ. മനോഹരമായ പുരികക്കൊടികളുടെ ചലനങ്ങളെക്കൊണ്ട് എല്ലാവരേയും പരിപാലിക്കുന്ന സർവ്വമംഗളനാണ് അദ്ദേഹം. ആ പരമപൂരുഷന്റെ കൈയ്യിൽ ശോഭിക്കുന്നതായ ഈ ആയുധം വേണ്ടുംവണ്ണം ശാന്തമാവാൻ മറ്റുവഴികളൊന്നും ഇല്ല.

അരങ്ങുസവിശേഷതകൾ: 

ബ്രഹ്മാവ് ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ശേഷം ആട്ടം-
ദുർവ്വാസാവ്:’അങ്ങ് എന്നെ രക്ഷിക്കേണമേ’
ദുർവ്വാസാവ് വീണ്ടും ബ്രഹ്മാവിനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി ബ്രഹ്മദേവൻ അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ചൂട് സഹിക്കാനാവാതെ എഴുന്നേൽക്കുന്ന ദുർവ്വാസാവ് പ്രാണഭയം കൊണ്ട്  ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.