കുചേലവൃത്തം

ആട്ടക്കഥാകാരൻ മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം. ഇത് കൂടാതെ അദ്ദേഹം, വൽക്കലവധം അപ്രസിദ്ധമായ ഒരു ജീമൂതവാഹനകഥയും എഴുതിയിട്ടുണ്ട്. വൽക്കലവധം ആട്ടക്കഥ കുചേലവൃത്തത്തിന്റെ പൂർവ്വഭാഗം എന്ന നിലയിലാണ് 101 ആട്ടക്കഥകൾ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.   പോറ്റിയെ പറ്റി വിശദമായി ഇവിടെ വായിക്കാം.  കഥാസംഗ്രഹം കുചേലവൃത്തത്തെ പറ്റി വിശദമായി എ.ആർ.ശ്രീകൃഷ്ണൻ എഴുതിയത് ഇവിടെ വായിക്കാം.   ശ്രീകൃഷ്ണനും പത്നിമാരും (രുഗ്മിണി) പ്രേമസല്ലാപത്തിൽ ഇരിക്കുന്ന ഒന്നാം രംഗത്തോടെ ഭക്തിരസപ്രധാനമായ ഈ കഥ തുടങ്ങുന്നു. എന്നാൽ ഈ രംഗം അരങ്ങത്ത് ഇപ്പോൾ പതിവില്ല. രണ്ടാം രംഗത്തിൽ കുചേലഗൃഹം ആണ് കാണിയ്ക്കുന്നത്. ഇവിടെ ധ്യാനത്തിൽ ഇരിക്കുന്ന കുചേലനോട് കുചേലപത്നി വന്ന് കുടുംബത്തിലെ ദാരിദ്യ്രത്തെ പറ്റി സങ്കടം പറയുന്നു. യാചിക്കാത്ത സ്ഥലങ്ങൾ ഇല്ല, എന്തെങ്കിലും കിട്ടിയാൽ ആയി, കുട്ടികൾ വന്ന് വിശന്ന് കരഞ്ഞ് കരഞ്ഞ് ഉറങ്ങുന്നു. എന്തെങ്കിലും കൈമാറ്റം ചെയ്ത് ഭക്ഷണം വാങ്ങാനാണെങ്കിൽ എന്റെ കയ്യിൽ വളകളോ കാതിൽ കമ്മലോ എന്തിനു, താലികൂടെ എനിക്കില്ല എന്ന് അങ്ങേയ്ക്ക് അറിയാമല്ലൊ. ആയതിനാൽ ഭർത്താവേ, ശ്രീകൃഷ്ണൻ താങ്കളുടെ സഹപാഠിയാണെന്ന് കീർത്തിയുണ്ട്. അതിനാൽ രാക്ഷസവർഗ്ഗശത്രുവായ ആ മുകുന്ദനെ സന്തോഷത്തോടേ ചെന്ന് കണ്ട് കാര്യങ്ങൾ പറഞ്ഞാൽ നമ്മുടെ ദാരിദ്ര്യം അവസാനിക്കും, എന്ന് പറയുന്നു. ഇത് കേട്ട കുചേലൻ സമ്മതിച്ച്, ലോകനാഥനായ അവനെ കാണുമ്പോൾ വല്ലതും കൊടുക്കണം, അത് അവിലോ മലരോ ഇന്നത് എന്നില്ല, നിന്റെ ക്ഴിവിനനുസരിച്ചുള്ളത് തരുക. ഭഗവാനു എല്ലാ വസ്തുക്കളും ഒരുപോലെ ചേരും. കയ്യിലൊന്നും കൂടാതെ പോകാൻ വയ്യ. എന്ന് അറിയിക്കുന്നു. മൂന്നാം രംഗത്തിൽ കുചേലപത്നി പുറത്ത് പോയി യാചിച്ച് കല്ലും മണ്ണും നിറഞ്ഞ അൽപ്പം അവിൽ കൊണ്ട് വന്ന് കൊടുക്കുന്നു. അതും വാങ്ങി കുചേലൻ ശ്രീകൃഷ്ണസന്നിധിയിലേക്ക് യാത്ര തിരിക്കുന്നു. നാലാം രംഗത്തിൽ കുളിച്ച് യാത്ര പോകുന്ന സമയത്ത് ഭക്തനായ കുചേലൻ ശ്രീകൃഷ്ണന്റെ ഭക്തവാത്സല്യവും ബ്രാഹ്മണപ്രിയത്വവും എല്ലാം ആലോചിയ്ക്കുന്നു. ദാനവാരി മുകുന്ദനെ എന്ന പ്രസിദ്ധമായ വിചാരപ്പദം ഇവിടെ ആണ്. അഞ്ചാം രംഗത്തിൽ കുചേലൻ കൃഷ്ണസന്നിദ്ധിയിൽ എത്തുന്നു. കുചേലൻ വരുന്നത്, ദ്വാരകയിലെ തന്റെ മാളികയിൽ ഇരുന്ന് രുഗ്മിണിയുമായി സല്ലപിച്ചിരിക്കുന്ന സമയത്ത്, ശ്രീകൃഷ്ണൻ കാണുന്നു. ഉടനെ എഴുന്നേറ്റ് ചെന്ന് കുചേലനെ സ്വീകരിച്ച് കാലുകഴുകിച്ച് മാളികമുകളിലേക്ക് കൊണ്ട് പോകുന്നു.  അവിടെ സപ്രമഞ്ചത്തിൽ ഇരുന്ന്, കുചേലനും ശ്രീകൃഷ്ണനും അവരവരുടെ ഗുരുകുലകാലത്തെ പറ്റിയുള്ള ഓർമ്മകൾ അയവിറക്കുന്നു. പെട്ടെന്ന് ശ്രീകൃഷ്ണൻ തനിയ്ക്ക് വിശക്കുന്നു എന്താണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് കുചേലനോട് ആരായുന്നു. കുചേലന്റെ കയ്യിൽ നിന്ന് അവിൽപ്പൊതി വാങ്ങി തുറന്ന് ഭക്ഷിക്കുന്നു. മുഴുവൻ ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ അടുത്ത് നിൽക്കുന്ന രുഗ്മിണി തടുക്കുന്നു. രുഗ്മിണി അവിൽ വാങ്ങി എല്ലാവർക്കും കൊടുക്കുന്നു. കുചേലൻ കൃഷ്ണനോട് യാത്രപറഞ്ഞ് തിരിച്ച് ഗൃഹത്തിലേക്ക് പോകാനായി തയ്യാറെടുക്കുന്നു, പരസ്പരം ആലിംഗനം ചെയ്ത് ശ്രീകൃഷ്ണൻ കുചേലനെ യാത്ര ആക്കുന്നു. ഇതോടെ ഈ രംഗവും കഴിയുന്നു. ആറാം രംഗത്തിൽ കുചേലൻ മടങ്ങുന്നതാണ്. തിരിച്ച് നടക്കുമ്പോഴും ഭക്തനായ കുചേലനു കൃഷ്ണചിന്ത മാത്രമേ ഉള്ളൂ. കുചേലൻ കൃഷ്ണന്റെ ആതിഥ്യവും മറ്റും ഓർത്തുകൊണ്ട് നടക്കുന്നു. ഏഴാം രംഗത്തിൽ സർവ്വവിധസമ്പത്തും ലഭിച്ച കുചേലപ്ത്നിയെ ആണ് കാണുക. ശ്രീകൃഷ്ണനെ കാണാൻ പോയ ഭർത്താവ്, തന്നെ മറന്നു, തിരിച്ച് വരുന്നത് ഇതുവരെ കാണുന്നില്ല എന്നൊക്കെ പത്നി വേവലാതി പെടുന്നു, ചുറ്റുമുള്ളവർ സമാധാനിപ്പിക്കുന്നു. തിരിച്ച് വരുന്ന കുചേലൻ തന്റെ ഭവനം കണ്ട് അത്ഭുതപ്പെടുന്നു. ഇത് ഇടശ്ലോകങ്ങളിൽ കഴിക്കുന്നു. എട്ടാം രംഗത്തിൽ അസൂയക്കാരിയായ ദാസി വൃദ്ധയ്ക്കും മറ്റുള്ളവർക്കും എല്ലാം വേണ്ട സ്വത്തും മറ്റും കൊടുത്ത് കൃഷ്ണഭക്തിയോടെ കുചേലനും കുടുംബവും വസിക്കുന്നു. ഈ രംഗം അപൂർവ്വമെങ്കിലും പതിവുണ്ട്. അവസാനരംഗം ഒമ്പതിൽ ശ്രീകൃഷ്ണൻ തന്റെ ജ്യേഷ്ഠൻ ബലരാമനോടൊപ്പം സമന്തകതീർത്ഥത്തിലേക്ക് തീർത്ഥയാത്ര പോകാനായി ആലോചിക്കുന്നതോടെ കഥ പൂർണ്ണമാകുന്നു.   വേഷങ്ങൾകുചേലൻ – ബ്രാഹ്മണവേഷം മിനുക്ക് കുചേലപത്നി – സ്ത്രീവേഷം മിനുക്ക് ശ്രീകൃഷ്ണൻ – പച്ച, കൃഷ്ണമുടി രുഗ്മിണി – സ്ത്രീവേഷം മിനുക്ക് വൃദ്ധ – ലോകധർമ്മി