ഹരിത്പ്രഭുക്കളെയൊരിക്കലും

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ഹരിത്പ്രഭുക്കളെയൊരിക്കലും അസത്‌-
കരിച്ചതില്ലഹം കിനാവിലും, എന്ന-
ങ്ങിരിക്കവേ പുനരിവർക്കഹോ നമ്മെ
ച്ചതിപ്പതിനു നഹി നിമിത്തവും;
എങ്കലൊരപരാധം വരികിലു-
മിങ്ങനെ തുടരാമോ? ത്രിഭുവന-
സങ്കടഹരരിവർപോൽ! ഹരഹര! ശങ്കര! കിം കരവൈ?
ചെറിയ നാളിൽത്തന്നെ തുടങ്ങി ഞാൻ
അറിവൻ കണവൻ മമ നളനെന്നേ
മറിവില്ലതിനിങ്ങെന്നു വരികിലോ, അറിയായ്‌-
വരിക മമ രമണനെ; ഒരുനാളും ഞാൻ
മനസാ വപുഷാ വാചാ ന നളാദിതരം ജാനേ;
അതിനാൽ ദേവാ മുദിതാ ദദതാമേതം രമണം;
ഇത്തൊഴിൽ വെടിഞ്ഞെന്നുടെയത്തലൊഴിച്ചരുളേണം;
ഭക്തജനചിത്തമുണ്ടോ തപ്തമാക്കുമാറീശന്മാർ?

ഇന്ധാനേ ഹൃദി സന്താപേ ഭൃശ-
മെന്തു ചെയ്‌വു ഞാനധുനാ?

അർത്ഥം: 

സാരം: ദീക്പാലന്മാരെ ഞാൻ കിനാവിൽപോലും ധിക്കരിച്ചിട്ടില്ല. അപ്പോൾ ഇവർ എന്നെ ഇങ്ങനെ ചതിക്കുന്നതിന്‌ ഒരു കാരണവും കാണുന്നില്ല. അഥവാ എന്നിൽ അപരാധമുണ്ടെങ്കിൽത്തന്നെ ഇവർ ഇങ്ങനെ തുടങ്ങുന്നതു ശരിയാണോ? ത്രിഭുവനത്തിന്റെ സങ്കടങ്ങൾ തീർക്കുന്നവരാണത്രേ ഇവർ! ഹരഹര ശങ്കരാ, ഞാൻ എന്തു ചെയ്യും? ചെറുപ്രായത്തിൽത്തന്നെ നളനാണ്‌ എന്റെ കണവൻ എന്നു ഞാൻ കരുതിയിരുന്നു. അതിൽ കളങ്കമില്ലെങ്കിൽ എന്റെ രമണനെ എന്റെ മുന്നിൽ വെളിപ്പെടുത്തുക. ഒരുനാളും ഞാൻ മനസ്സുകൊണ്ടും ശരീരംകൊണ്ടും വാക്കുകൊണ്ടും നളനെയല്ലാതെ മറ്റൊരാളെ അറിയുന്നില്ല. അതിനാൽ എന്നിൽ പ്രീതരായി ദേവന്മാർ എന്റെ രമണനെ എനിക്കു വെളിവാക്കിത്തരിക. എന്റെ ദുഃഖം തീർത്തുതരണം. ഇശ്വരന്മാർ ഭക്തജനചിത്തത്തെ ദുഃഖിപ്പിക്കാറുണ്ടോ? എന്റെ ഹൃദയത്തിൽ സന്താപം വളരുമ്പോൾ ഞാൻ എന്തു ചെയ്യും?