അതിപ്രൗഢാ, അരികിൽവാടാ

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

ആമന്ത്ര്യ കാന്താം വിരഹാസഹാം താം
ഭീമം തതോന്യാനപി നൈഷധോസൗ
ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ
ഹേമന്തവത്‌ പുഷ്കരഹാനയേഗാത്‌.

പല്ലവി
അതിപ്രൗഢാ, അരികിൽവാടാ, ചൂതു പൊരുവാനായ്‌
അതിപ്രൗഢാ, അരികിൽവാടാ

അനു.
മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല.

ച.1
ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ, മതിനു
പണയം പറയാ,മതു ധരിക്കേണം,
ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ
മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം.

2.
പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു,
രണ്ടാമതും നേടിനേൻ കനക്കെ ഞാൻ.
മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ
മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ.

3.
ദ്യൂതമിനിത്തുടർന്നാലപജയമെന്നു
ചേതസി നിനയ്ക്ക നീ, യദി ഭയം
നീ തരിക മേ മഹംരണമയം എനിക്കോ
ഭേദിമില്ലോ,രുപോലെ തദുഭയം ദൃഢജയം.

അർത്ഥം: 

ശ്ലോകസാരം: നളൻ വിരഹം സഹിക്കാൻ കഴിയാത്ത ദമയന്തിയോടും ഭീമരാജാവിനോടും പിന്നെ മറ്റുള്ളവരോടും യാത്ര പറഞ്ഞിട്ട്‌ ശ്രീയുള്ള ഒരാനയുടെ പുറത്തു കയറി സൈന്യത്തോടുകൂടി ഹേമന്തം പുഷ്കരത്തെ (താമരപ്പൂവിനെ) എന്നപോലെ രാജ്യം കൈക്കലാക്കിയ പുഷ്കരനെ വധിക്കാനായി പുറപ്പെട്ടു. 

സാരം: അഹങ്കാരിയായവനേ, ചൂതുകളിക്കാനായി എന്റെ അരികിലേക്കു വരിക. ഇനി നീ ഒരിക്കൽക്കൂടി എന്നെ ജയിക്കണം. അതിനുള്ള പണയാം, ശ്രദ്ധിച്ചു കേൾക്കുക. കളിയിൽ തോറ്റാൽ ധനം മാത്രമല്ല, പ്രാണനും ഉപേക്ഷിക്കേണ്ടിവരും. ജയിച്ചാൽ സന്തോഷത്തോടെ രാജ്യം ഭരിച്ചു സുഖിക്കുക.
 

അരങ്ങുസവിശേഷതകൾ: 

കയ്യിൽ വാൾ ധരിച്ച പീഠത്തിൽനിന്ന്‌ നളൻ ഇരുഭാഗവും നോക്കി, തന്റെ കൊട്ടാരം കണ്ട്‌, വീണ്ടും സഞ്ചരിച്ച്‌ മന്ത്രിയോട്‌ പുഷ്കരനെവിടെയെന്ന്‌ ചോദിച്ചറിഞ്ഞ്‌ ചൂതിനു വിളിക്കുന്നു.  പദം.

പദം കഴിഞ്ഞ്‌ നാലരട്ടിയെടുത്ത്‌ നളൻ ചൂതിനു വിളിക്കുന്നു. പുഷ്കരൻ വലതുഭാഗത്തുകൂടി പ്രവേശിച്ച്‌ കണ്ട്‌ പദം.