വദനസുധാകര 

രാഗം: 

എരിക്കലകാമോദരി

താളം: 

ചെമ്പട

കഥാപാത്രങ്ങൾ: 

പത്നി(മാർ)

വദനസുധാകര ഗളിതാമൃതരസ-
സദൃശം തവ വചനം വല്ലഭ
മദനരസം വളരുന്നയി മമ
മദനസദൃശ പുണരുക സസുഖം.
(രാജേന്ദ്ര മഹാരഥമകുട രാജിതപദപങ്കജവീര)

അരങ്ങുസവിശേഷതകൾ: 

ജരാസന്ധനും പത്നിയും അന്യോന്യം പദങ്ങൾക്കു ശേഷം, ജരാസന്ധൻ പത്നിയെ ആലിംഗനം ചെയ്ത് സുഖദൃഷിയിൽ ഇരിക്കുന്നു. ഇതിനുമുൻപായി നടന്മാരുടെ മനോധർമ്മാനുസ്സരണം നായികയുടെ സൗന്ദര്യം വർണ്ണിച്ചുകൊണ്ടുള്ള ആട്ടങ്ങളും പതിവുണ്ട്. 

ജരാസന്ധൻ:(സുഖദൃഷ്ടിയിൽ ഇരിക്കവെ പെട്ടന്ന് എന്തോ ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്) ‘ഉം, എന്തുമാകട്ടെ’ (പത്നിയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കവെ വീണ്ടും ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്)’എന്ത്? എന്തായാലും അന്യൂഷിച്ച് അറിയുകതന്നെ’ (പത്നിയെ വിടർത്തിനിർത്തിയിട്ട്)’അല്ലയോ പ്രിയേ, നീ അന്തപ്പുരത്തിൽ പോയി സുഖമായി വസിച്ചാലും. ഞാൻ കേട്ടശബ്ദം എന്തെന്ന് അറിഞ്ഞുവരാം’

ജരാസന്ധപത്നി വണങ്ങി നിഷ്ക്രമിക്കുന്നു.

ജരാസന്ധൻ:(പത്നിയെ അയച്ച് തിരിഞ്ഞുവന്ന് ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്)’കർണ്ണങ്ങൾ പൊട്ടുമാറ് ശബ്ദം കേൾക്കുന്നതെന്ത്? പർവ്വതങ്ങൾ പറന്നുവരുകയാണോ?’ (ആലോചിച്ച് മനസ്സിലാക്കിയിട്ട്)’അല്ല. പണ്ട് ഇന്ദ്രൻ തന്റെ വജ്രായുധം കൊണ്ട് പർവ്വതങ്ങളുടെ ചിറക് അറുത്തുകളഞ്ഞതിനാൽ പർവ്വതങ്ങൾ പറക്കുകയില്ല. പിന്നെ എന്ത്? സമുദ്രം സത്യത്തെലംഘിച്ച് അതിർത്തികടന്ന് വരികയാണോ?’ (ചിന്തിച്ചിട്ട്)’ഏയ്, ഒരുനാളും അങ്ങിനെ വരികയില്ല. പിന്നെ എന്താണ്? എന്റെ ഗോപുരദ്വാരത്തിലുള്ള പെരുമ്പറയുടെ ശബ്ദമാണോ? ഏയ്, അങ്ങിനെ വരികയില്ല. എന്തെന്നാൽ, ഭൂമിയിലുള്ള സകല രാജാക്കന്മാരേയും ഞാൻ ബന്ധിച്ചിട്ടിരിക്കുന്നതിനാൽ യുദ്ധത്തിന് വരുന്നതിനായി ആരുംതന്നെയില്ല. പിന്നെ എന്താണ്? (ചിന്തിച്ചിട്ട്)’എന്തായാലും ഇനി പോയി അറിയുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയശേഷം ഒരുകാൽ പീഠത്തിൽ ഉയർത്തിവെച്ച് നിന്നിട്ട് മുന്നിൽ കണ്ട്)’അതാ മൂന്നുപേർ കോട്ടമതിൽ ചാടിക്കടന്ന് എന്റെ നേരെ വരുന്നു’ (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്)’മൂന്ന് ബ്രാഹ്മണരാണ്. ഇവർ എന്തേ ഇപ്രകാരം വരുവാൻ കാരണം? ആകട്ടെ, ഇനി ഇവരെ സ്വീകരിച്ച് അന്വേഷിച്ചറിയുകതന്നെ’

നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ജരാസന്ധൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

കടപ്പാട്