ആരെന്നുനീ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നിവാതകവചൻ

മന്ഥക്ഷ്മാധരമഥ്യമാനജലധിധ്വാനപ്രതിദ്ധ്വാനിനാ
പാർത്ഥക്ഷ്വേളിതനിസ്വനേനജലദോദഞ്ചദ്രവേണാകുലൈ:
ക്രുദ്ധൈരാശുനിവാതപൂർവകവചോ യുദ്ധായബദ്ധാദരം
സാർദ്ധംദാനവപുംഗവൈരഭിഗതോ വാചംബഭാഷേർജ്ജുനം

ചരണം 1:
ആരെന്നു നീ പറഞ്ഞീടേണമെന്നോടു
പോരിനായ് വന്നതും ചാരുകളേബര
മാരനോ മാധവന്‍ താനോ മഹാമതേ
മാരാരിയോ മാനുഷരിലൊരുവനോ?

അർത്ഥം: 

മന്ഥക്ഷ്മാധര:
മന്ഥരപര്‍വ്വതം കൊണ്ട് കടയുമ്പോള്‍ പാലാഴിയില്‍നിന്നുണ്ടാകുന്ന ശബ്ദത്തിനൊത്ത പാര്‍ത്ഥന്റെ സിംഹനാദമാകുന്ന മേഘഗര്‍ജ്ജനം കൊണ്ട് പരിഭ്രാന്തരും ക്രുദ്ധരുമായ ദാനവപുംഗവരോടുകൂടി നിവാതകവചന്‍ യുദ്ധസന്നദ്ധനായി വന്ന് അര്‍ജ്ജുനനോട് പറഞ്ഞു.

ആരെന്നു നീ:
എന്നോട് പോരിനായി വന്ന സുന്ദരശരീരനായ നീ ആരെന്നു പറഞ്ഞിടണം. മാരനോ? മാധവന്‍ തന്നെയോ? ശിവനോ? അതോ മനുഷ്യരില്‍ ഒരുവനോ?

അരങ്ങുസവിശേഷതകൾ: 

നിവാതകവചന്റെ തിരനോട്ടം. ശേഷം,
നിവാതകവചന്റെ തന്റേടാട്ടം- 
തുടര്‍ന്ന് വീണ്ടും തിരതാഴ്ത്തി നിവാതകവചന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
നിവാതകവചന്‍‍:(എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എന്നെ പോലെ കരപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുമില്ല. എന്റെ വരബലംകൊണ്ട് ദേവരാജാവായ ഇന്ദ്രന്‍ പോലും എന്നെ ഭയപ്പെട്ട് കഴിയുന്നു. ഇങ്ങിനെയെല്ലാം വന്നത് എന്റെ ഭാഗ്യം തന്നെ’(വീണ്ടും ഉത്തരീയംവീശി പീഠത്തിലിരിക്കുമ്പോള്‍ കഠിനമായ ശബ്ദം കേട്ട്, ഇരുവശങ്ങളിലും ശ്രദ്ധിച്ച്, അസഹ്യത നടിച്ച്) ‘ചെവിപൊട്ടിതെറിക്കുമാറുള്ള അട്ടഹാസങ്ങളോടെ എന്നെ യുദ്ധത്തിനുവിളിക്കുന്നതാര്? ഉം, ആരായാലും വേഗം യുദ്ധത്തിന് പുറപ്പെടുക തന്നെ.
തുടര്‍ന്ന് പടപ്പുറപ്പാട്-
നിവാതകവചന്‍‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (കൊണ്ടുവന്ന രഥം പരിശോധിച്ചിട്ട്) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരേ കണ്ട്) ‘കൊണ്ടുവന്നുവോ?’
നിവാതകവചന്‍ ദൂതന്മാരുടെ കയ്യില്‍ നിന്നും വില്ല് വാങ്ങി ഞാണ്‍ മുറുക്കി വലിക്കുന്നു. ശേഷം അമ്പ്, വാളും പരിചയും, ശൂലം, കുന്തം മുതലായ ആയുധങ്ങള്‍ ദൂതനില്‍ നിന്നും വാങ്ങി, ഓരോന്നും പയറ്റി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് തന്റെ ഉടവാളുകള്‍ എടുത്ത് തുടച്ചുമിനുക്കി അരയില്‍ ഉറപ്പിച്ച് പടച്ചട്ടയണിയുന്നു.
നിവാതകവചന്‍‍:(ഭടന്മാരോട്) ‘എല്ലാം തയാറായി, ഇനി യുദ്ധത്തിനു പുറപ്പെടുവിന്‍’ (പീഠത്തില്‍ കയറി ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടപ്പിന്‍, നടപ്പിന്‍’ (താഴെയിറങ്ങിയിട്ട്, ആത്മഗതം) ‘ഇനി വേഗം പോയി അവനെ ജയിക്കുകതന്നെ’
അനന്തരം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് നിവാതകവചന്‍ തേരിലേക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
തിരശ്ശീല
വീണ്ടും തിരശ്ശീല നീക്കുമ്പോള്‍ വലത്തുഭാഗത്തുകൂടി നിവാതകവചന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന്, ഇടതുവശത്തിരിക്കുന്ന അര്‍ജ്ജുനനെ കണ്ട് അടിമുടി വീക്ഷിക്കുന്നു.
നിവാതകവചന്‍:(ആത്മഗതം) ‘ഈ സുന്ദരരൂപന്‍ ആരാണ്? ആരായാലും ചോദിച്ചറിയുക തന്നെ’
നിവാതകവചന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.