ഖനനശീലനായീടും

രാഗം:
ഗൌളീപന്ത്
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ആശാരി


ഖനനശീലനായീടും ഖനകന്‍ ഞാനെന്നു
കനിവോടറിഞ്ഞു കരുതീടവേണം

വിദുരരയച്ചുവന്നു വീരമൌലേ ഞാനും
അതു മറ്റാരാനുമറികില്‍ പിഴയാകും

വ്യാജമുണ്ടിപ്പുരിക്കെന്നു വ്യാഹരിപ്പാനായി
രാജമൌലേ വന്നതും ഞാനെന്നറിക

നല്ലമരം കല്ലുകൊണ്ടുമല്ല പാര്‍ത്താലര-
ക്കില്ലമാകുന്നതു ഭൂമിവല്ലഭരേ

മൂര്‍ഖനാകും പുരോചനന്‍ തക്കം നോക്കി കൊള്ളി-
വെക്കുമവനിന്നു തന്നെ എന്നു നൂനം

അർത്ഥം:
ഞാൻ ഭൂമി ഖനനം ചെയ്യാനറിയുന്ന ഒരു ഖനകൻ ആണെന്ന് അങ്ങ് അറിഞ്ഞാലും. വിദുരർ അയച്ചതാണ് എന്നെ എന്നും വീരാ, അറിയുക. മാത്രമല്ല ഇക്കാ‍ാര്യം മറ്റാരെങ്കിലും അറിഞ്ഞാൽ കുറ്റമാണ്. ഈ വീട്ടിൽ (നിർമ്മാണത്തിൽ) കള്ളത്തരം ഉണ്ട് എന്നറിയിക്കാനാണ് ഞാൻ വന്നത്. ഈ പുര നിർമ്മിച്ചിരിക്കുന്നത് നല്ല മരം കൊണ്ടല്ല, കണ്ടാൽ അരക്കുകൊണ്ട് നിർമ്മിച്ച പോലെ ആണ്. ദുഷ്ടനായ പുരോചനൻ തക്കം കിട്ടിയാൽ ഈ പുരയ്ക്ക് തീകൊളുത്തും.