എന്നെച്ചതിച്ച നീ

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

വൈദർഭീശാപരൂപോദ്ധതദഹനശിഖാദഗ്ദ്ധശേഷം സശോഷം
ബീഭ്രത്‌ കാർക്കോടകാഖ്യോരഗവിഷതടിനീ ഗാഢമംഗം വിമൂഢഃ
രുദ്ധപ്രാരബ്ധസിദ്ധിർന്നളമനലധിയാ ത്യക്തവാൻ സിദ്ധവിദ്യാ-
സുപ്രാകാശ്യാസഹിഷ്ണുഃ കലിരഥ ജഗൃഹേ സാസിനാ നൈഷധേന.

പല്ലവി:
എന്നെച്ചതിച്ച നീ എവിടേക്കു പോയീടുന്നു?
എനിക്കതു കേൾക്കയിൽ മോഹം.

അനുപല്ലവി:
സന്നച്ഛവിവദനം ഭിന്നസ്ഥിതിചരിതം
ഇന്നു മന്ദ, മമ നിന്നെ കണ്ടുകിട്ടി.

ചരണം 1:
കുത്സിതരൂപമാപാദചൂഡം സജ്ജനങ്ങളിൽ
മത്സരിഭാവം ബിഭ്രാണം മൂഢം,
(ഭർത്സനമല്ലിതു)മന്യേ ത്വാം കീടം, സകലജനാനാ-
മുത്സവകാരണം ത്വന്നിധനം രൂഢം, നന്നെന്റെ ഭാഗ്യം
ദണ്ഡനീയതരെ, മന്നിൽ നീ സപധി
ഖണ്ഡനീയഗളനിന്നു നീ, ചപല
ഷണ്ഡ, നീച, ഖല, മന്ദ, നീയുഴറി
മണ്ടുവാൻ കൊതിച്ചതെങ്ങു നീ?
അന്ധനായ്‌ പുറപ്പെട്ടോരു നിന്നെയു
ണ്ടന്തകൻ വിളിക്കുന്നു വിരുന്നിന്‌.
വെന്തു നീറിയെഴുമന്തരംഗമതിൽ
ചിന്തയെന്തിനിയൊഴിഞ്ഞുപോവതിന്‌?

അർത്ഥം: 

 ശ്ലോകസാരം: വൈദർഭി (ദമയന്തി)യുടെ ശാപത്തീയാൽ ദഹിപ്പിക്കപ്പെട്ട്‌ ശോഷിച്ചതും, കാർക്കോടക വിഷമാകുന്ന നദിയിൽ താണുപോയ ഉടലോടു കൂടിയവനും, ബുദ്ധിമാന്ദ്യം സംഭവിച്ചവനും, അക്ഷഹൃദയവിദ്യയുടെ പ്രകാശത്തെ സഹിക്കാത്തവനുമായ കലി, നളനെ വിട്ടൊഴിഞ്ഞു. അതിനെത്തുടർന്ന്‌ വാൾ കയ്യിലേന്തിയവനായ നളനാൽ കടന്നു പിടിക്കപ്പെട്ടു.
 

സാരം: എന്നെച്ചതിച്ച നീ എവിടേക്കാണ്‌ പോകുന്നത്‌?  എനിക്ക്‌  അതറിയാൻ മോഹമുണ്ട്‌.

അറപ്പുതോന്നിക്കുന്ന രൂപത്തോടു കൂടിയവനും ധർമ്മിഷ്ഠരായ ജനങ്ങളിൽ മത്സരത്തെ വഹിക്കുന്നവനും വിവേകമില്ലാത്തവനും ആയ നിന്നെ ഞാൻ ഭത്സിക്കുന്നതല്ല.  നീ ഒരു പുഴുവാണെന്നു ഞാൻ കരുതുന്നു.  നിന്നെ  കൊന്നാൽ എല്ലാവർക്കും ഉത്സവകാരണമാകും.  എന്റെ ഭാഗ്യം നന്ന്‌.  ശിക്ഷ അർഹിക്കുന്നവരിൽ അഗ്രേസരനായ നീ കഴുത്തറുക്കപ്പെടേണ്ടവനാണ്‌.  നീ ഉഴറി മണ്ടിയത്‌ എവിടേക്കാണ്‌!

അരങ്ങുസവിശേഷതകൾ: 

തിരമാറുമ്പോൾ കലിയെ ഓടിച്ചുകൊണ്ട്‌ ബാഹുകൻ പ്രവേശിക്കുന്നു. ബാഹുകൻ കലിയെ പിടിച്ചുനിർത്തി നാലരട്ടിയെടുത്ത്‌ പദം.