ബാണനഹമേഷ കലയേ ചരണയുഗം

രാഗം: 

സാരംഗം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ബാണാസുരൻ

ഇഷ്ടാനുരാഗമരുണാധരിമാരുമായി
തുഷ്ട്യാ പുരേ ബലിസുതൻ മരുവുന്ന കാലം

ഒട്ടേറെയുള്ള നിജബാഹുബലത്തിനാലേ
ദൃഷ്ട്വാ ഗിരീശമഭിവന്ദ്യ ഗിരം ബഭാഷേ

ബാണനഹമേഷ കലയേ ചരണയുഗം
ഏണാങ്കചൂഡ ഭഗവൻ

ഏണമിഴിയായ ശർവാണിയോടുമൊന്നിച്ചു
ശോണിതപുരദ്വാരി ശോഭയോടുകൂടവെ

ആനമുഖഷണ്മുഖഗണൈഃ സാകമിഹ
മാനഗുണവീര്യവസതെ

ആനന്ദമാർന്നു ബഹുമാനമോടു വാഴുകയാൽ
മാനിജനമാനിതൻ താൻ എന്നു നിശ്ചയം

ബാണാസ്രേന്ദ്രമെതിരെ നിൽപ്പതിനു
ബാണാസനേന സമരേ

ക്ഷോണീശദാനവസുരാണാമൊരുത്തരെ
കാണാനുമില്ല തവ ചേണാർന്നനുഗ്രഹാൽ

ആയതതരങ്ങളിഹ മേ ബാഹുക്കൾ
ആയിരമതുണ്ടു നിയതം

ആയോധനോത്സവ രസായാസകൗതുകം
ആയതിനുമിന്നുടനുപായമിനിയെന്തഹോ?

മാന്താർശരാന്തക വിഭോ ഘോരരിപു
കാന്താരഘോരദവ ഭോ

നാം തമ്മിലിന്നു ബഹുസന്തോഷഭാവമൊടു
ഹന്ത രണമാടുവൻ കിന്തു വിഷമം പറക

അരങ്ങുസവിശേഷതകൾ: 

വലതുവശത്ത് ശിവപാർവ്വതിമാർ ഇരിക്കുന്നു. അടുത്ത് തന്നെ ഇടതുവശം ചേർന്ന് സുബ്രഹ്മണ്യനും ഗണപതിയും ഇരിക്കുന്നു. നന്ദികേശ്വരൻ പീഠത്തിൽ നിൽക്കുന്നു. തൊട്ട് താഴെ ഭൂതഗണങ്ങളും. ബാണൻ വട്ടംവെച്ച് പ്രവേശിക്കുന്നു. എല്ലാവരേയും പ്രത്യേകം പ്രത്യേകം കാണുന്നു. ഓരോരുത്തർക്കും വേണ്ടുന്ന ആഹാരാദികൾ നൽകി സന്തോഷിപ്പിച്ച് പറഞ്ഞയക്കുന്നു. പിന്നെ പദം.
 

മനോധർമ്മ ആട്ടങ്ങൾ: 

ബാണന്റെ ഗോപുരം ആട്ടം