വത്സ കേശവ വത്സ പാണ്ഡവ

രാഗം: 

മലഹരി

താളം: 

അടന്ത

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

മഹാവിഷ്ണു

വത്സ കേശവ! വത്സ പാണ്ഡവ!

സരസമന്തികേവന്നു തരുവിൻപരിരംഭണം

പരമപാവനശീലന്മാരേ പെരിയെകാലമായി ഞാൻ

കാണ്മാനാഗ്രഹിക്കുന്നു സുരുചിരകളേബരന്മാരേ! 

കൃഷ്ണ നമ്മുടെ ബലദേവനും ജനനിക്കും വസുദേവർക്കും സുഖമല്ലേ

കൃഷ്ണാവല്ലഭപാർത്ഥ! ധർമ്മനന്ദനാദികൾ കീർത്ത്യാ ചിരം വാഴുന്നല്ലീ 

അർത്ഥം: 

വത്സാ, കേശവാ, വത്സാ, പാണ്ഡവാ, രസമായി അരുകിൽ വന്ന് ആലിംഗനം തരുന്നുണ്ട്. പരമവും പാവനവുമായ ശീലങ്ങളോടുകൂടിയവരേ, സുന്ദരശരീരന്മാരേ, വളരെക്കാലമായി ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

മഹാവിഷ്ണു ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു. പദാഭിനയം കഴിഞ്ഞ് മഹാവിഷ്ണു കൃഷ്ണാർജ്ജുനന്മാരെ അരുകിൽ വിളിച്ച് ആലിംഗനം ചെയ്യുകയും ശ്രീകൃഷ്ണന് അർദ്ധാസനം നൽകി ഇരുത്തുകയും ചെയ്യുന്നു. തുടർന്ന് കൃഷ്ണാർജ്ജുനന്മാർ പദം അഭിനയിക്കുന്നു.