ദ്വിജവര മൌലേ

രാഗം:
വേകട (ബേകട)
താളം:
മുറിയടന്ത – ദ്രുതകാലം

കഥാപാത്രങ്ങൾ:
ഭീമൻ

ശ്ലോകം
മാതൃവാക്യമുപകര്‍ണ്ണ്യ സ മാനീ
ഭൂസുരേന്ദ്രമിദമേത്യ ബഭാഷേ
അന്ധസാ ജഠരവഹ്നിമരാതിം
മുഷ്ടിനാ ശമനമാശു നിനീഷു:
പദം

പല്ലവി:

ദ്വിജവരമൌലേ മമ നിശമയ വാചം

അനുപല്ലവി:

രജനിചരനു ബലി രഭസേന കൊണ്ടുപോവാന്‍
നിജമാതൃനിയോഗേന നിയതമിവിടെ വന്നു

ചരണം
കാണിയുമെന്നെ കാലം കളയാതയയ്ക്ക
പ്രാണബലമുള്ളൊരു കൌണപവരന്‍തന്റെ
ഊണിനുള്ള കോപ്പുകള്‍ വേണമൂനമെന്നിയെ

അർത്ഥം:
ശ്ലോകം
അഭിമാനിയായ ഭീമന്‍ മാതൃ വാക്കനുസരിച്ച്, അന്നം കൊണ്ട് ജഠരാഗ്നിയേയും മുഷ്ടികൊണ്ട് ശത്രുവിനെയും ശമിപ്പിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ബ്രാഹ്മണന്റെ സമീപത്തു ചെന്ന് ഇപ്രകാരം പറഞ്ഞു.
പദം
അല്ലയോ ബ്രാഹ്മണശ്രേഷ്ഠ, രാക്ഷസന് ചോറ് കൊണ്ടുപോകാന്‍ അമ്മ പറഞ്ഞതനുസരിച്ചു വന്നതാണ് ഞാന്‍. താമസം കൂടാതെ രാക്ഷസനുള്ള ഊണിന്റെ കോപ്പുകള്‍ നല്‍കി എന്നെ അയച്ചാലും