മത്തനാമെന്നോടടര്‍ പൊരുതുപാരം

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ബാലി

ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ-

രത്യന്തം ക്രുദ്ധനായി സുരപതിതനയന്‍ ചൊല്ലിനാന്‍ സൂര്യസൂനും

ശ്രുത്വാ രോഷേണ ഗത്വാ രണഭുവി സഹസാ മുഷ്ടിമുദ്യമ്യ വീര:

ക്രുദ്ധന്‍ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യ ബാലീ

മത്തനാമെന്നോടടര്‍ പൊരുതുപാരം

ആര്‍ത്തനായോടിയ മര്‍ക്കടമൂഢ

പേര്‍ത്തുമമര്‍ചെയ്‌വതിന്നു വിളിച്ചനിന്‍

മൂര്‍ത്തിയെ നിര്‍ദ്ധൂളിയാക്കുവന്‍ നൂനം

കഠിനതര കലഹമൊടു ഘനതരകരത്താല്‍

ഇടയിലുടല്‍ പൊടിപെടവെ കരുതിവമിപ്പിപ്പന്‍

സാഹസമോടു നിൻ മസ്തകം ഭിത്വാ

ദേഹിയോടുള്ളോരഹന്തയും പോക്കുവന്‍

ലോഹിതാശ്വന്തന്നിലിട്ട തൃണമിവ

ദേഹത്തെ ഇന്നിമേല്‍ കാണാതെ ചെയ്‌വന്‍

ധരണിയതിൽ വിരവിനൊടു എതിരു മമ നിൽപ്പാൻ

കരുതുകിലൊരുവനിഹ നഹി നഹി നികാമം

അരികളുടെ മകുടതടലുഠനകരണത്തിൽ

രുചിരപടുഭുജബലമതറികയില്ലയോ നീ

രാക്ഷസവീരനെ കൊല്ലുവാനായി ഞാൻ

തൽക്ഷണം കുഹരേ പുക്കു നിന്നേയും

അക്ഷമ തന്നിലിരുപ്പാനുരച്ചു

രക്ഷോവധം ചെയ്തു വന്നീടും മുൻപേ

കുലമലയിലധികതര വളർശില എടുത്തു

വിലമതുമടച്ചു നിജപുരമുപഗതോ നീ

ജളതയോടുമഖിലകപിവരതയാണ്ടതിനാൽ

അലകടലും ചുഴലുമപി അഖിലമബലം ത്വാം

വിഭ്രമിച്ചു ഞാനെത്രനാൾ പിന്നെ

തത്ര മതാംഗശ്രമത്തിൽ നീ പുക്കു

ഉത്തമതാപസശാപത്തിനാലെ

എത്തുവാൻ തത്ര പണിയെന്നറിഞ്ഞു

അതിവിവശഹൃദയമൊടുമവിടെവസിക്കും നീ

മൃതിയൊടണവതിനിവിടെ ഉപഗതനായി

ജിതകുലിശ കഠിനതര കരജഹതിയാലെ

ഹൃദയമതു പൊടിപെടവെ കലഹമതു ചെയ്‌വൻ

അർത്ഥം: 

ശ്ലോകം: ഇതെല്ലാം കേട്ട് വീരനായ ബാലി കോപിച്ച് ഭൂചക്രവാളം ഞെട്ടുമാറ് അട്ടഹസിച്ചുകൊണ്ട് മുഷ്ടിചുരുട്ടി യുദ്ധക്കളത്തിലേക്ക് വന്ന് സുഗ്രീവനോട് പറഞ്ഞു.

പദം:-ശക്തനായ എന്നോട് ഒരിക്കൽ യുദ്ധം ചെയ്ത് തോടോടിയ നീ വീണ്ടും യുദ്ധത്തിനു വിളിച്ച നിന്റെ ശരീരത്തെ പൊടിച്ചുകളയുന്നുണ്ട് ഞാൻ. വേഗം നിന്റെ നെറ്റി തല്ലിപ്പൊളിച്ച് അഹന്ത തീർക്കും. ഭൂമിയിൽ എന്നോടെതിർ നിൽക്കാൻ ആരുമില്ല. എന്റെ കയ്യൂക്ക് നിനക്കറിയില്ലേ? രാക്ഷസനെ കൊല്ലുവാനായി ഞാൻ ഗുഹയിൽ കയറിയപ്പോൾ, അക്ഷമനായ നീ, രാക്ഷസവധം ചെയ്ത് വരുന്നതിനു മുന്നേ, ഗുഹയുടെ വാതിൽ കല്ലുകൊണ്ട് അടച്ച്,രാജ്യത്ത് വന്ന് സ്വയം രാജാവായി അഭിഷേകം ചെയ്തു. മുനിയുടെ ശാപത്താൽ എനിക്ക് എത്താൻ സാധിക്കാത്ത ആ മലയിൽ വസിക്കുന്ന നീ ഇപ്പോൾ മരണത്തിനടുത്തേയ്ക്ക് എത്താനായി വന്നു.