രംഗം 1 രാവണനും അകമ്പനനും

ആട്ടക്കഥ: 

ബാലിവധം

സോദരിയായ ശൂര്‍പ്പണഖയെ ലക്ഷ്മണന്‍ വിരൂപയാക്കിയ വിവരം അകമ്പനന്‍ എന്ന രാക്ഷസന്‍ വന്ന് രാവണനെ അറിയിക്കുന്നു. ഖരദൂഷണത്രിശിരാക്കളേയും സൈന്യത്തേയും രാമന്‍ വധിച്ച വാര്‍ത്തയും, രാമന്റേയും സുന്ദരീമണിയായ സീതയുടേയും വൃത്താന്തങ്ങളും അകമ്പനന്‍ രാവണനെ ധരിപ്പിക്കുന്നു. ഇവകള്‍കേട്ട രാവണന്‍ സീതയെ താന്‍ അപഹരിച്ച് രാമനോട് പകരം വീട്ടുമെന്ന് പറയുന്നു.ക്രമേണ സീതയുടെ സൌന്ദര്യത്തെ ചിന്തിച്ച് മാരപീഡിതനായ രാവണനെ പത്നിയായ മണ്ഡോദരി ഉപദേശിക്കുന്നു. എന്നാല്‍ രാവണന്‍ പത്നിയെ അനുനയത്തില്‍ അന്ത:പുരത്തിലേക്ക് മടക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ഈ ആട്ടകഥയിലെ ആദ്യ രണ്ടുരംഗങ്ങളും ഏറ്റവും ചൊല്ലിയാട്ട പ്രധാനങ്ങളാകുന്നു. ‘എന്നാണ് നീ പോക മാനിനീമൌലേ’ എന്നിടത്ത് ചമ്പതാളം രണ്ടാംകാലത്തില്‍ മണ്ഡോദരിയെകൂട്ടിപിടിച്ച് അനുനയിച്ച് പറഞ്ഞുവിടുന്ന രൂപത്തിലുള്ള ഇരട്ടി, ഒന്നാംരംഗം പകുതിമുതല്‍ രണ്ടാംരംഗം അന്ത്യംവരെ തുടര്‍ച്ചയായി ഉപയോഗിക്കുന്ന പാടിരാഗം, എന്നിവ ഈ രംഗത്തെ മനോഹരങ്ങളാക്കി തീര്‍ക്കുന്നു.