കൃഷ്ണലീല

ആട്ടക്കഥ: 

കൃഷ്ണലീല

Table of contents [hide]


ആട്ടക്കഥാകാരൻ

ഡോ. പി. വേണുഗോപാലൻ, “ശ്രീരാഗം“, പട്ടം, തിരുവനന്തപുരം-695004

ഹരിചന്ദനം എന്ന പേരിൽ തിരുവനന്തപുരം ദൃശ്യവേദി ഇറക്കിയ മാഗസിനിൽ പ്രസിദ്ധീകരിച്ച കഥയാണ് കൃഷ്ണലീല. കഥാകാരൻ ഈ കഥ ശ്രീ ഹരി എന്ന ദൃശ്യവേദിപ്രവർത്തകന്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു


കഥാസംഗ്രഹം
 

രണ്ട് രംഗങ്ങളായാണ് ഈ ആട്ടക്കഥ രചിക്കപ്പെട്ടിട്ടുള്ളത്. കംസവധത്തിനുശേഷം ശ്രീകൃഷ്ണൻ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ച് തന്റെ പെറ്റമ്മയായ ദേവകിയെ ചെന്ന് കാണുന്നതാണ് ആദ്യരംഗം. എന്നാൽ ദേവകീവസുദേവന്മാരാകട്ടെ ഇവരെ സ്വജാതന്മാരാണെന്ന് മനസ്സിലാക്കാതെ ജഗദീശ്വരന്മാരാണെന്ന് ധരിച്ച് തിരിച്ചു വന്ദിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ കൃഷ്ണൻ ജനമോഹിനിയായ സ്വന്തം മായയെ അവരുടെമേൽ പ്രയോഗിക്കുന്നു. പുത്രവാത്സല്യം ദേവകിയ്ക്ക് ഉണ്ടാകുന്നു. അപ്പോൾ ദേവകി കൃഷ്ണന്റെ ബാലലീലകൾ ഒന്നും കാണാൻ ഭാഗ്യമില്ലാതെ പോയല്ലോ എന്ന് പരിതപിച്ചപ്പോൾ തന്റെ വളർത്തമ്മയായ യശോദയെ ഉടൻ കൂട്ടിക്കൊണ്ട് വരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് കൃഷ്ണൻ പോകുന്നു. രണ്ടാമത്തെ രംഗത്തിലാണ് കൃഷ്ണന്റെ പെറ്റമ്മയായ ദേവകിയും വളർത്തമ്മയായ യശോദയും കണ്ട് മുട്ടുന്നതും യശോദ കൃഷ്ണന്റെ ബാലലീലകൾ ദേവകിയോട് പറയുന്നതും. അങ്ങിനെ ദേവകിയുടേയും യശോദയുടേയും പുത്രവാത്സല്യം ഒരുപോലെ ഒരേസമയം അനുഭവിക്കുന്ന ശ്രീകൃഷ്ണനെ ആണ് നമുക്ക് ഈ ആട്ടക്കഥയിൽ കാണാൻ സാധിക്കുക. ഇത് ശ്രീമദ്ഭാഗവതത്തിലെ ദശമസ്കന്ധം അദ്ധ്യായം 25 ആസ്പദമാക്കി രചിച്ചതാണ്. ആട്ടക്കഥയിൽ വസുദേവരേയും ബലരാമനേയും ഒഴിവാക്കി, രണ്ട് അമ്മമാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനാസമ്പ്രദായമാണ് ആട്ടക്കഥാകാരൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഭാഗവത്തിലില്ലാത്ത ഒരു കഥാസന്ദർഭം ആട്ടക്കഥാകൃത്ത് സൃഷ്ടിക്കുന്നുണ്ട്. ദേവകിയും യശോദയും തമ്മിൽ കണ്ട് മുട്ടുന്നതും വളർത്തമ്മയായ യശോദ മക്കളിലുള്ള അവകാശം പെറ്റമ്മയായ ദേവകിയ്ക്ക് നൽകുന്നതുമായ ഈ ഭാഗം കഥാഗതിയോട് വളരെ തന്മയത്വമുള്ള ഒന്നാക്കി ഇണക്കിച്ചേർക്കാൻ ഡോ. പി വേണുഗോപാലനു കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ട ഒരു വസ്തുതയാണ്.

കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാന്റെ “കംസവധം“ ആട്ടക്കഥയിലും ഭാഗവതത്തിലെ ഈ രംഗം അവതരിപ്പിക്കുന്നുണ്ട്. 


വേഷങ്ങൾ
 

യശോദ-സ്ത്രീവേഷം മിനുക്ക്
ദേവകി-സ്ത്രീവേഷം മിനുക്ക്
ശ്രീകൃഷ്ണൻ-പച്ച, കൃഷ്ണമുടി