സുദിനമിന്നു മേ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

സുദേവൻ

ശ്ലോകം:
 
താപാർത്താ നളമനുചിന്ത്യ ചേദിപുര്യാം
സാവാത്സീദിഹ സഹ വീരബാഹുപുത്ര്യാ
ഭീമോക്ത്യാ ഭുവി ച വിചിത്യ താം സുദേവോ
ഭൂദേവോ നിഗദിതവാൻ വിലോക്യ ഭൈമീം.
 
പല്ലവി.

സുദിനമിന്നു മേ, സുദേവനാം ഞാൻ;
സുഖമോ തേ നളദയിതേ?

അനുപല്ലവി.
 
സുമുഖി, കാന്തനെങ്ങുപോയി? ചൊല്ക നീ;
സോദരസഖമറിക മാം ദമസോദരീ.
 
ചരണം. 1
 
അവസ്ഥയെല്ലാമച്ഛൻ കേട്ടു നിങ്ങടെ
ആവതെന്തുള്ളു സങ്കടേ,
കൊണ്ടങ്ങു ചെൽവാൻ നിങ്ങളെ
കല്പിച്ചയച്ചു ഞങ്ങളെ ഭൂസുരാനോരോ ദിശി
 

അർത്ഥം: 

ശ്ലോകസാരം: ദമയന്തി ചേദിപുരിയിൽ നളനെ വിചാരിച്ചു ദഃഖിച്ചുകൊണ്ടു താമസിച്ചു. സുദേവനെന്നു പേരായ ബ്രാഹ്മണൻ ഭീമരാജാവു പറഞ്ഞതനുസരിച്ച്‌ ദേശങ്ങളിലെല്ലാം ദമയന്തിയെ തിരഞ്ഞ്‌ അവിടെയെത്തി അവളെ കണ്ടെത്തി ഇങ്ങനെ പറഞ്ഞു.

സാരം: എനിക്കിന്നു സുദിനമാണ്‌. സുദാവനാണ്‌ ഞാൻ. നളന്റെ പത്നിയായ നിനക്കു സുഖമാണോ? നിന്റെ ഭർത്താവെവിടെ പോയി? നിന്റെ സഹോദരന്റെ സഖാവാണു ഞാൻ. നിങ്ങളുടെ അവസ്ഥയെല്ലാം അച്ഛൻ കേട്ടു. ദുഃഖം വന്നാൽ എന്തു ചെയ്യും? നിങ്ങളെ കണ്ടുപിടിച്ചു കൊണ്ടുവരാൻ ഞങ്ങൾ ബ്രാഹ്മണരെ ഓരോ വഴി കല്പിച്ചയച്ചു അദ്ദേഹം.

അരങ്ങുസവിശേഷതകൾ: 

വലതുവശത്തിരിക്കുന്ന ദമയന്തിയുടെ സമീപത്തേയ്ക്ക്‌ ഇടതുവശത്തുകൂടി സുദേവൻ പ്രവേശിക്കുന്നു. രണ്ടു കിടതകിധിംതാം. സുദേവനെ വലതുവശത്തേക്കാക്കി ദമയന്തി വന്ദിക്കുന്നു. പദം.