ദ്വാരഭൂമിയിൽ വാഴും വീരരേ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ഇന്ദിരാരമണമന്ദിരേ സസുഖ മിന്ദുബിംബമുഖിയാളുമായ്

ഭംഗിപൂണ്ടു (നന്ദിപൂണ്ടു എന്ന് പാഠഭേദം) മരുവുന്നകാല മമരേന്ദ്രസൂനു സുരസുന്ദരൻ

ഉത്സവാവധി നിനയ്ക്കയാൽ സപദി ഗന്തുകാമനവ നാദരാൽ

തേരിലേറി മറിമാന്വിലോചന തെളിക്കുമപ്പൊഴുതു ചൊല്ലിനാൻ

ദ്വാരഭൂമിയിൽ വാഴും വീരരേ!

വീരനെങ്കിലോ വരുവിനാഹവേ

ശൂരനാമഹം വീരനർജ്ജുനൻ

നിർജ്ജരേന്ദ്രന്റെ ഇഷ്ടനാം സുതൻ

ലോകനാഥന്റെ മിത്രമാമഹം 

ഭദ്രയേ ബലാൽ കൊണ്ടുപോകുന്നേൻ

കണ്ടുകൊൾക ഭോ! കൊണ്ടൽ വേണിയെ

ഇണ്ടലെന്നിയേ കൊണ്ടുപോകുന്നേൻ

അരങ്ങുസവിശേഷതകൾ: 

ഈ പദം തുടങ്ങുന്നതിനു മുൻപ് അർജ്ജുനൻ ദ്വാരക നോക്കി കാണുന്നു.

അജ്ജുനന്‍:(ഇരു വശങ്ങളിലുമായി ദ്വാരക നോക്കിക്കണ്ട്, വിസ്മയത്തോടെ ആത്മഗതമായി) ‘ഹോ ദ്വാരകാപുരിയുടെ സൌന്ദര്യം അത്ഭുതംതന്നെ’ (ചാടി താഴെയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് വീണ്ടും കണ്ടിട്ട്) ‘ചുറ്റും ഗംഭീരമായ മതിലുകളോടും കിടങ്ങുകളോടും നാലുദിക്കിലുമുള്ള ഗോപുരങ്ങളോടും കൂടി ദ്വാരകാപുരി ശോഭിക്കുന്നു.‘ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട ചവുട്ടി മുന്നില്‍ ധരാളം‌പേരെ കണ്ട്) ‘ഇതാ അനവധി ഭടന്മാര്‍ ഓരോ വിധത്തിലുള്ള ആയുധങ്ങള്‍ ധരിച്ചുകൊണ്ട് നില്‍ക്കുന്നു.’ (ആലോചനയോടെ) ‘ഇവരുടെ മദ്ധ്യത്തിലൂടെ ഒരു സ്ത്രീയേയുംകൊണ്ട് പോകുന്നതെങ്ങിനെ? ആരും അറിയാതെ ഉപായത്തില്‍ പോയാലോ? (ചിന്തിച്ച് ഗൌരവത്തില്‍) ‘പാടില്ല, അത് ക്ഷത്രിയന്മാര്‍ക്ക് ഉചിതമല്ല. പിന്നെ എങ്ങിനെ? (വിചാരിച്ചിട്ട്) ‘ആ, ഉണ്ട്. ഭടന്മാരെ ജയിച്ച് പോകാം’ (ഉത്സാഹത്തോടെ) ‘അതിനാല്‍ ഇനി വേഗം യുദ്ധത്തിനുവിളിക്കുക തന്നെ’

അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട് വീരഭാവത്തില്‍ ‘ദ്വാരഭൂമിയിൽ’ എന്ന പദമാടുന്നു.
കടപ്പാട്