മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍

രാഗം: 

മാരധനാശി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

കപട ബ്രാഹ്മണൻ

മഹാസുരോ വീക്ഷ്യ വിപശ്ചിതസ്താന്‍
മഹീസുരാകാര തിരോഹിതാത്മാ
വിഹീയമാനായുരുവാച ഗത്വാ
മഹനീയമാനാനതി മോഹയംസ്താന്‍
 
പല്ലവി
 
മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍ മാമകവചനം

ചരണം 1
മാന്യരാം നിങ്ങളോടൊത്തു മന്നിലെല്ലാം സഞ്ചരിപ്പാന്‍
മാനസമതിലാഗ്രഹം മന്നവരെ വളരുന്നു
 

അർത്ഥം: 

മഹാസുരോ വീക്ഷ്യ:
ആയുസ്സറ്റവനായ ആ മഹാസുരന്‍ വിദ്വാന്മാരും പൂജ്യരുമായ പാണ്ഡവരെ കണ്ട് ബ്രാഹ്മണാകാരത്താല്‍ സ്വരൂപം മറച്ച് അടുത്തുചെന്ന് അവരെ മോഹിപ്പിക്കവണ്ണം ഇങ്ങിനെ പറഞ്ഞു.
 

മാനവേന്ദ്രന്മാരെ:
രാജാക്കന്മാരേ, എന്റെ വചനത്തെ കേട്ടാലും. രാജാക്കന്മാരേ, മാന്യരായ നിങ്ങളോടോത്ത് ഭൂമിയിലെല്ലാം സഞ്ചരിക്കുവാന്‍ മനസ്സില്‍ ആഗ്രഹം വളരുന്നു.
 

അരങ്ങുസവിശേഷതകൾ: 

ധര്‍മ്മപുത്രന്‍ വലതുഭാഗത്തായി പീഠത്തിലിരിക്കുകയും പാഞ്ചാലി അദ്ദേഹത്തിനരികില്‍ വലതുവശത്തായി നില്‍ക്കുകയും ചെയ്യുന്നു. ഇടത്തുവശത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശികുന്ന കപടബ്രാഹ്മണനെ കാണുന്നതോടെ ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് വന്ദിച്ച്, ഇരിക്കുവാന്‍ പറഞ്ഞിട്ട് വീണ്ടും പീഠത്തില്‍ ഇരിക്കുന്നു. ബ്രാഹ്മണന്‍ അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.