കഥാസംഗ്രഹം

രംഗം1

സുദേവൻ പറഞ്ഞ പ്രകാരം ദമയന്തിയുടെ രണ്ടാം വിവാഹത്തിനു കുണ്ഡിനപുരിയിലെത്തിയ ഋതുപർണ്ണരാജാവ്‌, മറ്റ്‌ രാജാക്കന്മാരൊന്നും എത്തിച്ചേരാത്ത ശൂന്യമായ രാജധാനികണ്ട്‌ ഏറ്റവും സങ്കടപ്പെട്ട് ഇരിക്കുന്നു. ഒരു ബ്രാഹ്മണ വാക്കു കേട്ടു ആലോചന കൂടാതെ ചാടിപ്പുറപ്പെട്ടതിനെ കുറിച്ച് ഓർത്ത് സ്വയം പഴിക്കുന്നു.

രംഗം 2

ദമയന്തി തോഴിയോടൊപ്പം തന്റെ അന്തപ്പുരത്തിൽ ഋതുപർണ്ണ രാജാവിന്റെ കൂടെ നളനും വരുമെന്ന് പ്രതീക്ഷിച്ച് ഇരിയ്ക്കുന്നു. ആദ്യം തേരിന്റെ ഒച്ച കേൾക്കുന്നു, പിന്നെ ദൂരെ അതിന്റെ കൊടിക്കൂറ കാണുന്നു. അടുത്തെത്തിയ മൂന്നുപേർ ഉള്ള തേരിൽ നളനെ കാണാഞ്ഞ്  സങ്കടമായെങ്കിലും, തേരിന്റെ വേഗത കണ്ടു അതിന്റെ സാരഥി നളൻ തന്നെ ആയിരിക്കുമെന്ന് ഉറപ്പിക്കുന്നു. പരമാർത്ഥം അറിയാൻ ഇരുവരും ഗമിക്കുന്നു.

രംഗം 3

ഋതുപർണ്ണൻ തന്റെ രാജ്യത്തു വന്നതറിഞ്ഞ് ഭീമ രാജാവ് വേണ്ടപോലെ അദ്ദേഹത്തെ സൽക്കരിച്ചു വന്ന കാര്യം ആരായുന്നു. അങ്ങനെ പ്രത്യേകിച്ചൊരു കാരണമില്ലെന്നും സൗഹൃദം പുതുക്കാനുമായി താൻ വന്നതാണെന്നും ഋതുപർണ്ണൻ അറിയിക്കുന്നു. തുടർന്ന് ഭീമരാജാവ് ഋതുപർണ്ണനോട് തന്റെ ഒപ്പം കുറച്ച് ദിവസം താമസിക്കാൻ ആവശ്യപ്പെടുന്നു.

രംഗം 4

ഭർത്താവിനെ തിരിച്ചറിയാഞ്ഞ്‌ വ്യാകുലപ്പെട്ടിരിക്കുന്ന ദമയന്തി തന്റെ വിരഹദുഃഖം നീക്കാൻ യത്നിക്കണമെന്ന്  തോഴിയായ കേശിനിയോട്  ആവശ്യപ്പെടുന്നു. ഋതുപർണ്ണന്റെ തേരാളി ആയി വന്നിരിക്കുന്ന ബാഹുകൻ, അവന്റെ  അന്നപാനാദികൾ, ഉറക്കം എന്നിവ നിർവഹിക്കുന്നതെങ്ങിനെയെന്ന്  മറ്റാരും അറിയാതെ കണ്ടുപിടിക്കാൻ ദമയന്തി കേശിനിയെ അവന്റെ അടുത്തെക്ക് അയയ്ക്കുന്നു.

രംഗം 5

രഥത്തിൽ ഇരിക്കുന്ന ബാഹുകന്റെ അടുത്തെത്തിയ കേശിനി, താൻ ദമയന്തീ നിർദ്ദേശപ്രകാരം വന്നതാണെന്നും, ഇവിടെ വന്ന നിങ്ങൾ ആരാണെന്നും പേരെന്താണെന്നും മറ്റ് വിശദാംശങ്ങളും ചോദിയ്ക്കുന്നു. ബാഹുകൻ അവളുടെ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായി മറുപടി പറഞ്ഞു അവളെ യാത്രയാക്കുന്നു. പിന്നീട് കേശിനി, ബാഹുകൻ ഋതുപർണ്ണരാജാവിനു വേണ്ടിയുള്ള ഭക്ഷണം വെള്ളവും വിറകും കൂടാതെ പാകം ചെയ്യുന്നതും, വാടിയ പുഷ്പങ്ങൾ തഴുകി അവയെ വീണ്ടും വിരിയിക്കുന്നതും ഒക്കെ ഒളിഞ്ഞുനിന്ന് കാണുന്നു.

രംഗം 6

ബാഹുകൻ പറഞ്ഞ കാര്യങ്ങളും താൻ സ്വയം കണ്ട കാര്യങ്ങളും എല്ലാം കേശിനി ദമയന്തിയെ വന്നു അറിയിക്കുന്നു. കേശിനിയെ പറഞ്ഞയച്ചു ദമയന്തി തനിയെ ഇരുന്നു ബാഹുകൻ നളൻ തന്നെ ആയിരിക്കുമോ എന്ന് വിശദമായി ആലോചിക്കുന്നു. ഒടുവിൽ അമ്മയോട് വിവിരമെല്ലാം പറഞ്ഞ് വേണ്ടതു ചെയ്യാമെന്ന് തീരുമാനിക്കുന്നു.

രംഗം 7

അമ്മയുടെ സമ്മതത്തോടുകൂടി ബാഹുകന്റെ സമീപത്തേയ്ക്ക് ദമയന്തി, ‘നിന്നെ പോലെ സ്വഭാവഗുണമുള്ള എന്റെ കാന്തനെ എങ്ങാനും കണ്ടുവോ’ എന്ന് ചോദിച്ചുകൊണ്ട് വരുന്നു. ബാഹുകൻ വർദ്ധിച്ച ആനന്ദത്തോടുകൂടി ഇനി നമ്മൾ പിരിയേണ്ട കാര്യമില്ലെന്നു പറഞ്ഞു, പണ്ട് കാർകോടകൻ തന്ന വിശിഷ്ട വസ്ത്രം ധരിക്കുന്നു. ബാഹുകൻ പൂർവരൂപം സിദ്ധിച്ച് നളനായി മാറുന്നു. അപ്പോഴാണു ദമയന്തിയുടെ രണ്ടാം വിവാഹത്തിന്റെ കാര്യം നളനു ഓർമ വരുന്നത്, പൊടുന്നനെ കോപിഷ്ടനായി ദമയന്തിയോട് പരുഷവാക്കുകൾ പറയുന്നു. ഇതൊക്കെ നളനെ ഇവിടേയ്ക്ക് വരുത്താനുള്ള മാർഗ്ഗം മാത്രമായിരുന്നുവെന്ന ദമയന്തിയുടെ വാക്കിനെ നളൻ അവിശ്വസിക്കുന്നു. തുടർന്ന്, ദമയന്തി തെറ്റുകാരിയല്ല എന്ന അശിരീരി കേട്ട് നളൻ ദമയന്തിയെ സന്തോഷത്തോടെ ആലിംഗനം ചെയ്തിട്ട്‌ പുത്രനെയും പുത്രിയെയും കാണാൻ പോകുന്നു.

രംഗം 8

നളനും ദമയന്തിയും ഭീമരാജാവിന്റെ സമീപത്തേയ്ക്കു ചെല്ലുന്നു. അദ്ദേഹം ഏറെ സന്തോഷത്തോടെ ഇരുവരെയും അനുഗ്രഹിക്കുന്നു. 

രംഗം 9

നളൻ ഭീമരാജാവിനെയും കൂട്ടി ഋതുപർണ്ണനെ കണ്ടു വിവരങ്ങളൊക്കെ ധരിപ്പിക്കുന്നു. പരസ്പരം ചെയ്തുപോയ അപരാധങ്ങൾ പൊറുക്കണമെന്ന്  ഇരുവരും പറയുന്നു. ഋതുപർണ്ണൻ തനിക്ക് ഉപദേശിച്ചു തന്ന അക്ഷഹൃദയത്തിനു പകരം നളൻ അദ്ദേഹത്തിനു അശ്വഹൃദയം പറഞ്ഞുകൊടുക്കുന്നു. ഇരുവരും ഉപചാരപൂർവം പിരിയുന്നു.

രംഗം 10

ഭൈമീ ഗൃഹത്തിൽ വസിക്കുന്ന നളൻ ദമയന്തിയോട്, താൻ പോയി പുഷ്കരനോട് പകരം ചോദിച്ച് രാജ്യവും സമ്പത്തും സ്വന്തം കൈക്കലാക്കുന്നതുവരെ കുറച്ചു ദിവസങ്ങൾ കൂടി ഇവിടെ തന്നെ താമസിക്കണമെന്ന് പറയുന്നു.

രംഗം 11

നളൻ നിഷധരാജധാനിയിലെത്തി, അഹങ്കാരിയായ പുഷ്കരനെ ചൂതുകളിക്കാൻ വിളിക്കുന്നു. വാക്തർക്കങ്ങൾക്കു ശേഷം ചൂതുകളി തുടങ്ങുന്നു. കളിയിൽ പുഷ്കരൻ തോൽക്കുന്നു. 

രംഗം 12

പുഷ്കരനെ കൊല്ലുവാൻ വാളോങ്ങി നിൽക്കുമ്പോൾ, ഹംസം പ്രത്യക്ഷപ്പെട്ടു തടയുന്നു. താൻ ബ്രഹ്മലോകത്തു നിന്നു വരികയാണെന്നും ബ്രഹ്മനിർദ്ദേശപ്രകാരം പുഷ്കരനെ വധിക്കരുതെന്നും പറയുന്നു. പുഷ്കരൻ മാപ്പ് പറഞ്ഞു പിരിയുന്നു. നളനും ഹംസവും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ നാരദമുനി അവിടെയ്ക്ക് എഴുന്നള്ളുന്നു. മംഗളം ഭവിക്കട്ടെ എന്ന് അനുഗ്രഹിച്ച്, സരസ്വതിദേവി കുറിച്ച ഈ മുഹൂർത്തത്തിൽ തന്നെ രാജാഭിഷേകം നടത്തണമെന്നും പറയുന്നു. ഭീമരാജാവും ദമയന്തിയും കുട്ടികളും പരിവാരങ്ങളുമായി എത്തുന്നു. നളനെ രാജാവായി വാഴിക്കുന്നു.

ധനാശി

ശ്രേഷ്ഠനാഗമായ കാർക്കോടകന്റെയും ദമയന്തിയുടെയും നളന്റെയും രാജർഷിയായ ഋതുപർണ്ണന്റെയും സങ്കീർത്തനം കലിനാശനമാകുന്നു. 

ഇതിലെ അവസാനത്തെ ശ്ലോകത്തില്‍ പറയുന്നപ്രകാരം ഭീമ മഹാരാജാവിന്റെ ഒരു പദം എങ്കിലും കാണേണ്ടതുണ്ട്. എന്നാല്‍ അത് ഒരു പാഠത്തിലും കണ്ടിട്ടില്ല എന്ന് പന്മന രാമചന്ദ്രന്‍ “കൈരളീവ്യാഖ്യാന“ത്തില്‍ പറയുന്നു.