അനുജ വീരാവതംസ

രാഗം:
എരിക്കലകാമോദരി
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ധർമ്മപുത്രർ
പല്ലവി:

അനുജ വീരാവതംസ കോപിയായ്ക ചെറ്റും
മനുജകുലമണിദീപമാരുതേ നീ

അനുപല്ലവി:

സാഹസം ചെയ്യരുതൊട്ടും ചിന്തിയാതെ ബാല
സാഹസമാപത്തിന്‍ അധിവാസമല്ലോ

സന്തതം വിവേകശാലിയായവന്നു മുറ്റും
ചിന്തിതകാര്യം സാധിക്കാമെന്നറിക

കിഞ്ചന പിഴയാതെ നമ്മോടു വൈരി ചെയ്ത
വഞ്ചന ഫലിച്ചീടുകയില്ല നൂനം

കുഞ്ചിതാളകമാരായ ഗോപികമാര്‍ കിളി-
കിഞ്ചിതേന രമിപ്പിച്ചു വിളങ്ങുന്ന

മഞ്ജുളകാന്തികോലുന്ന മാധവന്റെ കൃപ
തഞ്ചീടുന്നതാകില്‍ നമുക്കില്ല ഖേദം

ഉള്‍ത്തളിരില്‍ നിരൂപിച്ച കാര്യമെല്ലാം പുരു-
ഷോത്തമ കൃപകൊണ്ടു സാധിക്കാം മേലില്‍

അർത്ഥം:
അല്ലയോ മനുഷ്യകുലത്തിന്റെ ദീപമേ, വായുപുത്രാ കോപിയ്ക്കരുത്. ഒന്നും ആലോചിക്കാതെ സാഹസം ചെയ്യരുത്. എടുത്തുചാട്ടം ആപത്താണ്. വിവേകശാലിയായവർ ചിന്തിച്ചേ ചെയ്യൂ. നമ്മളോട് ചെയ്യുന്ന വഞ്ചനകൾ ഫലിയ്ക്കില്ല കാരണം സാക്ഷാൽ മാധവന്റെ കൃപ നമുക്ക് ഉണ്ട്. നീ വിചാരിയ്ക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ശ്രീകൃഷ്ണകൃപകൊണ്ട് ഭാവിയിൽ സാധിക്കാം. വീരാവതംസം=വീരശ്രേഷ്ഠൻ