മാമുനിതിലകമേ പോക

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

മഹാവിഷ്ണു

പദം
മാമുനിതിലകമേ പോക പോക നീ ഭൂമിപാലസവിധേ

താമസമെന്നിയെ മമ ദാസനാം
ഭൂമിതിലകനെക്കാണുക പോയി നീ

ഭക്തലോകപരാധീനനെന്നെന്നെ
ചിത്തതാരിൽ കരുതുക സമ്പ്രതി

നിത്യവുമെന്നെ വിശ്വസിച്ചീടുന്ന
ഭൃത്യന്മാരെ വെടിയുന്നതെങ്ങിനെ

സാധുശീലരോടുള്ള വിരോധങ്ങൾ
ആധിഹേതുവെന്നോർക്ക തപോനിധേ!

അർത്ഥം: 

മാമുനിതിലകമേ പോക:- മഹർഷിശ്രേഷ്ഠാ, അങ്ങ് പോകു, രാജാവിന്റെ സമീപത്തേയ്ക്ക് പോകൂ. ഒട്ടും താമസിയാതെ അങ്ങുപോയി എന്റെ ദാസനായ രാജശ്രേഷ്ഠനെ കാണുക. ഞാൻ ഭക്തന്മാർക്ക് അധീനനാണ് എന്ന് അവിടുത്തെ മനതളിരിൽ അറിയുക. നിത്യവും എന്നെ വിശ്വസിക്കുന്ന ഭൃത്യരെ ഉപേക്ഷിക്കുന്നതെങ്ങിനെ? തപോനിധേ, ഭക്തരോടുള്ള വിരോധങ്ങളാണ് ദുഃഖത്തിന് കാരണം എന്ന് അറിയുക.

അരങ്ങുസവിശേഷതകൾ: 

 മഹാവിഷ്ണു ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

 ശേഷം ആട്ടം-
ദുർവ്വാസാവ്:’അയ്യോ! അങ്ങ് എന്നെ ഉപേക്ഷിക്കരുതേ’
ദുർവ്വാസാവ് വീണ്ടും വിഷ്ണുവിനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി വിഷ്ണു അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ഓടിഓടി വളരെ അവശസ്ഥിതിയിലുള്ള ദുർവ്വാസാവ് ചൂട് അസഹ്യമാവുമ്പോൾ പ്രാണഭയം കൊണ്ട് ഒരുവിധം എഴുന്നേറ്റ് ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.