ഗോത്രജേ എന്റെ ഗാത്രമശേഷവും

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളൻ

ഗോത്രജേ എന്റെ ഗാത്രമശേഷവും

കൂർത്തുമൂർത്ത ശരങ്ങളാൽ

പാർത്തുകാൺക മുറിച്ചൊരു പാർത്ഥന്റെ

മൂർത്തി ഞാൻ തകർത്തീടുവൻ

അർത്ഥം: 

പർവ്വതപുത്രി(=പാർവ്വതി), എന്റെ ശരിരമശേഷവും കൂർത്തുമൂർത്ത ശരങ്ങളാൽ മുറിച്ചത് നോക്കികാണുക. പാർത്ഥന്റെ ശരീരം ഞാൻ തകർക്കുന്നുണ്ട്. 

ഗോത്രം എന്ന പദത്തിന് പർവതം എന്നും അർത്ഥമുണ്ട്.  “അദ്രിഗോത്രഗിരി…… ”  എന്നിങ്ങനെ പർവത പര്യായങ്ങൾ അമരകോശത്തിൽ. ഗോവിനെ (ഭൂമിയെ) ത്രാണനം ചെയ്യുന്നത്  (രക്ഷിയ്ക്കുന്നത് ) എന്ന അർത്ഥത്തിലാണിത്.

അരങ്ങുസവിശേഷതകൾ: 

കാട്ടാളന്റെ ദേഹത്തിലെ മുറിവുകൾ കണ്ട് കാട്ടളസ്ത്രി എല്ലായിടവും തടവി ശുശ്രൂഷിക്കുന്നു. അതോടെ കാട്ടാളൻ മുറിവെല്ലാം മാറി സുഖമായത്തായി നടിക്കുന്നു. അർജ്ജുനൻ കാട്ടാളനെ വീണ്ടും യുദ്ധത്തിനായി വിളിക്കുന്നു.

കാട്ടാളൻ:(പത്നിയോടായി)’ഇവന്റെ ഉള്ളിലാണ്ട അഹങ്കാരം കണ്ടില്ലെ? കുറച്ചുകൂടി യുദ്ധംചെയ്ത് ഞാൻ ഇവന്റെ അഹങ്കാരത്തെ നശിപ്പിക്കട്ടെ. ഭവതി ഇവിടെ നിൽക്കു.’

വീണ്ടും കാട്ടാളനും അർജ്ജുനനും അസ്ത്രങ്ങളയച്ച് യുദ്ധത്തിലേർപ്പെടുന്നു. യുദ്ധം മുറുകവെ കാട്ടാളസ്ത്രി വിണ്ടും ഇടയിൽ വന്ന് തടഞ്ഞ്, കാട്ടാളനെ അകറ്റി വലതുഭാഗത്തേയ്ക്ക് മാറ്റിയിട്ട് അർജ്ജുനനോടായി അടുത്ത പദം അഭിനയിക്കുന്നു.