ഹന്ത കേൾ ദമയന്തീ

രാഗം: 

ഭൈരവി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

ഹന്ത കേൾ ദമയന്തീ, നിന്നുള്ളി-
ലന്ധഭാവമനന്തമേ;
വന്ദനീയന്മാരെ വെടിയുന്നതിൻ മൂലം
മന്ദിരത്തിലേവം വന്നിരന്നതോ?
വൃന്ദാരകവരരെ നിന്ദചെയ്തൊരു നിന-
ക്കിന്നാരൊരുവൻ ബന്ധു എന്നാലതറിയേണം.

ഇന്ദ്രയമശിഖിപാശികൾ ഇന്നു
ചൊന്ന വാക്കിനില്ലാദരം
എന്നുവന്നതിൻകാരണം,
വന്നോരെന്നിലുള്ള നിന്ദ നിർണ്ണയം;
ഇന്ദ്രാദിയോടു ചൊൽവ,{‘}നന്യം നിയോഗിക്കെ{‘}ന്നാൽ
സന്ദേഹമില്ല, അവർകൾ നിന്നെയും കൊണ്ടുപോമേ.

അർത്ഥം: 

സാരം: കഷ്ടം. ദമയന്തീ, നിന്റെ മനസ്സിലുള്ള അറിവില്ലായ്മ അതിരില്ലാത്തതാണ്‌. വന്ദനീയന്മാരെ ഉപേക്ഷിക്കുന്നത്‌ നിന്റെ മന്ദിരത്തിൽ വന്ന്‌ ഇങ്ങനെ ഇരന്നതുകൊണ്ടാണോ? ദേവന്മാരെ നിന്ദിക്കുന്ന നിനക്ക്‌ ആരാണു ബന്ധു എന്നത്‌ ഒന്നറിയണം. ഇന്ദ്രാദികൾ ചൊന്നവാക്കിനോട്‌ ആദരമില്ലാത്തത്‌ ദൂതനായിവന്ന എന്നിലുള്ള നിന്ദ തന്നെ എന്നുറപ്പ്‌. മറ്റൊരാളെ നിയോഗിക്കാൻ ഇന്ദ്രാദികളോടു പറയാം. എന്നാൽ സന്ദേഹമില്ല, അവർ നിന്നെ കൊണ്ടുപോകുകതന്നെ ചെയ്യും.