സന്ധിപ്പിച്ചേൻ തവ ഖലു മനം

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഹംസം

‘സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോ-

ടിന്ദ്രൻതാനേ വരികിലിളകാ; കാ കഥാന്യേഷു രാജൻ?

ചിന്തിക്കുമ്പോൾ വരുവനിഹ നിന്നന്തികേ നിർണ്ണയം ഞാ‘-

നെന്നും ചൊല്ലി ഖഗപതിപറന്നംബരേ പോയ്മറഞ്ഞാൻ

അർത്ഥം: 

ഞാൻ നിന്റെ മനസ്സിനേയും ദമയന്തിയുടെ മനസ്സിനേയും ദൃഢമായി സന്ധിപ്പിച്ചു കഴിഞ്ഞു. ഇനി ദേവേന്ദ്രൻ വന്നാലും നിങ്ങളുടെ മനസ്സ് ഇളകില്ല. അതിനാൽ രാജാവേ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? നീ വിചാരിക്കുമ്പോൾ ഞാൻ നിന്റെ സമീപത്ത് വരാം. എന്നും പറഞ്ഞ് പക്ഷിശ്രേഷ്ഠനായ ഹംസം പറന്ന് ആകാശത്തിൽ മറഞ്ഞു.