നരവരശിഖാമണേ നിശമയ ഗിരം

രാഗം: എരിക്കലകാമോദരി

താളം: അടന്ത

ആട്ടക്കഥ: അംബരീഷചരിതം

കഥാപാത്രങ്ങൾ: പത്നി(മാർ)

പദം
നരവരശിഖാമണേ! നിശമയ ഗിരം മേ
വിരവിനൊടറികനീ വിപിനമതി വിജനം.

മല്ലികാക്ഷാവലിവല്ലഭകളോടുമിതാ
കൽഹാരകാനനേ കാൺക, വിലസുന്നൂ.

കമലാകരം ചാരു കാനനമഹി തന്റെ
വിമലമുകുരം പോലെ വിലസുന്നു പാരം.

ചൂതങ്ങളിൽ മധുപോതങ്ങൾ വാഴുന്നു
ചൂതശരനാമലിപിജാതമതുപോലെ

കളകണ്ഠഗീതമിതു കാമനുടെ ചാപഗുണ-
കളശിഞ്ജിതം പോലെ കാനനേ കേൾക്കുന്നു.

മഞ്ജുതരകുഞ്ജമിതു മദനകേളിചെയ്‌വതി-
ന്നഞ്ജസാപോക നാം അംബുജവിലോചന! അർത്ഥം: 

നരവരശിഖാമണേ നിശമയ ഗിരം:- രാജശ്രേഷ്ഠരുടെ ശിരോരത്നമേ, എന്റെ വാക്കുകേട്ടാലും. ഉദ്യാനം വളരെ വിജനമാണന്ന് അവിടുന്ന് നന്നായി അറിഞ്ഞാലും. സൗഗന്ധികങ്ങൾ ഉള്ളതായ ഈ ഉദ്യാനത്തിൽ ഇതാ രാജഹംസങ്ങൾ പത്നിമാരുമായി രമിക്കുന്നത് കണ്ടാലും. സുന്ദരമായ താമരപ്പൊയ്ക ഉദ്യാനഭൂമിയിലെ അഭ്രക്കണ്ണാടിപോലെ ഏറ്റവും വിലസുന്നു. കാമന്റെ പേരിലെ ലിപികളുടെ മാലപോലെ മാമ്പൂക്കളിൽ വണ്ടിൻകുഞ്ഞുങ്ങൾ വസിക്കുന്നു. കാമന്റെ വില്ലിലെ ഞാണിന്റെ മധുരനാദം പോലെ ഉദ്യാനത്തിൽ നിന്നും കുയിൽനാദം കേൾക്കുന്നു. താമരക്കണ്ണാ, ഏറ്റവും മനോഹരമായ വള്ളിക്കുടിൽ ഇതാ. കാമകേളിചെയ്യുന്നതിനായി നമുക്ക് പെട്ടന്ന് പോകാം. അരങ്ങുസവിശേഷതകൾ: 

ആട്ടം-
പത്നിമാരെ ഇരുവരേയും ആലിംഗനം ചെയ്ത് സ്വൽപ്പസമയംസുഖമായി ഇരുന്നതിനുശേഷം അംബരീഷൻ അവരെ അന്തപ്പുരത്തിലേയ്ക്ക് അയയ്ക്കുന്നു. പത്നിമാർ രാജാവിനെ വണങ്ങി നിഷ്ക്രമിക്കുന്നു.
അംബരീഷൻ:(പത്നിമാരെ അനുഗ്രഹിച്ച് അയച്ചശേഷം ആത്മഗതമായി)’ഈ ലൗകീകസുഖങ്ങൾ എല്ലാം എത്ര നിസാരങ്ങളാണ്. ലോകനാഥനായ വിഷ്ണുഭഗവാന്റെ പാദഭക്തി തന്നെയാണ് മനുഷ്യർക്ക് ഏറ്റവും ഉത്തമമായുള്ളത്. കുലഗുരുവായുള്ള വസിഷ്ഠമഹർഷിയെ കണ്ടിട്ട് വളരെ നാളുകളായി. നാളെത്തന്നെ ആശ്രമത്തിൽ ചെന്ന് അദ്ദേഹത്തെ ദർശ്ശിച്ച് അനുഗ്രഹം വാങ്ങുകതന്നെ.’
അംബരീഷൻ സാവധനം പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.