വരിക ബാഹുക

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഋതുപർണ്ണൻ

പല്ലവി:
വരിക ബാഹുക! എന്നരികിൽ വരിക ബാഹുക!

അനുപല്ലവി:
നിരുപമാന, സാരഥ്യ സാരസ്യപാകേഷു
നീ കേൾക്ക ലോകൈകമാന്യ!

ചരണം 1:
അധരിതസകലനരലോകം ആത്മനൈപുണം
സഫലമാക്കിക്കൊൾവാനിന്നു തരമൊരവസരം;
അതിനു നീതാനോർക്കിലാളെന്നുനിർണ്ണയം
മനസി മാമകേ, തദിഹ മാസ്തു വൈപരീത്യം,
എന്തെന്നും കഥയാമി, മന്ദത കളയേണം.

2
അകൃതകപ്രണയമനുരാഗമാർദ്രഭാവവും
സുകൃതസാധ്യമെന്നിൽ മുന്നേ ഭൈമിക്കതു ദൃഢം;
അവനിസുരന്റെ വാക്കിനുമോർക്കണം ഇതിഹ കാരണം;
അതിനു ശാസ്ത്രം കാമശാസ്ത്രം
സൂത്രം താനറിയാതോ, സുന്ദരീ വിദുഷീ സാ?

3
നളനതിസുകൃതീ, അതുമൂലമന്നസാധ്യമായി
ലളിതഗാത്രീമേളനം; ഇന്നു ലഭിക്കുമെന്നു മേ.
തെളിവിനൊടേ തേർ നീ തെളിക്കേണം ഗളിതസംശയം,
നളിനബന്ധുതാനുദിക്കിൽ നാളപ്പോൾ
നളിനാക്ഷീ നമ്മൊടുഘടനീയാ നന്മണിരമണീയാ.

അർത്ഥം: 

സാരം: വരിക ബാഹുക.  എന്റെ അടുക്കൽ വരിക.  സാരഥ്യം, സാരസ്യം, പാകം എന്നിവയിൽ ഉപമാനമായി ആരും ഇല്ലാത്തവനേ.. ലോകത്തിൽവെച്ച്‌ ഒരേയൊരു മാന്യനായുള്ളവനേ കേൾക്കുക.

ഭൂമിമുഴുവൻ കീഴ്പ്പെടുത്തുന്ന സാരഥ്യകലയിലെ സാമർത്ഥ്യം സഫലമാക്കാൻ ഇതാ ഒരു അവസരം അതിന്‌ (ഒറ്റ ദിവസംകൊണ്ട്‌ തേരോടിച്ച്‌ കുണ്ഡിനത്തിലെത്താൻ) നീയാണ്‌ യോഗ്യൻ എന്ന്‌ എന്റെ മനസ്സിൽ ഉറപ്പുണ്ട്‌.  അതുകൊണ്ട്‌ ഈ വിഷയത്തിൽ വിമുഖത അരുത്‌.  കാര്യം ഞാൻ പറയാം.  അലസത കളയുക.

കൃത്രിമമല്ലാത്ത പ്രണയം, അനുരാഗം, ആർദ്രഭാവം എന്നിവ പുണ്യംകൊണ്ടു മാത്രം സാധിക്കുന്നതാണ്‌.  ഇതൊക്കെ ഭൈമിക്ക്‌ എന്നോട്‌ മുന്നേതന്നെയുണ്ട്‌.  ബ്രാഹ്മണന്റെ വാക്കിന്‌ കാരണം അതാണ്‌.  അതിന്റെ അടിസ്ഥാനം കാമശാസ്ത്രമാണ്‌.  കാമശാസ്ത്രത്തിലെ സൂത്രങ്ങൾ പഠിച്ചവളല്ലേ അവൾ? ആ സുന്ദരി ബുദ്ധിമതികൂടിയാണ്‌.

അന്ന്‌ നളനായിരുന്നു പുണ്യവാൻ.  അതുകൊണ്ട്‌ സാധിച്ചില്ല.  ഇന്ന്‌ അവളോടു ചേരാൻ എനിക്കു സാധിക്കും.  നീ സന്തോഷത്തോടെ തേര്‌ തെളിക്കണം.  സംശയിക്കണ്ട.  നാളെ സൂര്യനുദിക്കുകയാണെങ്കിൽ ആ സുന്ദരി എന്നോട്‌ ചേരും.

അരങ്ങുസവിശേഷതകൾ: 

തേർ ഒരുക്കാനെന്നു പറഞ്ഞ്‌ ബാഹുകൻ തിരിഞ്ഞ്‌ വീണ്ടും രംഗത്തിലിരിക്കുന്നു. ഋതുപർണ്ണനും വാർഷ്ണേയനും മാറിപ്പോരുന്നു.