പാഹി ശംഭോ മയി

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

ശ്ലോകം
ദധതം കളായകുസുമോപമം ഗളം
നിജവാമഭാഗധൃത സർവ്വമംഗളം
ശരണം ജഗാമ ജഗതാം ശിവശങ്കരം
ശശിഖണ്ഡമൗലിമൃഷിരേഷ ശങ്കരം.

പദം
പാഹി ശംഭോ മയി ദേഹി ശംഭോ
ദേഹികൾക്കു നീയല്ലോ ദൈവമാകുന്നു.

ദുർവ്വാരസുദർശനദൂയമാനമാനസം
ദുർവാസസം പാഹി പാർവതീനാഥ!
 

അർത്ഥം: 

ദധതം കളായകുസുമോപമംഗളം:- കാശാവിൻപൂപോലെ നീലനിറത്തിലുള്ള കഴുത്തോടുകൂടിയവനും തന്റെ ഇടത്തുഭാഗത്ത് സർവ്വമംഗളയായ ശ്രീപാർവ്വതീദേവിയെ ധരിച്ചവനും ലോകത്തിന് മംഗളമേകുന്നവനും ചന്ദ്രക്കലാധരനുമായ ശങ്കരനെ മഹർഷി ശരണം പ്രാപിച്ചു.

പാഹി ശംഭോ മയി:- ശംഭോ, ശംഭോ, എനിക്ക് രക്ഷനൽകിയാലും. ജീവികൾക്ക് ഇവിടുന്നാണല്ലോ ദൈവമായുള്ളത്. പാർവ്വതീവല്ലഭാ, തടുക്കാനാവാത്ത സുദർശനത്താൽ ക്ലേശിക്കുന്ന മനസ്സോടുകൂടിയ ഈ ദുർവ്വാസാവിനെ രക്ഷിക്കേണമേ.

അരങ്ങുസവിശേഷതകൾ: 

സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടികൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’മേളത്തിനൊപ്പം രംഗത്തേയ്ക്ക് ഓടിക്കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന ശിവനെ വീണുനമസ്ക്കരിച്ചിട്ട് ഇരുന്നുകൊണ്ട് പദം അഭിനയിക്കുന്നു.