താപസേന്ദ്ര ജയ കൃപാനിധേ

രാഗം: 

മുഖാരി

താളം: 

പഞ്ചാരി 12 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജൂഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടോ മുനേ വാര്‍ത്തമജാതശത്രുഃ
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം

പല്ലവി
താപസേന്ദ്ര ജയ കൃപാനിധേ
 

ചരണം 1

താവകമേകിയ ദര്‍ശനം ഞങ്ങള്‍ക്കു
താപഹരമായി വന്നു മഹാമുനേ
ദാവാനലങ്കല്‍ പതിച്ച മൃഗങ്ങള്‍ക്കു
ദൈവനിയോഗത്താല്‍ വര്‍ഷമെന്നുപോലെ

ചരണം 2
ഏതൊരു ദിക്കില്‍നിന്നിവിടെക്കെഴുന്നള്ളി
ഹേതുവെന്തിങ്ങെഴുന്നള്ളുവാനുമിപ്പോള്‍
ശ്വേതവാഹനന്‍തന്റെ ചരിതം പരമാര്‍ത്ഥ-
മേതാനുമുണ്ടോ ധരിച്ചു മഹാമുനേ

അർത്ഥം: 

ദൃഷ്ട്വാ തമാലോക:
കൂരിരുട്ടിൽവെളിച്ചം കണക്കെ രോമശമഹർഷിയെകണ്ട്‌ സഹോദർന്മാരോടുകൂടി ധർമ്മപുത്രർഅദ്ദേഹത്തെ നമസ്കരിച്ചു. അദ്ദേഹം ധർമ്മപുത്രനോട്‌കുശലപ്രശ്നം ചെയ്തു. അപ്പോൾധർമ്മപുത്രൻസന്തോഷത്തോടെ കാര്യമാത്രപ്രസക്തമായി പറഞ്ഞു.

താപസേന്ദ്ര:
താപസേന്ദ്രാ, കൃപാനിധേ, ജയിച്ചാലും. മഹാമുനേ, അങ്ങയുടെ ദര്‍ശ്ശനം ഞങ്ങള്‍ക്ക് ദുഃഖഹരമായിവന്നു. കാട്ടുതീയില്‍ പതിച്ച മൃഗങ്ങള്‍ക്ക് ദൈവനിയോഗത്താല്‍ ലഭിച്ച മഴ എന്നപോലെ. ഏതൊരു ദിക്കില്‍നിന്നുമാണ് ഇവിടെയ്ക്കെഴുന്നള്ളിയത്? ഇപ്പോള്‍ ഇങ്ങോട്ട് എഴുന്നള്ളുവാന്‍ കാരണമെന്ത്? മഹാമുനേ, അര്‍ജ്ജുനന്റെ യഥാര്‍ത്ഥ വിവരം വല്ലതും അറിവുണ്ടോ?  

അരങ്ങുസവിശേഷതകൾ: 

വലതുവശം പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന രോമശമഹര്‍ഷിയെ കണ്ട്, എഴുന്നേറ്റ് ഭക്തിപൂര്‍വ്വം വലതുവശത്തേയ്ക്ക് ആനയിച്ചിരുത്തിയിട്ട് കെട്ടിച്ചാടി കുമ്പിടുന്നു. പീഠത്തിലിരുന്നശേഷം രോമശന്‍ ധര്‍മ്മപുത്രനെ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.