ചിത്തതാപം അരുതേ ചിരം‌ജീവ മത്തവാരണഗതേ

രാഗം: 

കാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ചിത്തതാപം അരുതേ ചിരം‌ജീവ മത്തവാരണഗതേ

അത്ര നിന്നു ഗമിച്ചു യദുകുല സത്തമനോടു ചൊല്ലാം ഇതെല്ലാം

ഭക്തജനങ്ങളിൽ ഇത്ര കൃപാകുല ചിത്തനായ് ഭുവനേ ഉൾ‌തളിരിങ്കൽ

നിനയ്ക്ക പരൻ നഹി മിത്രമതായ് കദനേ അത്തലൊഴിഞ്ഞിനി 

വാഴുക മോദമോടു അത്ര മഞ്ജുവചനേ വൃഥാബത

ചേദി മഹീപതി ആദികളായുള്ള 

മേദിനീപാലന്മാരെ മേദുര ബാണങ്ങളെ കൊണ്ടു

സംസദി ഭേദിച്ചുടൻ സമരേ

മോദമോടു നിന്നെ കൊണ്ടുപോം മുകുന്ദൻ

ദ്വാരവതീ നഗരേ വൃഥാബത

കൊണ്ടൽ നേർ വർണ്ണനെ

കണ്ടു നിന്നുടയ ഇണ്ടലാശു പറവൻ

കൊണ്ടൽവേണി തവ 

കാന്ത സന്ദേശവും കൊണ്ടു വന്നു തരുവൻ

രണ്ടു പക്ഷമതിനില്ല ഭൂസുരനു

കണ്ടുകൊൾക വരുവനൻ വൃഥാബത

അർത്ഥം: 

മദിച്ച ആനയെപോലെ നടക്കുന്നവളേ, മനസ്താപം വേണ്ടാ. നീണാൾ വാഴുക. ഇവിടെ നിന്നു പോയി യാദവ ശ്രേഷ്ഠനോട് ഇതെല്ലാം പറയാം. ഭക്തന്മാരിൽ ഇത്ര കരുണാപരവശനും ദു:ഖത്തിൽ ബന്ധുവുമായിട്ട് ലോകത്തിൽ മറ്റൊരാൾ ഇല്ലെന്നറിഞ്ഞാലും. മധുരവാണീ ഇനി ദു:ഖിക്കരുത്. ശിശുപാലൻ തുടങ്ങിയ രാജാക്കന്മാരെ സഭയിൽ വെച്ച് യുദ്ധത്തിൽ അസ്ത്രം ചൊരിഞ്ഞ് (ശരീരം) പിളർന്ന് സന്തോഷത്തോടെ മുകുന്ദൻ നിന്നെ ദ്വാരകയിലേക്ക് കൂട്ടി കൊണ്ടുപോകും. കാർവർണ്ണനെ കണ്ട് ഉടനെ നിന്റെ സങ്കടം അറിയിക്കാം. കാർവേണിയാളേ, പ്രിയതമന്റെ സന്ദേശവും (മറുപടി) നിനക്ക് കൊണ്ടു വന്നു തരാം. അക്കാര്യത്തിൽ ഈ ബ്രാഹ്മണനു രണ്ടു പക്ഷമില്ല. ഞാൻ വരുന്നത് കണ്ടാലും. 

അരങ്ങുസവിശേഷതകൾ: 

രുഗ്മിണിയെ സമാശ്വസിപ്പിച്ച് ബ്രാഹ്മണൻ സന്തോഷപൂർവ്വം യാത്രയാവുന്നു.