അത്രിമാമുനിനന്ദനാ

രാഗം: 

കല്യാണി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

അംബരീഷൻ

പദം
അത്രിമാമുനിനന്ദനാ അത്ര നിന്നെക്കാൺക മൂലം
എത്രയും പവിത്രനായ് ഞാൻ ഇത്രിലോകിതന്നിൽ

മംഗലാംഗന്മാരാം മുനിപുംഗവന്മാരുടെ സംഗം
ഗാംഗവാരിധിപോലെ പാപഭംഗകരമല്ലോ

എന്തു കരണീയമെന്നാൽ നിന്തുരുവടിയരുൾക
അന്തരംഗേ അതു ചെയ്‌വാൻ ഹന്ത കൗതുകം മേ

ദ്വാദശിയാംദിനമതിൽ സാദരം നീ വരികയാൽ
മോദം വളരുന്നു മമ ചേതസി മുനീന്ദ്രാ

പാരണചെയ്‌വതിനായ് നിൻ പാദയുഗം കൈതൊഴുന്നേൻ
കാരുണ്യനിധേ നീ കാമകല്പതരുവല്ലോ

കാളിന്ദീതടിനിതന്നിൽ കാല്യകർമ്മങ്ങൾ ചെയ്തുടൻ
കാലം വൈകീടാതെ മമ ചാലവേ വന്നാലും.

അർത്ഥം: 

അത്രിമാമുനിനന്ദനാ:- അത്രിമഹാമുനിയുടെ പുത്രാ, ഇവിടെ അങ്ങയെ കാണുകകാരണം ഞാൻ ഈ ത്രിലോകത്തിൽവെച്ച് ഏറ്റവും പവിത്രനായിതീർന്നു. മംഗളസ്വരൂപന്മാരായുള്ള മഹർഷിശ്രേഷ്ഠന്മാരുടെ സംഗം ഗംഗാജലം പോലെ പാപനാശകരമാണല്ലോ. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിന്തുരുവടി അരുൾചെയ്താലും. ഹോ! അതുചെയ്യുവാൻ എന്റെ മനസ്സിൽ അതിയായ ആഗ്രഹമുണ്ട്. മുനീന്ദ്രാ, അവിടുന്ന് ദ്വാദശിയായ ഈ ദിനത്തിൽ കനിവോടെ വന്നതിനാൽ എന്റെ മനസ്സിൽ സന്തോഷം വളരുന്നു. പാരണചെയ്യുന്നതിനായി അവിടുത്തെ പാദങ്ങൾ കൈതൊഴുതീടുന്നു. കാരുണ്യസമുദ്രമേ, അവിടുന്ന് ആഗ്രഹം സാധിപ്പിക്കുന്ന കല്പവൃക്ഷമാണല്ലോ. ഉടനെ കാളിന്ദീനദിയിൽ കാലോചിതമായ കർമ്മങ്ങൾ കഴിച്ച് വൈകാതെ എന്റെ സമീപത്തേയ്ക്ക് വന്നാലും

അരങ്ങുസവിശേഷതകൾ: 

“ദ്വാദശിയാംദിനമതിൽ..” എന്നിടത് താളം ചെമ്പട 16 ആണ്.