പാര്‍ത്ഥിവവീരരേ! പാര്‍ത്ഥന്മാര്‍ ചൂതില്‍

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ഇത്യുക്ത്വാ ദ്രുപദാത്മജാം പ്രരുദതീമാശാസ്യ വിശ്വംഭര:

സാത്യക്യുദ്ധവ മുഖ്യയാദവവരൈസ്സാര്‍ദ്ധം തഥാ താപസൈഃ

ഗത്വാ പ്രേക്ഷ്യ സുയോധനഞ്ച സകലം ശ്വഃപ്രാതരിത്യാലപന്‍

ഭോക്തും ക്ഷത്തൃപുരം യയാവഥ നൃപാന്‍ ദുര്യോധനഃപര്യശാത്

പാര്‍ത്ഥിവവീരരേ! പാര്‍ത്ഥന്മാര്‍ ചൂതില്‍

വ്യര്‍ത്ഥബലരായി പോയഹോ

തീര്‍ത്ഥമാടി വന്നു രാജ്യാര്‍ദ്ധമതും

പ്രാര്‍ത്ഥിച്ചുപായങ്ങള്‍ നോക്കുന്നു

പാഞ്ചാലഭൂപപുരോഹിതന്‍ തന്നെ

അഞ്ചാതയച്ചതിലിങ്ങേതും

ചാഞ്ചല്യമില്ലെന്നറിഞ്ഞവരുള്ളില്‍

കിഞ്ചില്‍ വിചാരം കലര്‍ന്നുപോല്‍‍

താളം-മുറിയടന്ത

പാപമായാവിയാം കൃഷ്ണനുമിപ്പോള്‍

പാണ്ഡവദൂതനായ്‌ വന്നീടും

ഗോപകുമാരന്‍ വരുന്നേരം ഒരു

ഭൂ‍പനുമുത്ഥാനം ചെയ്കൊല്ലാ

യാദവനെ ബഹുമാനിപ്പോരിഹ

ആദരേണ മമ നല്‍കണം

ദ്വാദശഭാരം സുവര്‍ണ്ണത്തെയതു

മേദിനിപാലര്‍ ധരിക്കണം‍.

അർത്ഥം: 

ശ്ലോകം:-കരയുന്ന ദ്രുപദപുത്രിയെ ഇങ്ങിനെ പറഞ്ഞ് ആശ്വസിപ്പിച്ചിട്ട് സാത്യകി, ഉദ്ധവന്‍ തുടങ്ങിയ യാദവശ്രേഷ്ഠരോടും താപസരോടും കൂടി ശ്രീകൃഷ്ണന്‍ ചെന്ന് സുയോധനനെ കണ്ടിട്ട് എല്ലാം നാളെ എന്നുപറഞ്ഞ് ഭക്ഷണത്തിനായി വിദുരഗൃഹത്തിലേയ്ക്ക് പോയി. അപ്പോള്‍ ദുര്യോധനന്‍ രാജാക്കന്മാരോട് കല്പിച്ചു.

പദം:-ക്ഷത്രിയവീരരേ, ഹോ! ചൂതില്‍ ശക്തി പ്രയോജനമില്ലാത്തവരായി പോയി തീര്‍ത്ഥമാടി നടന്ന പാര്‍ത്ഥന്മാര്‍ ഇപ്പോള്‍ തിരികെവന്ന് അർദ്ധരാജ്യം കൊതിച്ച് അതിനുള്ള ഉപായങ്ങള്‍ നോക്കുന്നു‍‍. പാഞ്ചാലഭൂപന്റെ പുരോഹിതനെ അയച്ചതുവഴി നമുക്ക് അതില്‍ ഒട്ടും മാറ്റമില്ല എന്ന് അറിഞ്ഞ അവര്‍ അത് യാചിക്കുവാന്‍ ഉള്ളില്‍ വിചാരിക്കുന്നുപോല്‍. പാപിയും മായാവിയുമായ കൃഷ്ണന്‍ ഇപ്പോള്‍ പാണ്ഡവദൂതനായി വന്നീടും. ഗോപകുമാരന്‍ വരുംനേരം ഒരു ഭൂപനും എഴുന്നേല്‍ക്കരുത്. യാദവനെ ബഹുമാനിക്കുന്നവര്‍ പന്ത്രണ്ട് ഭാരം സ്വര്‍ണ്ണം സാദരം എനിയ്ക്ക് നല്‍കേണ്ടിവരും എന്ന് രാജാക്കന്മാര്‍ ധരിച്ചുകൊള്‍ക.

അരങ്ങുസവിശേഷതകൾ: 

രണ്ടാം ദുര്യോധനന്റെ വീരരസപ്രധാനമായ തിരനോട്ടം.

വീണ്ടും തിരനീക്കുമ്പോള്‍ വലതുഭാഗത്തായി ധൃതരാഷ്ട്രരും ഇടതുഭാഗത്തായി ഭീഷ്മാദി സഭാവാസികളും പീഠങ്ങളില്‍ ഇരിക്കുന്നു. രംഗമദ്ധ്യത്തില്‍ പിന്നില്‍നിന്നും എടുത്തുകലാശത്തോടെ ദുര്യോധനന്‍ പ്രവേശിക്കുന്നു. മുന്നോട്ടുവരുന്ന ദുര്യോധനന്‍ സഭാവാസികളെ എല്ലാം വീക്ഷിക്കുന്നു.

ദുര്യോധനന്‍:‘അല്ലയോ സഭാവാസികളേ, എന്റെ വാക്കുകള്‍ സാദരം ശ്രവിച്ചാലും’

ദുര്യോധനന്‍ നാലാമിരട്ടി ചവുട്ടിയിട്ട് പദം അഭിനയിക്കുന്നു.

പദശേഷം ആട്ടം:-

ദുര്യോധനന്‍:‘ഇനി ആ ഗോപകുമാരന്‍ വരുന്നത് കാത്തിരിക്കുക തന്നെ’

ദുര്യോധനന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ വലതുഭാഗത്ത് ധൃതരാഷ്ട്രര്‍ക്കു പിന്നിലായി ഇരിക്കുന്നു.