കല്യനെങ്കിൽ നില്ലെടാ

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വിരാടൻ (വിരാട രാജാവ്)

സുയോധനനിയോഗതോ നിശി സ യോധനാഥോ യദാ
വിരാടനൃപഗോധനം കില മഹാധനം നീതവാൻ
തദാ കലിതസാധനോ ഭടജനൈസ്സഹായോധനേ
രുരോധ സ മഹീപതിഃ പഥിവിരോധിനം സായകൈഃ
പല്ലവി
കല്യനെങ്കിൽ നില്ലെടാ ഗോകുലചോര
കല്യനെങ്കിൽ നില്ലെടാ.
അനുപല്ലവി
തെല്ലുമിഹ മമ മനസി ശൃണു ഭയമില്ല
തവ ചതികൾകൊണ്ടയി ജള!
ചരണം
മണ്ഡലാഗ്രംകൊണ്ടു ഞാൻ നിന്റെ
ഗളഖണ്ഡനം ചെയ്തധുനാ
ദണ്ഡപാണിപുരം തന്നിലാക്കീടുവൻ
ചണ്ഡരിപുമദഖണ്ഡനേ ഭുജദണ്ഡമിതു
ശൗണഡതരമറിക നീ.

അർത്ഥം: 

ശ്ലോകം:- സുയോധനനിയോഗത്താല്‍ രാത്രിയില്‍ ആ സേനാനായകന്‍ എപ്പോള്‍ വിരാടരാജന്റെ മഹാസമ്പത്തായ ഗോധനം കവര്‍ന്നുവോ അപ്പോള്‍ യുദ്ധോപകരങ്ങളോടും ഭടന്മാരോടും കൂടി വിരാടരാജാവ് വന്ന് വഴിയ്ക്കുവെച്ച് വിരോധിയെ അസ്ത്രങ്ങളാല്‍ തടുത്തു.
പദം:- സമര്‍ത്ഥനെങ്കില്‍ നില്ലെടാ. ഗോകുലചോരാ, സമര്‍ത്ഥനെങ്കില്‍ നില്ലെടാ. വിഢീ, കേള്‍ക്കുക. നിന്റെ ചതികള്‍ കൊണ്ട് എന്റെ മനസ്സില്‍ തെല്ലും ഭയമില്ല. ഞാന്‍ വാള്‍ത്തലകൊണ്ട് നിന്റെ ഗളം ഖണ്ഡിച്ച് ഇപ്പോള്‍ നിന്നെ യമപുരിയിലാക്കുന്നുണ്ട്. കോപിഷ്ടരായ രിപുക്കളുടെ മദമടക്കുന്നതില്‍ ഈ കരുത്താര്‍ന്ന കൈകള്‍ ഏറ്റവും ശൌര്യമുള്ളതാണന്ന് നീ അറിയുക.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം അവസാനിക്കുന്നതോടെ വിരാടന്‍ അമ്പും വില്ലും ധരിച്ചുകൊണ്ട് എടുത്തുകലാശം ചവുട്ടി ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്നു.

വിരാടന്‍:(‘അഡ്ഡിഡ്ഡിക്കിട’ വെച്ച് നിന്ന് ത്രിഗര്‍ത്തനെ കണ്ട്, ആപാദചൂടം വീക്ഷിച്ച് പുച്ഛിച്ചിട്ട്) ‘എടാ, എന്റെ ഗോക്കളെ കട്ടുകൊണ്ടുപോകാന്‍ നിനക്കെങ്ങനെ ധൈര്യംവന്നു?’

ത്രിഗര്‍ത്തന്‍:‘ധൈര്യമുണ്ടെങ്കില്‍ നീ എന്നെ യുദ്ധത്തില്‍ ജയിക്ക്’

വിരാടന്‍:(ക്ഷോഭത്തോടെ) ‘നോക്കിക്കോ, നിന്റെ ഈ ഗര്‍വ്വ് ഈ ക്ഷണം ഞാന്‍ നശിപ്പിക്കുന്നുണ്ട്. കണ്ടുകൊള്‍ക’

വിരാടന്‍ നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം