ഈരേഴുപാരിനൊരു വേരായി 

ആട്ടക്കഥ: 

അംബരീഷചരിതം

ദണ്ഡകം
ഈരേഴുപാരിനൊരു വേരായി മേവിന
മുരാരാതി സേവകനുദാരൻ
അതുലഭുജസാരൻ, അധിസമിതി ധീരൻ
തദനു മധുവനമവനിപതി -(പതി)രഗമദലമതി-
രതിസുഭഗതനു വിജിതമാരൻ.

നാനാതരുപ്രസവലീനാളിനീനിവഹ
ഗാനാതിമോഹനതമാലേ
നിരവധികസാ‍ലേ, നിബിഡകൃതമാലേ
കുഹചിദഥ കുതുകമൊടു – ഗുണനിലയനനവധിക-
കുസുമകുലസുരഭിണി കുടീരേ.

ചെമ്മേ വസിച്ചു വിലസന്മേഘശോഭ
തടവുമ്മേനിയാകിയ പുമാനെ
നിജമനസി ചേർത്തു, നിഖിലമതിലോർത്തു
നിരവധിക സുഖജലധി-നടുവിലുടനവനുടയ-
ഹൃദയമപി വിരവൊടു കളിച്ചു.

ആനന്ദബാഷ്പമതിമാനം ദധാന-
മുപമാനം തദാനനമതാനീൽ
വിമലമതിതന്റെ, വിഗളദമൃതന്റെ
പുളകഭരഘനകവച-മിളിതതനുരവനിപതി-
തിലകനവനമിതസുഖമാസീൽ.